- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജലീലിനെ തുടരാൻ അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളി; കെ.എം.മാണിക്കെതിരെ കോടതി പരാമർശമുണ്ടായപ്പോൾ രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സിപിഎം തന്നെ; അഴിമതിക്ക് അംഗീകാരം നൽകുകയാണ് സിപിഎമ്മെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബന്ധു നിയമനക്കേസിൽ കെ.ടി.ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്ന ലോകായുക്ത വിധി തള്ളി, മന്ത്രിയെ സംരക്ഷിക്കാനുള്ള സിപിഎം തീരുമാനം ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോടതിയിൽ നിന്ന് മോശമായ പരാമർശങ്ങൾ ഉണ്ടാവുമ്പോൾ മന്ത്രിമാർ രാജിവച്ച് ഉന്നതമായ ജനാധിപത്യമുല്യം ഉയർത്തിപ്പിടിച്ച എത്രയോ സംഭവങ്ങൾ കേരളത്തിൽ മുമ്പ് ഉണ്ടായിട്ടുണ്ട്. കെ.എം.മാണിക്കെതിരെ സംശയത്തിന്റെ പേരിൽ മാത്രം കോടതി പരാമർശമുണ്ടായപ്പോൾ അദ്ദേഹം രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സിപിഎം തന്നെയാണ്. അന്ന് കെ.എം.മാണി രാജി വയ്ക്കുകയും ചെയ്തു. ഇവിടെ ലോകായുക്ത സംശയമല്ല മന്ത്രി കെ.ടി ജലീലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും വ്യക്തമായി തന്നെയാണ് ലോകായുക്ത വിധിച്ചിരിക്കുന്നത്. എന്നിട്ടും മന്ത്രി രാജി വയ്ക്കേണ്ടതില്ലെന്ന് പറയുന്ന സിപിഎം അഴിമതിക്ക് അംഗീകാരം നൽകുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഉൾപ്പടെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഒരു സർക്കാർ ഇങ്ങനെ ചെയ്യുന്നതിൽ അത്ഭുതപ്പെടേണ്ടതുമില്ല.
അഴിമതി തടയാനാണ് ലോകായുക്ത എന്ന് സംവിധാനം രൂപീകരിച്ചത് തന്നെ. അതിന്റെ വിധി മാനിക്കാതിരിക്കുന്നത് അഴിമതി ആരും തടയരുത് എന്ന് പറയുന്നതിന് തുല്യമാണ്. അഴിമതിക്കെതിരെ മുൻപ് സിപിഎം ഘോരഘോരം നടത്തിയ പ്രസംഗങ്ങളെല്ലാം വെറും വാചക കസർത്ത് മാത്രമാണെന്നും തെളിഞ്ഞിരിക്കുന്നു.
കോടതി പരാമർശത്തിന്റെ പേരിൽ രാജി വയ്ക്കണ്ടതില്ലെന്ന നിയമമന്ത്രി എ.കെ.ബാലന്റെ പ്രസ്താവന ഇടതു മുന്നണി എത്രമാത്രം ജീർണ്ണിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ്. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഈ സർക്കാരിന് കേവലം ഒരു കാവൽ മന്ത്രിസഭയുടെ പദവിയേ ഉള്ളൂ. കഷ്ടിച്ച് എതാനും ദിവസങ്ങൾ മാത്രമാണ് കാലാവധി അവശേഷിക്കുന്നത്. എന്നിട്ടും ജലീലിനെ അധികാരത്തിൽ കടിച്ചു തൂങ്ങാൻ പിന്തുണ നൽകുന്ന സിപിഎം എത്രത്തോളം ജനവിരുദ്ധമായിക്കഴിഞ്ഞു എന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ