- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.സുധാകരനെതിരായ സിപിഎം പരാമർശങ്ങൾ ബോധപൂർവ്വം; ധീരജിന്റെ കൊലപാതകത്തെ കെ.സുധാകരനുൾപ്പെടെ എല്ലാവരും അപലപിച്ചതാണ് എന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.പി സി സി പ്രസിഡന്റ് കെ.സുധാകരനെതിരായ സി പി എം ആരോപണം ബോധപൂർവ്വമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കൊലപാതകത്തെ കെ.സുധാകരനുൾപ്പെടെ എല്ലാപേരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ല. സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതുകൊണ്ടൊന്നും സുധാകരന്റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട.
എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകത്ത മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണു തങ്ങളെന്ന ബോധ്യത്തോടെ വേണം സുധാകരനനെതിരായ പരാമർശങ്ങൾ നടത്താൻ. ഇന്നലെ ഇടുക്കി എൻജിനീയറിങ് കോളേജിൽ നടന്ന കൊലപാതകം അപലപനീയമാണ്. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. എന്നാൽ കൊലപാതകത്തിന്റെ മറവിൽ കോൺഗ്രസ് - യു ഡി എഫ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ എരിതിയിൽ എണ്ണ ഒഴിക്കുന്നതിനു മാത്രമേ സഹായിക്കു.
കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. ഇടുക്കിയിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ സിപിഎമ്മും എസ്എഫ്‌ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിന്റെ തനിനിറം തുറന്നു കാട്ടുന്നതാണ്.
ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമങ്ങളും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമങ്ങളും കേരള പൊലീസിന്റെ അലംഭാവം ഒരിക്കൽക്കൂടി വെളിവായിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ