ന്യൂഡൽഹി: ചെക്കുകേസിൽ മലയാളി നഴ്സ് രാജേഷ് ചാക്കോയ്ക്ക് എതിരേയുള്ള കീഴ്ക്കോടതി നടപടി നിർത്തിവയ്ക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം. കേസിൽ കീഴ്ക്കോടതിയിൽ ഹാജരാകുന്നതിൽനിന്ന് രാജേഷിനെ ജസ്റ്റിസ് അനു മൽഹോത്ര ഒഴിവാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് വിചാരണ നിർത്തിവയ്ക്കാനാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. തൊഴിലുടമ നൽകിയ ഹർജിയാണ് മലയാളി നേഴ്‌സിനെ കുടുക്കിയത്.

രാജേഷ് നൽകിയ ചെക്ക് ബാങ്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയെന്ന് കാണിച്ച് തൊഴിലുടമയായ യൂണോർ എക്സിം പ്രൈവറ്റ് ലിമിറ്റഡാണ് തീസ് ഹസാരി കോടതിയിൽ പരാതി നൽകിയത്. കേസ് പരിഗനയ്ക്കെടുത്ത മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് രാജേഷിന് നോട്ടീസയച്ചു. ഇത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാജേഷ് ഹൈക്കോടതിയെ സമീപിച്ചത്. സെക്യൂരിറ്റിയെന്ന നിലയിൽ വാങ്ങിയ ചെക്കുപയോഗിച്ചാണ് തൊഴിലുടമ രാജേഷിനെ കേസിൽ കുടുക്കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് രാജേഷിന്റെ നിയമ പോരാട്ടം.

ഇടുക്കി സ്വദേശിയായ രാജേഷ് 2015 ജൂൺ പത്തിനാണ് യൂണോർ എക്സിമിൽ ചേരുന്നത്. തൊഴിൽ കരാറിന്റെ ഭാഗമായി ഒരു ബാങ്ക് ചെക്കും നൽകി. സെക്യൂരിറ്റിയെന്ന നിലയിലായിരുന്നു ഇത്. ഒരു വർഷത്തിനുശേഷം 2016 ജൂലായിൽ രാജിവയ്ക്കുകയാണെന്ന് കാണിച്ച് ഒരുമാസംമുമ്പേ കത്ത് നൽകി. രാജേഷ് ജോലിവിട്ടതിനെത്തുടർന്ന് ചെക്ക് മടങ്ങിയതായി കാണിച്ച് സ്ഥാപനം കേസ് നൽകുകയായിരുന്നു തൊഴിലുടമ ചെയ്തത്. പ്രതികാരം തീർക്കാനായിരുന്നു.

നിയമപരമായി ഒരു കടബാധ്യതയും തന്റെ കക്ഷിക്ക് ഇല്ലാതിരിക്കേ, ജോലിയിൽ ചേർന്നപ്പോൾ നൽകിയ ചെക്ക് ദുരുപയോഗം ചെയ്ത് സ്ഥാപനം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നെന്ന് രാജേഷിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഷാജി സെബാസ്റ്റ്യൻ വാദിച്ചു.

നിയമവിരുദ്ധമായ തൊഴിൽ കരാറുകൾ നിലനിൽക്കുന്നതല്ലെന്ന് സുപ്രീംകോടതി വിവിധ ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. തുടർന്ന് കീഴ്ക്കോടതിയിലെ നടപടികൾ നിർത്തിവയ്ക്കാൻ സിംഗിൾ ബെഞ്ച് നിർദേശിക്കുകയായിരുന്നു.