തിരുവനന്തപുരം: പ്രസ്സ് സെൻസർഷിപ്പ് ഏർപ്പെടുത്തി മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമ സെൻസർഷിപ്പിനായി പ്രധാനമന്ത്രി പി.ഐ.ബിയെ ഉപയോഗിച്ചത് പോലെ കേരളത്തിൽ മുഖ്യമന്ത്രി അതിനായി പി.ആർ.ഡിയെ ചുമതലപ്പെടുത്തി.യു.ഡി.എഫ് നേതാക്കൾക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെയും ബിജെപിയുടെയും സൈബർ ഗുണ്ടകൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

സ്വർണ്ണക്കള്ളക്കടത്തും ലൈഫ് മിഷൻ തട്ടിപ്പും ഉൾപ്പെടെ സർക്കാർ നടത്തുന്ന അഴിമതി പുറത്ത് വരാതിരിക്കാനാണ് മാധ്യമ സെൻസർഷിപ്പ് മുഖ്യമന്ത്രി ഏർപ്പെടുത്തുന്നത്.മാധ്യമങ്ങൾ വസ്തുതകൾ പുറത്തുകൊണ്ടുവരുമ്പോൾ അതിനെ തമസ്‌ക്കരിച്ച് വ്യാജവാർത്തയെന്ന് ചാപ്പകുത്താൻ ആരാണ് അധികാരം നൽകിയത്.സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ കടന്നുകയറ്റമാണിത്. ഈ വെല്ലുവിളിയെ ഒറ്റക്കെട്ടായി എതിർക്കണം. നരേന്ദ്ര മോദിയും മുഖ്യമന്ത്രിയും ഒരേ തൂവൽ പക്ഷികളാണ്.മാധ്യമങ്ങളെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഭയമാണെന്നും ഇരുവരും മാധ്യമങ്ങളെ അകറ്റി നിർത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ജനാധിപത്യത്തിനും മതേതരത്തിനും വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച രാജീവ് ഗാന്ധി ഇന്ത്യയ്ക്ക് പുതിയ മുഖം നൽകി.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിപ്ലവം ഇന്ത്യയ്ക്ക് നഷ്ടമാകരുതെന്ന് കണ്ട് ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ച ഭരണാധികാരി.നല്ലൊരു ടെക്നോക്രാറ്റായിരുന്നു അദ്ദേഹം.കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഫലം ചൂഷണം ഒഴിവാക്കി താഴത്തട്ടിലുള്ള ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ ഭരണരംഗത്ത് പൊളിച്ചെഴുത്ത് നടത്തിയ നേതാവാണ് രാജീവ് ഗാന്ധിയെന്നും ചെന്നിത്തല പറഞ്ഞു.

അഞ്ചുവർഷത്തെ ഭരണം കൊണ്ട് 50 വർഷത്തെ ഭരണനേട്ടമാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യകൈവരിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അസാധാരണമായ സാങ്കേതിക പരിജ്ഞാനുമുള്ള നേതാവായിരുന്നു അദ്ദേഹം.വികസനത്തിൽ ഊന്നൽ നൽകി പ്രവർത്തിച്ച രാജീവ് ഗാന്ധി ഇന്ത്യയെ ഒരു സാമ്പത്തിക ശക്തിയാക്കാൻ യത്നിച്ചു. പട്ടിണി നിർമ്മാർജ്ജനം ചെയ്യാൻ പദ്ധതികൾ ആവിഷ്‌ക്കരിച്ചു. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.സമസ്ത മേഖലയിലും പുരോഗതി നേടണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ എംപി, വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരൻ,ശരത്ചന്ദ്ര പ്രസാദ്,മൺവിള രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി,കെ.പി.അനിൽകുമാർ,പലോട് രവി,മണക്കാട് സുരേഷ്,എം.എം.നസ്സീർ തുടങ്ങിയവർ പങ്കെടുത്തു.

മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് നിർവഹിച്ചു.ഡി.സി.സി,ബ്ലോക്ക്,മണ്ഡലം തലത്തിലും രാജീവ് ഗാന്ധി അനുസ്മരണവും അശരണർക്ക് അന്നദാനവും സംഘടിപ്പിച്ചു.