സ്വർണക്കടത്ത് കേസ് ആരോപണങ്ങളിൽ പിണറായി സർക്കാർ ചീഞ്ഞുനാറുകയാണ്; തൈലം എത്ര പുരട്ടിയാലും ഈ നാറ്റം മാറില്ല; ഗൾഫിൽ വച്ച് സ്വപ്ന മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയോ എന്ന് വ്യക്തമാക്കണം; ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; മുഖ്യമന്ത്രി എന്തുകൊണ്ട് ഇതൊക്കെ അറിഞ്ഞില്ലെന്നും സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ചെന്നിത്തല
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അടക്കം വിവിധ ആരോപണങ്ങളിൽ പിണറായി സർക്കാർ ചീഞ്ഞുനാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൈലം എത്ര പുരട്ടിയാലും ഈ നാറ്റം മാറില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ ഗുരുതരമാണ്. കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ഇഡിയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. ഇതോടെ ശിവശങ്കർ മാത്രമല്ല കേസിൽ ഉൾപ്പെട്ടതെന്ന് വ്യക്തമായി. ഉന്നത ഉദ്യോഗസ്ഥർ ആരെല്ലാമെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തെ കൊള്ളസംഘം ഉപയോഗിച്ചു. ഗൾഫ് സന്ദർശനത്തിൽ ശിവശങ്കറും സ്വപ്നയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഗൾഫിൽ വെച്ച് സ്വപ്ന മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയോയെന്ന് വ്യക്തമാക്കണം. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിലും സ്വപ്നയ്ക്ക് പങ്കുണ്ടെന്ന് ഇതിനോടകം തെളിഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷൻ ആർക്കൊക്കെ ലഭിച്ചന്ന് അറിയണം. റെഡ് ക്രസന്റുമായുള്ള കരാറിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ സർക്കാർ നൽകാൻ മടിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ ഓരോ ദിവസവും ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. 2017 മുതൽ രാജ്യദ്രോഹ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന സർക്കാരിൽ നടക്കുന്നുണ്ട്. മുഖ്യമന്ത്രി എന്തുകൊണ്ട് ഇതൊക്കെ അറിഞ്ഞില്ല. സർക്കാരിന് അധികാരത്തിൽ തുടരാൻ ഇനി അർഹതയില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ