- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായിക്ക് അവാർഡ് നൽകുമെന്ന് ചെന്നിത്തല; ഏറ്റവും കൂടുതൽ കമ്മ്യൂണിസ്റ്റുകാരുടെ ബന്ധുക്കൾക്ക് ജോലി നൽകിയതിന്; തങ്ങൾ വന്നാൽ ഇത്തരം നിയമനങ്ങൾ റദ്ദാക്കുമെന്നും പ്രതിപക്ഷ നേതാവ് മലപ്പുറത്ത് ഐശ്വര്യകേരള യാത്രയിൽ
മലപ്പുറം: ഏറ്റവും കൂടുതൽ കമ്മ്യൂണിസ്റ്റ്കാരുടെ ബന്ധുക്കൾക്ക് ജോലിനൽകിയ ഗവൺമെന്റാണ് പിണറായി ഗവൺമെന്റെന്നും അതിനുള്ള അവാർഡ് യുഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായിക്ക് നൽകുമെന്ന് പ്രതിപക്ഷം നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിൽ മുങ്ങിക്കുളിച്ച ഗവൺവെന്റാണിത്. സ്പ്ലിങ്, പമ്പയിലെ മണൽകടത്ത്, സ്വർണക്കള്ളക്കടത്ത് ഇങ്ങനെ നീളുന്നു പട്ടിക. രണ്ടു മാസം കഴിഞ്ഞ് യു ഡി എഫ് അധികാരത്തിൽ വന്നാൽ ഈ അഴിമതികളെല്ലാം അന്വേഷിക്കുകയും കുറ്റക്കാരുടെ കയ്യിൽ കൈയാമം വക്കുമെന്നും ചെന്നിത്തല പറഞ്ഞു.മലപ്പുറത്തെത്തിയ ഐശ്വര്യകേരളായാത്രക്കു നൽകിയ സ്വീകരണയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
സി പിഎമ്മിന്റെ മുൻ എംപിമാരുടെ ഭാര്യമാർക്കും സ്വന്തക്കാർക്കും എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ഉന്നത സർക്കാർ ജോലികൾ നൽകുന്ന നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കേരളത്തിലെ ചെറുപ്പക്കാർ തൊഴിലില്ലാതെ നരകിക്കുമ്പോൾ , തോറ്റ എം പിമാരുടെ ഭാര്യമാർക്ക് പിൻവാതിലിലൂടെ ഉന്നത ലാവണങ്ങളിൽ നിയമനങ്ങൾ നൽകുകയാണ് പിണറായി സർക്കാർ.
പാലക്കാട് മുൻ എം പി എം.ബി രാജേഷിന് ആത്മാഭിമാനം ഉണ്ടെങ്കിൽ അനധികൃതമായി ലഭിച്ച ജോലി രാജിവെക്കാൻ ഭാര്യയോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃത നിയമനങ്ങൾ സ്ഥിരപ്പെടുത്തി സുപ്രീം കോടതി വിധിയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും എന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഇത്തരം നിയമനങ്ങൾ റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മടങ്ങി വന്ന പ്രവാസികളെ വഞ്ചിച്ച സർക്കാരാണിത്. പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ, അവരെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ചധിക്ഷേപിച്ച പിണറായിസർക്കാരിനെ പുറത്താക്കാനുള്ള അവസരത്തിനായി പ്രവാസികൾ കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെയും പുരോഗതിയുടെയും നെടുന്തൂണായ പ്രവാസികളെ ശത്രുക്കളെപ്പോലെയാണ് പിണറായി സർക്കാർ കോവിഡ് കാലത്ത് കണ്ടത്. കേരളത്തിൽ കാലു കുത്തണമെങ്കിൽ കോവിഡ് സർട്ടിഫിക്കറ്റ് വേണം തുടങ്ങി അവരെ ദ്രോഹിക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് സർക്കാർ മുന്നോട്ട് വച്ചത് .
പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞിട്ട് ഒരാൾക്കു പോലും തൊഴിൽ നൽകാൻ സർക്കാറിന് സാധിച്ചിട്ടില്ല.വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്നത് വെറും പ്രഖ്യാപനം മാത്രമായിരുന്നു. ഗൾഫിൽ കേരള സ്കൂൾ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് അതും നടന്നില്ല. ആന്തൂരിലെ സാജൻ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. ഈ പാപക്കറ പിണറായി സർക്കാറിന്റെ കൈയിൽ നിന്നും ഒരിക്കലുമായില്ലെന്നും ലഭിച്ച സ്വീകരണ യോഗങ്ങളിൽ അദ്ദേഹം പറഞ്ഞു.
വള്ളിക്കുന്ന്, വേങ്ങറ, കൊണ്ടോട്ടി, മഞ്ചേരി, ഏറനാട്, വണ്ടൂർ എന്നിവങ്ങളിലെ ആവേശ വും ജനപങ്കാളിത്യം കൊണ്ട് ശ്രദ്ധേയവുമായ ഐശര്യകേരള യാത്ര രാത്രി വൈകി നിലമ്പൂരിൽ സമാപിച്ചു.