തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ രാഹുൽ ഗാന്ധി തുറന്നു കാട്ടിയതിലുള്ള രോഷമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ നിഴലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിന്റെ ദേശീയ നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിനെതിരെ തരം താണഭാഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചത്. വൻകോളിളക്കം സൃഷ്ടിച്ച ലാവ്‌ലിൻ അഴിമതിക്കേസിൽ കേസിൽ പ്രതിയായിരുന്ന പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയിലിരുത്തിക്കൊണ്ടാണ് രാഹുൽഗാന്ധിയെപ്പറ്റി സിപിഎം പറയുന്നത്. ലാവ്‌ലിൻ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. അത് സുപ്രീംകോടതിയിൽ പരിഗണനയിലാണ്. ഇരുപത്തിഏഴാം തവണയാണ് സിബിഐയുടെ ആവശ്യപ്രകാരം ആ കേസ് സുപ്രീം കോടതി മാറ്റി വയ്ക്കുന്നത്. ഇത് ബിജെപിയുമായുള്ള സിപിഎമ്മിന്റെ ഒത്തു കളി അല്ലെങ്കിൽ മറ്റെന്തുകൊണ്ടണ്?

രാജ്യത്ത് കോൺഗ്രസിന്റെ സംസ്ഥാന സർക്കാരുകൾക്കെതിരെ അന്വേഷണം നടത്തുന്നതിന് അമിത ഉത്സാഹം കാട്ടുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന രാജ്യദ്രോഹപരമായ സ്വർണ്ണക്കടത്തിലെ അന്വേഷണം എന്തു കൊണ്ടാണ് മന്ദഗതിയിലാക്കിയിരിക്കുന്നതെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. അതിനെന്താണ് തെറ്റ്? അത് ഒരു വസ്തുതയല്ലേ? രാജ്യത്തെ തന്നെ ഞെട്ടിച്ച കേസായിട്ടും സ്വർണ്ണക്കടത്തു കേസിൽ ഇപ്പോൾ അന്വേഷണമെന്തെങ്കിലും നടക്കുന്നുണ്ടോ? എന്തു കൊണ്ടാണ് പെട്ടെന്നൊരു ദിവസം അന്വേഷണം മന്ദഗതിയിലായത്? ഈ മെല്ലപ്പോക്കിന് കാരണം എല്ലാവർക്കുമറിയാമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയിട്ടുള്ള കള്ളക്കൂട്ടു കെട്ട് തുറന്നു പറയുമ്പോൾ സിപിഎമ്മിന് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്.

സിപിഎമ്മിന്റെ കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ കസേരിലിരുന്നും സ്വർണ്ണക്കടത്ത് നടത്താമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും വസ്തുതയല്ലേ? ഇടതു കൊടി പിടിക്കുന്നവർക്ക് പിൻവാതിൽ വഴി കൂട്ടത്തോടെ ജോലി കൊടുക്കന്ന സമയമാണിപ്പോൾ. അതേ സമയം രാത്രി പകലാക്കി പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയവർക്ക് നിയമനം ലഭിക്കാനായി സെക്രട്ടേറയറ്റിന് മുന്നിൽ സത്യാഗ്രഹം കിടക്കേണ്ട ഗതികേടിലുമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചത് സിപിഎമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് മറുമരുന്നില്ല എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ രാഹുൽ ഗാന്ധി വിമർശിച്ചിട്ടില്ലെന്ന് പറയുന്ന സിപിഎം തങ്ങളുടെ സഹജമായ നുണ വ്യവസായമാണ് തുടരുന്നത്. രാഹുൽ ഗാന്ധിയുടെ പ്രസംഗം രാഷ്ട്രം മുഴുവൻ ഇന്നലെ കേട്ടതാണ്. ബി.ജി.പി സർക്കാർ കൊണ്ടു വന്ന കർഷകദ്രോഹ നിയമങ്ങളെയും, കുത്തകൾക്ക് വഴിവിട്ട് നൽകുന്ന സഹായങ്ങളെയും പെട്രോളിന്റെ പേരിൽ നടത്തുന്ന കൊള്ളയെയും രൂക്ഷമായ ഭാഷയിലാണ് രാഹുൽഗാന്ധി കടന്നാക്രമിച്ചത്. രാഷ്ട്രം മുഴുവൻ ശ്രവിച്ച ആ വാക്കുകളും തമസ്‌കരിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ലെന്ന പച്ചക്കള്ളം വിളമ്പാൻ സിപിഎമ്മിന് മാത്രമേ കഴിയൂ.

രാഹുൽഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടർ റാലിയെ വിമർശിക്കുമ്പോൾ ബിജെപിക്കും സിപിഎമ്മിനും ഒരേ ഭാഷ വന്നത് അവരുടെ പുതിയ കൂട്ടു കെട്ടിന്റെ ഫലമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.