- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലയിണയ്ക്കടിയിൽ വാക്കത്തിയും വച്ച് ഒരു സ്ത്രീക്കും ഉറങ്ങേണ്ടിവരില്ലെന്ന് ഉറപ്പു നൽകിക്കൊണ്ടാണ് പിണറായി വിജയൻ അധികാരത്തിൽ വന്നത്; എന്നിട്ടിപ്പോൾ സ്ത്രീകൾക്ക് ആംബുലൻസിൽ പോലും രക്ഷയില്ലാത്ത ഗുരുതരമായ അവസ്ഥയാണ് കേരളത്തിൽ; കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായി? ഇത് ആരോഗ്യവകുപ്പിന്റെ കടുത്ത വീഴ്ച; കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: അടൂരിൽ കോവിഡ് രോഗിയായ സ്ത്രീയെ ചികിൽസാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച വാർത്ത കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള കടുത്ത വീഴ്ചയാണ്. യാതൊരു ഉത്തരവാദിത്വവുമില്ലാതെഇവരെ ആംബുലൻസ് ഡ്രൈവറോടൊപ്പം പറഞ്ഞ് വിട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് ഇതിന് ഉത്തരവാദികൾ. ഇവർക്കെതിരെ ഉന്നതല അന്വേഷണം വേണമെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിൽ ഇത്തരത്തിലുണ്ടായത് സംസ്ഥാനത്തിനാകെ അപമാനകരമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു ഉന്നതതല അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല സർക്കാരിനോടാവശ്യപ്പെട്ടു.
ഈ ആംബുലൻസ് ഡ്രൈവർ കൊലക്കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. കൊലക്കേസ് പ്രതിയെങ്ങനെ ആംബുലൻസ് ഡ്രൈവർ ആയി എന്നും ഇയാളെ ആരാണ്നിയമിച്ചതെന്നും അന്വേഷിക്കേണ്ടതാണ്. ഡ്രൈവറാക്കി വച്ചപ്പോൾ ഇയാളുടെ ക്രിമനൽ പശ്ചാത്തലം എന്തുകൊണ്ട് പരിശോധിച്ചില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോവിഡ് സ്ഥിരീകരിച്ച രോഗിയെ ആംബുലൻസിന്റെ ഡ്രൈവറോടൊപ്പമാണോ കൊണ്ടു പോകേണ്ടത്. ആരോഗ്യ പ്രവർത്തകർ എന്തുകൊണ്ട് കൂടെയുണ്ടായില്ല. രോഗികൾ രണ്ടു പേരും സ്ത്രീകളാണെന്നിരിക്കെ സ്ത്രീകളായ ആരോഗ്യ പ്രവർത്തകർ അവരോടൊപ്പം ഉണ്ടാകേണ്ടതായിരുന്നു. തലയിണയ്ക്കടിയിൽ വാക്കത്തിയും വച്ച് ഒരു സ്ത്രീക്കും ഉറങ്ങേണ്ടിവരില്ലെന്ന് ഉറപ്പു നൽകിക്കൊണ്ടാണ് പിണറായി വിജയൻ അധികാരത്തിൽ വന്നത്. എന്നിട്ടിപ്പോൾ സ്ത്രീകൾക്ക് ആംബുലൻസിൽ പോലും രക്ഷയില്ലാത്ത ഗുരുതരമായ അവസ്ഥയാണ് കേരളത്തിൽ സംജാതമായിരിക്കുന്നതെന്നും ഇതിന് സർക്കാർ സമാധാനം പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മയക്കുമരുന്നു മാഫിയയ്‌ക്കെതിരെ ശക്തമായ അന്വേഷണം വേണം: രമേശ് ചെന്നിത്തല
ബാംഗ്ളൂർ മയക്ക് മരുന്ന് കള്ളക്കടത്ത് സംഭവത്തിൽ കേരളത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ താനുറച്ച് നിൽക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇതാവശ്യപ്പെട്ട് ഇന്നലെ താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ അന്വേഷണം വേണ്ടാ എന്ന മുഖ്യമന്ത്രിയുടെ നിലപാട് എത്ര അബദ്ധജടിലമാണെന്ന് ഇന്ന് 500 കിലോ കഞ്ചാവ് പിടിച്ച സംഭവം തെളിയിക്കുന്നു. കേരളം മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണ്. മയക്കുമരുന്ന് മാഫിയ ഇവിടെ അരങ്ങ് തകർക്കുമ്പോൾ അതൊന്നും അന്വേഷിക്കേണ്ട എന്ന സർക്കാർ നിലപാട് മാഫിയകളെ സഹായിക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതു കൊണ്ട് മയക്കുമരുന്നിന്റെ വ്യാപനം കേരളത്തിൽ തടയുന്നതിനായി ഇനിയെങ്കിലും സർക്കാർ ശക്തമായ അന്വേഷണത്തിനുത്തരവിടണമെന്ന് താൻ മുഖ്യമന്ത്രിയോടവാശ്യപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നതരാഷ്ട്രീയ ബന്ധങ്ങൾ ഉള്ള മയക്കുമരുന്നു മാഫിയ സജീവമായി കേരളത്തിൽ പ്രവർത്തിക്കുമ്പോൾ അവരെ സഹായിക്കുന്ന നിലപാട് സർക്കാരും പൊലീസും നാർക്കോട്ടിക്ക് സെല്ലും സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
യു ഡി എഫ് യോഗം സെപ്റ്റംബർ എട്ടിന്.
യു ഡി എഫ് നേതൃയോഗം സെപ്റ്റംബർ 8 ന് രാവിലെ പത്ത് മണിക്ക് വീഡിയോ കോൺഫ്രൻസിങ് ആയി തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ യോഗത്തിൽ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ