- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയ്ഹിന്ദ് അടക്കം മൂന്നു സ്ഥാപനങ്ങളിൽ നിന്നുള്ള രമേശ് ചെന്നിത്തലയുടെ രാജി ഉടൻ കെപിസിസി അംഗീകരിക്കില്ല; മൂന്നിടത്തും കൂടി 35 കോടി ബാധ്യത; രാജി സ്വീകരിക്കുക സ്പെഷ്യൽ ഓഡിറ്റിന് ശേഷം; തലപ്പത്ത് ഇരുന്നയാൾ വിശദീകരണം നൽകാൻ ബാധ്യസ്ഥനെന്ന നിലപാടിൽ കെ.സുധാകരൻ
തിരുവനന്തപുരം: ജയ് ഹിന്ദ് ചാനൽ പ്രസിഡന്റ്, വീക്ഷണം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനങ്ങൾ രമേശ് ചെന്നിത്തല രാജിവച്ചു. കെ കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. കെ സുധാകരൻ കെപിസിസി പ്രസിഡന്റായതിന് പിന്നാലെയാണ് ചെന്നിത്തലയുടെ രാജി. മൂന്ന് സ്ഥാപനങ്ങളിലായി 35 കോടിയുടെ ബാധ്യതയുണ്ടെന്നാണ് വിവരം. സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കും രാജി സ്വീകരിക്കുന്ന കാര്യത്തിൽ കെപിസിസി തീരുമാനം.
കഴിഞ്ഞ മെയ് 24 നാണ് ചെന്നിത്തല രാജി നൽകിയത്. കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങൾ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുക്കാത്തതിനാലാണ് സ്ഥാനങ്ങളിൽ തുടർന്നത്. പുതിയ അധ്യക്ഷനെത്തിയപ്പോൾ രാജി നൽകിയെന്നുമാണ് വിശദീകരണം.
വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡന്റായ സമയത്തും ചെന്നിത്തല ഈ സ്ഥാനങ്ങളിൽ തുടരുകയായിരുന്നു. അവർക്ക് രണ്ട് പേർക്കും ഈ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ താൽപര്യമില്ലായിരുന്നു എന്നാണ് ഇത് സംബന്ധിച്ച് ചെന്നിത്തല വിശദീകരിക്കുന്നത്. കെപിസിസി പ്രസിഡന്റുമാരാണ് ഈ സ്ഥാനത്ത് തുടരേണ്ടതെന്നും ചെന്നിത്തല പറയുന്നു.പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല രാജിക്കു പിന്നിലെന്നാണ് ചെന്നിത്തല വിശദീകരിക്കുന്നത്.
ചെന്നിത്തലയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് ഇപ്പോൾ കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. ഈ സ്ഥാപനങ്ങളിൽ കോടികളുടെ ബാധ്യത ഉണ്ടെന്നും ഓഡിറ്റ് കഴിഞ്ഞതിന് ശേഷം മാത്രം രാജി അംഗീകരിച്ചാൽ മതിയെന്നുമാണ് കെപിസി നിർദ്ദേശം. എങ്ങനെയാണ് ഇത്രയും ബാധ്യതകൾ വന്നിരിക്കുന്നതെന്നും ചാനലിന്റേയും പത്രത്തിന്റേയുമെല്ലാം പ്രവർത്തനങ്ങൾ ഏത് തരത്തിലാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം സ്പെഷ്യൽ ഓഡിറ്ററെ വെച്ച് പരിശോധിക്കും.
ഒരു സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നയാൾ ആ സ്ഥാപനത്തിന് വന്നിരിക്കുന്ന ബാധ്യത സംബന്ധിച്ചുള്ള വിശദീകരണം നൽകാൻ ബാധ്യസ്ഥനാണെന്നാണ് പാർട്ടി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ