- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനും മന്ത്രി കെ ടി ജലീലിനുമെതിരെ വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ഒരു മന്ത്രി സർക്കാരിന് ഭൂഷണമല്ലെന്ന് ചെന്നിത്തല പറഞ്ഞു. പൊതു സമൂഹം ജലീൽ കുറ്റം ചെയ്തു എന്ന് വിശ്വസിക്കുന്നു. ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല. എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ മാറിയിരിക്കുന്നു എന്നും ചെന്നിത്തല ആരോപിച്ചു. ഈ വിഷയത്തിൽ സർക്കാർ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മന്ത്രി ജലീൽ ചോദ്യം ചെയ്യൽ മറച്ചു വയ്ക്കുക ആണ് ചെയ്തത്. തലയിൽ മുണ്ടിട്ട് പാത്തും പതുങ്ങിയും ആണ് ജലീൽ എൻഫോഴ്സ്മെന്റിന്റെ മുന്നിൽ ചോദ്യം ചെയ്യാൻ എത്തിയത്. ഒന്നും ഒളിക്കാൻ ഇല്ലായിരുന്നു എങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ഹാജർ ആകാതെ ഇരുന്നത്. കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല. ആരും അറിയില്ല എന്നാണോ മന്ത്രി വിചാരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ചോദ്യം ചെയ്യലിന്റെ കാര്യമാണ് പലരും ഇപ്പോ എടുത്തു പറയുന്നത്. ഉമ്മൻ ചാണ്ടി ആരെയും ഒളിച്ചല്ല പോയത്. തല ഉയർത്തി പിടിച്ചാണ് ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്ത് വന്നത്. രണ്ടിനെയും ഒരേ ത്രാസിൽ തൂക്കുന്നത് ശരിയല്ല.
സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണം എന്നാണ് പ്രമാണം. ഇവിടെ മന്ത്രി കേസുകളിൽ അകപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാണ്. ബാഗേജിൽ മത ഗ്രന്ഥങ്ങൾ ആണോ സ്വർണം ആണോ അതോ മാറ്റ് പലതും ആണോ എന്നത് ഇത് വരെ വ്യക്തമല്ല. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി മന്ത്രിക്ക് എന്ത് തരത്തിൽ ഉള്ള ബന്ധമാണ് ഉണ്ടായിരുന്നത് എന്നത് ജനങ്ങൾക്ക് മുന്നിൽ സംശയത്തോടെ നിൽക്കുന്ന കാര്യമാണ്. സർക്കാരിൽ മൂന്ന് മന്ത്രിമാർ രാജി വച്ചു. അവരൊക്കെ നേരിട്ടതിനെക്കാൾ ഒക്കെ ഗുരുതരമായ ആരോപണങ്ങൾ ആണ് ജലീലിനെതിരെ ഉള്ളത്. ഇവർക്ക് ഒന്നും കിട്ടാത്ത ആനുകൂല്യം എങ്ങനെ ആണ് മുഖ്യമന്ത്രി ജലീലിന് നൽകുന്നത്. മാർക്ക് ദാന വിവാദത്തിൽ ഗവർണർ മന്ത്രിയുടെ ചെവിക്ക് പിടിച്ചതാണ്. അപ്പോഴും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഇത്രയും കുറ്റങ്ങൾ ചെയ്തിട്ടും ഒരു കൂസലും ഇല്ലാതെ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണ്.
വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഇരുപത്തിയെട്ടാം സ്ഥാനത്താണ്. യുഡിഎഫ് സർക്കാർ കാലത്ത് കേരളം പതിനെട്ടാം സ്ഥാനത്ത് ആയിരുന്നു. കെഎസ്ഐഡിസിയിൽ തന്നെ അഞ്ച് വർഷം കൊണ്ട് അഞ്ച് എംഡിമാർ ആയി. ഇതാണ് വ്യവസായ വികസന രംഗത്തെ യാഥാർത്ഥ ചിത്രം. കൺസൽട്ടൻസി, പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്. ഇനിയും എത്ര കോടികൾ ആണ് സർക്കാർ ചിലവഴിക്കാൻ പോകുന്നത്.
സിബിഐ അന്വേഷിച്ചാൽ എന്താണ് സർക്കാരിന് ഭയപ്പെടാൻ ഉള്ളത്. വെഞ്ഞാറമ്മൂട് കൊലപാതകം സിബിഐ ക്ക് വിടാൻ ആണ് കോൺ?ഗ്രസ്സ് ആവശ്യപ്പെടുന്നത്. അതാണ് ഞങ്ങളും അവരും തമ്മിൽ ഉള്ള വ്യത്യാസം. കേരളത്തിൽ മന്ത്രിമാർ രാജി വച്ചത് ഒന്നും പ്രതി ആയിട്ടല്ല. കെ എം മാണി പ്രതി ആയിട്ടാണോ രാജി വച്ചത്. കരുണാകരൻ രാജി വച്ചത് പ്രതി ആയിട്ടാണോ. സിപിഎമ്മിന് ധാർമികത എന്നൊന്നില്ല. പ്രതിപക്ഷത്ത് വരുമ്പോൾ മാത്രമേ അവർക്ക് അത് ഉണ്ടാവൂ.
ശിവശങ്കരനെ അങ്ങനെ ഉപേക്ഷിക്കാൻ കഴിയില്ലല്ലോ. അതിനുള്ള നടപടികൾ തുടങ്ങി എന്ന് കരുതിയാൽ മതി. രാജു നാരായണ സ്വാമിക്ക് നൽകാത്ത ആനുകൂല്യം ഒന്നും ശിവശങ്കരന് കൊടുക്കേണ്ടതില്ലല്ലോ. എന്ത് സംഭവിച്ചാലും മന്ത്രി സ്ഥാനത്ത് അള്ളി പിടിച്ചിരിക്കാൻ ആണ് മന്ത്രി ശ്രമിക്കുന്നത്. എത്ര തെറ്റ് ചെയ്താലും മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് എന്തുകൊണ്ടാണ് എന്നാണ് സംശയം. സമരം ചെയ്തതുകൊണ്ടാണോ കോവിഡ് വ്യാപനം ഉണ്ടായത്. അതൊന്നും പറഞ്ഞു ജനങ്ങളെ കബളിപ്പിക്കാൻ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.