- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെന്നിത്തലയുടെ ആരോപണം കാര്യമറിയാതെ; കൈയിൽ ഒരുവോട്ടർ ഐഡി മാത്രം; വോട്ട് ചേർക്കാൻ സഹായിച്ചത് പ്രാദേശിക കോൺഗ്രസ് നേതൃത്വം; ഞങ്ങൾ കോൺഗ്രസ് കുടുംബത്തിൽ പെട്ടവരാണ്; ഉദ്യോഗസ്ഥർ തെറ്റായി കൂടുതൽ തവണ പട്ടികയിൽ ചേർത്തതിന് ഞങ്ങൾ എന്തുപിഴച്ചു? ഉദുമയിലെ കുമാരിയും കുടുംബവും ചോദിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഉദുമ മണ്ഡലത്തിൽ കുമാരി എന്ന് പേരുള്ള ഒരു വോട്ടറുടെ പേരിൽ അഞ്ച് തിരിച്ചറിയൽ കാർഡുകളാണ് നൽകിയിരിക്കുന്നത്. ഇതുപോലെ അട്ടിമറി വിവിധ മണ്ഡലങ്ങളിലും നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ ഇതിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞിരുന്നു. എന്നാൽ, ഉദുമയിൽ ആറ് 6 വോട്ടുണ്ടെന്നാരോപിച്ച കുമാരി സജീവ കോൺഗ്രസ് അനുഭാവി കുടുംബമെന്ന് വ്യക്തമായി.
ഉദുമ മണ്ഡലത്തിലെ പെരിയ പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന കുമാരിയുടെ പേരിലാണ് അഞ്ച് വോട്ട് എന്നാരോപിച്ചത്.കൂടുതൽ വോട്ടുള്ള വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും, ഭർത്താവും മാധ്യമങ്ങളോട് പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ ആക്ഷേപം കാര്യം അറിയാതെയെന്ന് കുമാരിയുടെ ഭർത്താവ് പരഞ്ഞു.
വോട്ട് ചേർക്കാൻ സഹായിച്ചത് പ്രാദേശിക കോൺഗ്രസ് നേതൃത്വമാണ്. അവരാണ് എല്ലാ കാര്യങ്ങളും ചെയ്തത്. ആരോപണം ഉന്നയിക്കും മുൻപ് കാര്യങ്ങൾ അന്വേഷിച്ചില്ലെന്ന് പ്രാദേശിക കോൺഗ്രസ് ഭാരവാഹിയും പ്രതികരിച്ചു. RDQ1464478 നമ്പറിൽ ഒറ്റ തിരിച്ചറിയൽ കാർഡ് മാത്രമെ കൈയിലുള്ളുവെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഡിഎഫ് പ്രവർത്തകർ രാപ്പകൽ ഇല്ലാതെ കഠിനാധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
'ഞങ്ങൾ അറിഞ്ഞല്ല ലിസ്റ്റിൽ ഒന്നിലധികം തവണ പേര് വന്നത്. ഞങ്ങളാരോടും അങ്ങനെ ചെയ്യാൻ പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ തെറ്റുകൊണ്ടാണ് കൂടുതൽ തവണ പേര് ലിസ്റ്റിൽ വന്നത്. അതിന് തങ്ങൾ എന്ത് പിഴച്ചു. ഞങ്ങൾ കോൺഗ്രസ് കുടുംബത്തിൽ പെട്ടവരാണ്. പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്യുന്നവരാണ്' കുമാരിയും ഭർത്താവ് രവീന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് കുമാരിയും കുടുംബവും. 13 വർഷമായി പെരിയയിലാണ് താമസം. പഞ്ചായത്ത് അംഗമായിട്ടുള്ള കോൺഗ്രസ് നേതാവ് ശശിയാണ് ഇവരുടെ പേര് വോട്ടർപട്ടികയിൽ ചേർക്കാൻ സഹായം നൽകിയത്. ഒരു വോട്ടർഐഡി മാത്രമാണ് അവർക്കുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും ശശിയും പറയുന്നുണ്ട്.
ചെന്നിത്തലയുടെ ആരോപണങ്ങൾ
ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തിൽ ആയിരക്കണക്കിന് പേരെ ചേർത്തു. എന്നാൽ യുഡിഎഫ് പ്രവർത്തകർ രാപകൽ അദ്ധ്വാനിച്ച് ഈ തട്ടിപ്പുകൾ കണ്ടെത്തി. കഴക്കൂട്ടം മണ്ഡലത്തിൽ ഇങ്ങനെ 4506 പേരെ ചേർത്തതായി കണ്ടെത്തി.കൊല്ലം . 2534, തൃക്കരിപ്പൂരിൽ 1436 പേർ, കൊയിലാണ്ടിയിൽ 4611 പേർ, നാദാപുരം 6171, കൂത്തുപറമ്ബ് 3525, അമ്ബലപ്പുഴ 4750 എന്നിങ്ങനെ വ്യാപകമായി ആസൂത്രിതമായി വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നിരിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
140 മണ്ഡലങ്ങളിലും വ്യാപകമായി സംഘടിതമായി വ്യാജ വോട്ടർമാരെ ചേർക്കുകയാണ്. ഇതിനുപിന്നിൽ സംസ്ഥാനതലത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. വോട്ടർ ലിസ്റ്റ് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. അങ്ങനെയല്ലാതെ ഇത് സാധിക്കില്ല. ഇതിനായി നിയോഗിക്കപ്പെട്ട ഭരണകക്ഷിയോട് കൂറ് പുലർത്തുന്ന ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം കാട്ടി.
മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരുടെയും ചേർത്തായിരുന്നു മുൻപ് കള്ളവോട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഒരേമണ്ഡലത്തിൽ ഒരാളുടെ നാലും അഞ്ചും കാർഡ് നൽകിയാണ് തട്ടിപ്പ്. ഇരട്ടിപ്പ് വന്ന തിരിച്ചറിയൽ കാർഡ് തിരുത്തണമെന്നും സമഗ്ര അന്വേഷണം വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ചെന്നിത്തല പറഞ്ഞു.
ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരിലും അവരുമായി ഗൂഢാലോചന നടത്തിയവരെയും പുറത്തുകൊണ്ടുവന്ന് ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ