തിരുവനന്തപുരം: കേരള കോൺഗ്രസുമായി തദ്ദേശ സ്ഥാപനങ്ങളിലുള്ള ധാരണ തുടരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോൺഗ്രസ് യുഡിഎഫ് വിട്ടശേഷം ചേർന്ന ആദ്യ യുഡിഎഫ് യോഗത്തിനു പിന്നാലെ വാർത്താസമ്മേളനം നടത്തുകയായിരുന്നു ചെന്നിത്തല.

തദ്ദേശ സ്ഥാപനങ്ങളിലുള്ള ഐക്യം തുടരണമെന്നാണു യുഡിഎഫ് തീരുമാനം. തൽസ്ഥിതി കേരള കോൺഗ്രസിന് തുടരാനാണ് ആഗ്രഹമെങ്കിൽ യുഡിഎഫിന് എതിർക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു. തീരുമാനം കേരള കോൺഗ്രസ് പുനഃപരിശോധിക്കുമെന്നാണു കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നണി ഒരുമിച്ചാണ് മൽസരിച്ചത്. യുഡിഎഫ് വിടാനുള്ള തീരുമാനം കേരള കോൺഗ്രസ് ഒറ്റയ്‌ക്കെടുത്തതാണ്. മുന്നണിയിൽനിന്നു കേരള കോൺഗ്രസ് പോകണമെന്ന നിലപാടു യുഡിഎഫ് ഒരുഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. മുന്നണിയിൽ എല്ലാ കക്ഷികൾക്കും തുല്യപ്രാധാന്യമാണു കോൺഗ്രസ് നൽകിയത്. വല്യേട്ടൻ മനോഭാവം കോൺഗ്രസ് കാണിച്ചിട്ടില്ല. കോൺഗ്രസ് പാർട്ടി ഏകപക്ഷീയമായി ഒരു കാര്യവും ഘടകക്ഷികളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ല. മാണിയുമായി ചർച്ച ചെയ്യാൻ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയെങ്കിലും ഫലപ്രദമായ ചർച്ച നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുന്നണിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ഇന്നത്തെ യുഡിഎഫ് ചർച്ചചെയ്യുകയുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാ ഘടകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ കോൺഗ്രസ് തീരുമാനിച്ചു.