തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയത് ഇടതു മുന്നണിയുടെ നെറികെട്ട രാഷ്ട്രീയ പ്രവർത്തന ശൈലിക്കെതിരായ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കെ.എം.മാണിയെ അഴിമതിക്കാരനെന്ന് മുദ്രകുത്തി അദ്ദേഹത്തിന്റെ ബജറ്റവതരണം മുടക്കുന്നതിനാണ് ഇടതു മുന്നണി നിയമസഭ അടിച്ചു പൊളിക്കുക എന്ന ഹീന കൃത്യത്തിന് മുതിർന്നത്.

പിന്നീട് അതേ കെ.എം.മാണിയുടെ പാർട്ടിയെ തന്നെ അവർ മുന്നണിയിൽ സ്വീകരിക്കുകയും ചെയ്തു. രാഷ്ട്രീയ സദാചാരത്തിന് ചേരുന്ന നടപടി ആയിരുന്നില്ല ഇത്. ഈ നിലയിൽ നിന്നുകൊണ്ടാണ് കയ്യാങ്കളി കേസ് പിൻവലിക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അത് തള്ളിയ ഹൈക്കോടതി വിധി ഇടതു മുന്നണിക്ക് കനത്ത പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്. ഇത് അവസരവാദ രാഷ്ട്രീയ ശൈലിക്കെതിരായ പ്രഹരം കൂടിയായി മാറുകയാണ്. ഈ കേസ് പിൻവലിക്കുന്നതിനെക്കുറിച്ച് ജോസ് കെ.മാണിക്ക് എന്താണ് ഇപ്പോൾ പറയാനുള്ളതെന്നു കൂടി അറിഞ്ഞാൽ കൊള്ളാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.