ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബാങ്കുകളെ പറ്റിച്ച് 9000 കോടി തട്ടിയ മദ്യരാജാവ് വിജയ് മല്യയെ വണ്ടിച്ചെക്ക് കേസ്സിൽ കുറ്റക്കാരനായി ഹൈദരാബാദ് കോടതി പ്രഖ്യാപിച്ചു. മല്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോടതി ശിക്ഷ മെയ് അഞ്ചിന് പ്രഖ്യാപിക്കും. മല്യക്കെതിരെ ഇന്ത്യൻ കോടതികളിൽ നിലവിലുള്ള ഒട്ടേറെ കേസുകളിൽ ആദ്യത്തേതാണ് ഇപ്പോൾ വിധിപറയാനായി മാറ്റിവച്ചിരിക്കുന്നത്.

മല്യക്കെതിരെ ജിഎംആർ ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ് കോടതിയെ സമീപി്ചത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ നടത്തിപ്പുകാരായ ജിഎംആർ മല്യയിൽനിന്ന് കിട്ടാനുള്ള തുക കുടിശികയായതോടെയാണ് കോടതിയെ സമീപിച്ചത്. മല്യ നൽകിയ ചെക്കുകളെല്ലാം മുടങ്ങിയതോടെ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് നൽകിയ രണ്ടുകോടി രൂപയുടെ ചെക്കുകൾ മടങ്ങിയതോടെയാണ് മല്യക്കെതിരെ കേസ് ഫയൽ ചെയ്തത്. ഈ കേസിൽ ഹൈദരാബാദ് കോടതി മാർച്ചിൽ നാല് ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ നേരിട്ട് ഹാജരാകാൻ മല്യ ഇതുവരെ തയ്യാറായിട്ടില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകളിൽനിന്നായി 9000 കോടി രൂപയോളമാണ് മല്യ വായ്പയെടുത്തത്. ഈ തുക തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ മല്യയ്‌ക്കെതിരെ ഈ കേസിലെ വിധി മെയ് അഞ്ചിനാണ് പ്രഖ്യാപിക്കുക. തനിക്കെതിരെ ഇന്ത്യയിലെ വിവിധ കോടതികളിൽ നിലനിൽക്കുന്ന ഒട്ടേറെ കേസുകളിൽ നിയമ നടപടി വരുമെന്ന് ഭയന്നാണ് മല്യ ബ്രിട്ടനിലേക്ക് മുങ്ങിയതും.