- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക ജനുസ്സ് തന്നെ, താൻ വലിയ സംഭവമാണെന്ന് സ്വയം പറയേണ്ടിയിരുന്നില്ല; കുറച്ച് മയത്തിൽ തള്ളണം; ഗ്രൂപ്പുകളിയുടെ ആശാനായി വിഎസിനെ ഒതുക്കിയ പിണറായിക്ക് കോൺഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാൻ എന്ത് അവകാശം; മുഖ്യമന്ത്രിയുടെ സ്വയം പുകഴ്ത്തലിനെ പരിഹസിച്ചു ചെന്നിത്തല
തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച വേളയിൽ സ്വയം പുകഴ്ത്തലുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി തന്നെ പറയേണ്ടിയിരുന്നില്ല. പിറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാൽ മതിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഇത് വലിയ തള്ളായിപ്പോയെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു. താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തിൽ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി ഗ്രൂപ്പുകളിയുടെ ആശാനാണെന്നും വി.എസിനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് കോൺഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാൻ എന്ത് അവകാശമെന്നും ചെന്നിത്തല ചോദിച്ചു. ചെകുത്താൻ വേദമോതുന്നതു പോലെ മുഖ്യമന്ത്രി വിശുദ്ധനാകാൻ ശ്രമിക്കുന്നു. ലാവലിൻ കേസ് എവിടെയാണ് തീർന്നത്. ലാവലിൻ കേസിൽ ബിജെപിയുമായി പിണറായി അന്തർധാരയുണ്ടാക്കി. ലാവലിൻ കേസ് 20 തവണ മാറ്റിവെച്ചതു തന്നെ ഇതിന് തെളിവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും വിജയിച്ചപ്പോഴും ഞങ്ങളാരും ഞെളിഞ്ഞിരുന്നില്ല. സ്വന്തം ഓഫീസ് നിയന്ത്രിക്കാനാകാത്ത ആൾ കേരളത്തെ എങ്ങനെ നയിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു കമ്യൂണിസ്റ്റ്, കോൺഗ്രസ് മുഖ്യമന്ത്രിക്കും പിണറായിയുടെ അവസ്ഥ വന്നിട്ടില്ല. ശിവശങ്കർ ചെയ്തതൊന്നും മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നാണോ പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി കള്ളക്കടത്തുകാരെ താലോലിക്കുകയാണെന്നും, പുത്രീവാൽസല്യത്താൽ പിണറായി കേരളത്തെ നശിപ്പിക്കരുതെന്നും പി ടി തോമസ് അടിയന്തരപ്രമേയ നോട്ടീസിൽ സംസാരിക്കവെ പറഞ്ഞിരുന്നു. ഇതിൽ രോഷാകുലനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പിടി തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നിൽ തലയുയർത്തി പറയാം. അതു പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്. തന്റെ കൈകൾ ശുദ്ധമാണ്. താനൊരു പ്രത്യേക ജനുസ്സാണ്. അത് നിങ്ങൾക്ക് മനസ്സിലാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.
മറുനാടന് മലയാളി ബ്യൂറോ