തിരുവനന്തപുരം : 2018 ലെ പ്രളയം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചമൂലമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് സയൻസിന്റെ പഠനത്തിലെ കണ്ടെത്തൽ പിണറായി സർക്കാരിനെതിരായ കുറ്റപത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഈ പ്രളയം മനുഷ്യനിർമ്മിതമാണെന്ന യു.ഡി.എഫ്. നിലപാട് ശരിവയ്ക്കുന്നതാണ് ഐ.ഐ.എസ്സിന്റെ ശാസ്ത്രീയപഠനം. നേരത്തേ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതേ നിഗമനത്തിലാണ് എത്തിച്ചേർന്നത്.

മുന്നറിയിപ്പൊന്നും കൂടാതെ ഡാമുകൾ കൂട്ടത്തോടെ തുറന്നു വിട്ടതാണ് കേരളത്തിന്റെ അടിത്തറ തകർത്ത പ്രളയത്തിന് കാരണമെന്ന് പ്രതിപ്ഷം ആദ്യം ചൂണ്ടിക്കാട്ടിയപ്പോൾ പരിഹരിക്കുകയാണ് സർക്കാർ ചെയ്തത്. ഡാമുകളിൽ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 483 പേരുടെ മരണത്തിനും പതിനാലരലക്ഷം പേരെ ദുരിതാശ്വാസക്യാമ്പുകളിലുമെത്തിച്ച മഹാദുരന്തത്തിന് ഉത്തരവാദി സർക്കാരാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്.

സർക്കാരിന്റെ വീഴ്ചമൂലമുണ്ടായ ഈ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിലും സർക്കാരിന് വീഴ്ച ഉണ്ടായി. ദുരിതാശ്വാസത്തിന് സംഭാവനയായി ലഭിച്ച പണം പോലും സിപിഎം. യൂണിയനിൽപ്പെട്ട ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്ന അവസ്ഥയുണ്ടായി.സർക്കാരിന്റെ വീഴ്ചയാണ് പ്രളത്തിന് കാരണമെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി കേരള ജനതയോട് മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.