തിരുവനന്തപുരം: രാഷ്ട്രീയ തിരക്ക് വിട്ട് ചെറിയാൻ ഫിലിപ്പ് വീണ്ടും എഴുത്തിലേക്ക്. 40 വർഷത്തെ രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന പംക്തിക്ക് ഇടതും വലതും എന്നായിരിക്കും പേരെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ രണ്ട് തവണയും രാജ്യസഭയിലേക്ക് അദ്ദേഹത്തിന്റെ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും അത് നടന്നില്ല. ഇന്നലെ സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ ചരിത്രം തുറന്നെഴുതാൻ പോകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. 40 വർഷം മുമ്പ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ കാൽ നൂറ്റാണ്ട് എന്ന പുസ്തകം രാഷ്ട്രീയ തിരനാടകങ്ങൾ അനാവരണം ചെയ്ത പുസ്തകമായിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ

'ഇടതും വലതും ' -എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും. നാല്പതു വർഷം മുൻപ് ഞാൻ രചിച്ച 'കാൽ നൂറ്റാണ്ട് ' എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര മാധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്. ഇ എം എസ്, സി.അച്യുതമേനോൻ, കെ.കരുണാകരൻ, എ.കെ ആന്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പിന്തുടർച്ചയായ നാല്പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.

കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.

ഇടതും വലതും - എന്നായിരിക്കും ചരിത്ര പുസ്തകത്തിന്റെ തലക്കെട്ട്.