- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്തു; ക്വട്ടേഷൻ സംഘങ്ങളെ വളർത്തിയെടുത്ത ശേഷം ശുദ്ധീകരണം; ഇപ്പോൾ സിപിഎം സംസാരിക്കുന്നത് കാപട്യമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പാർട്ടിയിൽ ക്വട്ടേഷൻ സംഘങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ശുദ്ധീകരണം നടത്തുമെന്നുമുള്ള സിപിഎം നേതാക്കളുടെ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതും പൊതുജനത്തെ കബളിപ്പിക്കുന്നതിനുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യുകയാണ് സിപിഎം ചെയ്യുന്നത്. രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ കൊലപാതക സംഘങ്ങളെ വളർത്തിയെടുക്കുകയും കൊലപാതകികൾക്ക് വീരപരിവേഷം നൽകുയും ചെയ്ത പാർട്ടിയാണ് സിപിഎം. ആ കിരാത സംഘങ്ങളുടെ ഉപോത്പന്നങ്ങൾ മാത്രമാണ് സ്വർണം കടത്തിനും മറ്റുമുള്ള ക്വട്ടേഷൻ സംഘങ്ങൾ. ഇവ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചതല്ല. സിപിഎം നേതാക്കൾ തന്നെ വളർത്തിയെടുത്തവയാണ്. ഇപ്പോൾ അവർ സിപിഎമ്മിനെയും ഡിവൈഎഫ്ഐയെയും വെല്ലുവിളിക്കുകയാണെങ്കിൽ അതിന് ഉത്തരവാദികളും സിപിഎം നേതാക്കളാണ്.
കൊലപാതകികളെ രക്ഷിക്കാൻ പൊതുഖജനാവിലെ പണം ധൂർത്തടിച്ച് സുപ്രീംകോടതി വരെ പോയ പാർട്ടിയാണ് സിപിഎം. കൊലപാതകികൾ ജാമ്യത്തിലിറങ്ങുമ്പോൾ വീരന്മാരെ പോലെ സ്വീകരണം നൽകുകയും പ്രകടനങ്ങളുടെ അകമ്പടിയോടെ നാട് നീളെ എഴുന്നെള്ളിക്കുകയും ചെയ്ത സിപിഎം അധോലോക പ്രവർത്തനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും വളം വച്ചു കൊടുക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തത്.
കള്ളക്കടത്തു ബന്ധമുള്ളവരുടെ വാഹനത്തിൽ പാർട്ടി സെക്രട്ടറി റോഡ് ഷോ നടത്തിയപ്പോൾ എന്തു സന്ദേശമാണ് ക്വട്ടേഷൻ സംഘങ്ങൾക്ക് ലഭിച്ചത്? എന്നിട്ടിപ്പോൾ ശുദ്ധീകരണത്തെക്കുറിച്ച് പറയുന്നത് ആരെ പറ്റിക്കാനാണ്. സിപിഎം നേതാക്കൾ നൽകുന്ന പിന്തുണയുടെ ബലത്തിലാണ് ടി.പി. വധക്കേസിലെ പ്രതികൾക്ക് ജയിലിരുന്നു കൊണ്ട് ക്വട്ടേഷൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്നത്.
കൊലപാതക സംഘങ്ങൾക്കും ക്വട്ടേഷൻ സംഘങ്ങൾക്കും നൽകുന്ന സംരക്ഷണവും സഹായവും നിർത്താതെ സിപിഎം ശുദ്ധീകരണത്തെക്കുറിച്ച് സംസാരിക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ