തിരുവനന്തപുരം: സോഷ്യൽ മീഡിയ 'ശക്തിപ്രാപിച്ചതോടെ' വിവിധ കോണുകളിലെ അബദ്ധങ്ങൾ അപ്പപ്പോൾ തന്നെ എല്ലാവരിലേക്കും എത്തും. പലപ്പോഴും രാഷ്ട്രീയക്കാർ നവമാദ്ധ്യമങ്ങളുടെ പരിഹാസങ്ങൾക്ക് ഇരയാകുകയും ചെയ്യും.

അത്തരത്തിൽ അബദ്ധങ്ങൾ സംഭവിച്ച രാഷ്ട്രീയക്കാരുടെ പട്ടികയിലേക്ക് ഇന്നു കയറിച്ചെന്നതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് മഞ്ചേരി ശ്രീധരൻ നായർക്കെതിരെയും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരനെതിരെയും വിമർശനം ഉയർത്തി സഭയിൽ കത്തിക്കയറുമ്പോഴാണു ചെന്നിത്തലയ്ക്ക് അബദ്ധം പിണഞ്ഞത്.

തന്റെ വാദങ്ങൾക്കു പിൻബലമേകാൻ പാർട്ടി പത്രമായ വീക്ഷണവും കൊണ്ടാണു ചെന്നിത്തല സഭയിലെത്തിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ അഞ്ചു കോടി രൂപ തട്ടിപ്പു നടത്തിയ കേസിലെ രണ്ടാം പ്രതിയാണെന്നായിരുന്നു ചെന്നിത്തലയുടെ വാദം. വീക്ഷണം പത്രത്തിൽ ഈ വാർത്ത വന്ന ഭാഗം ഉയർത്തിക്കാട്ടിയായിരുന്നു സഭയിൽ ചെന്നിത്തല കത്തിക്കയറിയത്.

എന്നാൽ, വീക്ഷണത്തെ പുകഴ്‌ത്തേണ്ടതില്ലെന്നും പത്രത്തിൽ വന്ന ചിത്രം പോലും തെറ്റാണെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പരിഹസിച്ചു. സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായ മഞ്ചേരി ശ്രീധരൻ നായരുടെ ചിത്രത്തിനു പകരം സോളാർ കേസിലെ പരാതിക്കാരൻ ശ്രീധരൻ നായരുടെ ചിത്രമാണു വാർത്തയ്‌ക്കൊപ്പം അച്ചടിച്ചിരുന്നതെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി.

ഇതിനിടെയാണു ജിഷ കൊലക്കേസ് പ്രതിയുടെ പേരും ചെന്നിത്തല തെറ്റിച്ചത്. സാന്റിയാഗോ മാർട്ടിനു വേണ്ടി ഹാജരായ എം കെ ദാമോദരൻ നാളെ ജിഷ വധക്കേസ് പ്രതി 'അൻവറി'നായും ഹാജരാകുമെന്നാണു ചെന്നിത്തല പറഞ്ഞത്. കൈയിൽ കരുതിയ കുറിപ്പിൽ രണ്ടു മൂന്നു തവണ നോക്കി ഉറപ്പിച്ചശേഷമായിരുന്നു ചെന്നിത്തല അമീറുളിനെ അൻവറാക്കിയത്.