- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
10 വർഷം തിന്നാൽ തീരാത്ത ഈന്തപ്പഴമാണ് മൂന്നര വർഷത്തിനുള്ളിൽ ഇവിടേക്ക് വന്നത്; ഈന്തപ്പഴത്തിന്റെ മറവിൽ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാകണം എന്നും പ്രതിപക്ഷ നേതാവ്; എന്ത് അഴിമതിയും തീവെട്ടിക്കൊളളയും നടത്തിയാലും അതെല്ലാം ഭൂഷണമാണെന്ന് കരുതുന്ന സർക്കാരാണിത് എന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാന സർക്കാരാണ് നെറികേട് കാട്ടിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ പ്രതിപക്ഷവും മാധ്യമങ്ങളും നെറികേട് കാട്ടിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. എന്ത് അഴിമതിയും തീവെട്ടിക്കൊളള നടത്തിയാലും അതെല്ലാം ഭൂഷണമാണെന്ന് കരുതുന്ന സർക്കാരാണിത് എന്ന് അദ്ദേഹം പരിഹസിച്ചു. 100 കോടിയുടെ ലൈഫ് പദ്ധതിക്ക് പിരിക്കാൻ ലക്ഷ്യമിട്ട സ്വപ്ന സുരേഷിനെ തളളിപ്പറയാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
കൂടെ നിൽക്കുന്നവരെ മര്യാദയ്ക്ക് നിർത്താതെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചിട്ട് അത് പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളോട് മുഖ്യമന്ത്രി അക്രോശിച്ചിട്ട് കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോടികളുടെ അഴിമതി കാട്ടിയിട്ട് അത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ നെറികേട് കാട്ടുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു. സർക്കാരിനെ കരിവാരി തേക്കുന്നു എന്ന് പരാതി പറയുന്നു. കരിയിൽ മുങ്ങിത്താഴുന്ന നാണം കെട്ട ഒരു ഗവൺമെന്റിനെ ഇനിയെന്ത് കരിവാരി തേക്കാനാണെന്ന് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ.പി.ജയരാജന്റേയും കെ.ടി.ജലീലിന്റേയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസികളെ വിളിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇപ്പോൾ പാർട്ടി സെക്രട്ടറിയുടെ മകനേയും മന്ത്രിയേയും ചോദ്യം ചെയ്തപ്പോൾ ഇ.ഡിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നു. മന്ത്രി പുത്രനിലേക്ക് അന്വേഷണം എത്തിയപ്പോഴും ഇ.ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് പറയുന്നു.
'കേന്ദ്ര ഏജൻസികളുടെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. അന്വേഷണം മുറുകുമ്പോൾ ചിലരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്നും പറഞ്ഞിരുന്നു. ഇപ്പോൾ കോടിയേരി ബാലകൃഷ്ണനും കെ.ടി.ജലീലിനും ഇ.പി.ജയരാജനുമാണ് നെഞ്ചിടിപ്പ് വർധിച്ചത്' പ്രതിപക്ഷ നേതാവ് പറഞ്ഞു.
യുഎഇ കൗൺസിലേറ്റിലെ ഉദ്യോഗസ്ഥർ 10 വർഷം തിന്നാൽ തീരാത്ത ഈന്തപ്പഴമാണ് മൂന്നര വർഷത്തിനുള്ളിൽ അവിടേക്കെന്ന് പറഞ്ഞ് ഇറക്കുമതി ചെയ്തത്. ഈന്തപ്പഴം തന്നെയാണോ അവിടേക്ക് വന്നതെന്നതിൽ സംശയമുണ്ട്. ഈന്തപ്പഴത്തിന്റെ മറവിൽ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാകണം. ഡിപ്ലോമാറ്റിക് ചാനലിൽ ഈന്തപ്പഴ കച്ചവടമാണോ നടക്കുന്നത്. ഈന്തപ്പഴത്തിന്റെ പേരിൽ വലിയ തോതിലുള്ള സ്വർണ്ണ കള്ളക്കടത്ത് നടന്നിരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസർ അറിയാതെ ഇതൊന്നും കൊണ്ടുവരാൻ പറ്റില്ല. ഇവിടെ എംബസി ഇല്ലാത്തതിനാൽ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടത് പ്രോട്ടോക്കോൾ ഓഫീസറാണ്. സ്വർണക്കടത്തിൽ പ്രോട്ടോക്കോൾ ഓഫീസറുടെ പങ്ക് എന്താണെന്ന് വളരെ ഗൗരവപൂർവ്വം അന്വേഷിക്കേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
എന്തിനാണ് ക്വാറന്റീനിൽ കഴിയുന്ന ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കിൽ പോയി ലോക്കർ പരിശോധിച്ചത്. എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇ.പി.ജയരാജൻ പറയണം. മകന് സ്വപ്ന സുരേഷുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ഭാര്യ ലോക്കറിൽ നിന്ന് എന്താണ് കൊണ്ടുവന്നതെന്നും ജയരാജൻ പറയണം. ഇതൊക്കെ പുറത്ത് വരുമ്പോൾ മുഖ്യമന്ത്രി അസ്വസ്ഥത പെടുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ആളുകൾക്ക് കുടപിടിച്ചിട്ട് അത് പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങൾക്ക് നേരെ ആക്രോശിച്ചിട്ട് കാര്യമില്ല. ഈ സർക്കാരിനെ ജനങ്ങൾ വെറുക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി സർക്കാർ ചെയ്യുന്ന കാര്യങ്ങളെ അട്ടിമറിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോന്നി ഗവൺമെൻറ് മെഡിക്കൽ കോളേജിന്റെ ഒന്നാംഘട്ടം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യവേ പറഞ്ഞിരുന്നു. ജനങ്ങൾ എന്ത് ആഗ്രഹിക്കുന്നുവോ, അതു നടക്കരുത് എന്ന ചിന്തയാണ് സംസ്ഥാനത്ത് ഒരു കൂട്ടരെ നയിക്കുന്നത്. ചില മാധ്യമങ്ങളും അതിനൊപ്പമാണ്. ഇന്ന് ഇറങ്ങിയ ഒരു പത്രത്തിന്റെ പ്രധാന തലക്കെട്ട് കണ്ടില്ലേ. ലൈഫ് മിഷൻ എന്നാൽ കൈക്കൂലിയുടെ പദ്ധതിയെന്ന പ്രതീതി വരുത്താനല്ലേ പത്രം ശ്രമിച്ചത്. അതാണോ സ്ഥിതി. കൂരയില്ലാത്ത 2.26 ലക്ഷം കുടുംബങ്ങൾക്കല്ലേ വീട് കിട്ടിയത്. അവർ ഇന്ന് സ്വന്തം വീടുകളിലാണ് എന്നും പിണറായി വിജയൻ പറഞ്ഞു.
ഓരോ പ്രദേശത്തും എങ്ങനെയാണ് വീടുകൾ പൂർത്തിയാക്കിയതെന്ന് ജനങ്ങൾക്കറിയാം. ബാക്കി വീടുകൾ പൂർത്തിയാക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതൊക്കെ നാടിന്റെ നേട്ടമായും അഭിമാനമായും വരുമ്പോൾ അതിനെ കരിവാരിത്തേക്കണം. അതിനാണ് ഇത്തരം പ്രചാരണവും വാർത്തകളും. ഏതെങ്കിലും ഒരു കരാറുകാരനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടന്നുവെങ്കിൽ അതിനെ ലൈഫ് മിഷനുമായി എന്തിന് ബന്ധപ്പെടുത്തണം എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. സർക്കാർ ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ മറച്ചുവെക്കണം. അതിനാണ് ഇത്തരത്തിലുള്ള പ്രചാരണം. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. ഒരു ദിവസത്തെ വാർത്ത കണ്ട് അവർ വിധിപറയില്ല. അവരുടെ അനുഭവം, നാടിന്റെ അനുഭവം - അതിേന്മേലാണ് ജനങ്ങൾ വിധിയെഴുത്ത് നടത്തുക.
മറുനാടന് ഡെസ്ക്