- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാട്ടി ഹൈക്കമാണ്ടും; പഴയ വിശ്വസ്തനെ തിരിച്ചെത്തിക്കാൻ മുന്നിട്ടിറങ്ങിയത് ആന്റണി; ചെന്നിത്തലയും മുല്ലപ്പള്ളിയും കെസിയും എതിർക്കില്ല; മനസ്സ് തുറക്കാതെ ഉമ്മൻ ചാണ്ടി; തിരിച്ചെത്താൻ സന്നദ്ധ അറിയിച്ചാൽ തടസ്സമുണ്ടാകില്ല; ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസുകാരനാകുമോ?
തിരുവനന്തപുരം: കോൺഗ്രസിലേക്ക് മടങ്ങി വരാൻ ചെറിയാൻ ഫിലിപ്പ് ആഗ്രഹിച്ചാൽ അതിന് കോൺഗ്രസ് ഹൈക്കമാണ്ട് എതിർക്കില്ല; ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന് കോൺഗ്രസിലേക്ക് മടങ്ങിയത്താൻ ആഗ്രമുണ്ടെന്നും അതിനോട് അനുകൂല നിലപാട് എടുക്കണമെന്നും ഹൈക്കമാണ്ടിനെ എകെ ആന്റണി അറിയിച്ചതായാണ് സൂചന. മുതിർന്ന നേതാവായ ആന്റണിക്ക് ചെറിയാൻ കോൺഗ്രസിൽ മടങ്ങി എത്തണമെന്ന അതിയായ ആഗ്രഹമാണ് ഉള്ളത്. ചെറിയാനെ പ്രകോപിപ്പിക്കരുതെന്ന സന്ദേശം കേരളത്തിലെ നേതാക്കൾക്കും ആന്റണി നൽകിയിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലും ആന്റണിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിലേക്കുള്ള മടങ്ങി വരവിൽ ചെറിയാൻ ഫിലിപ്പ് പരസ്യ പ്രതികരണം നടത്തിയാൽ കോൺഗ്രസ് അനുകൂല തീരുമാനം തന്നെ എടുക്കും.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഷ്ട്രീയം പറയാമെന്നാണ് ചെറിയാന്റെ നിലപാട്. ഇത് കോൺഗ്രസിനോട് ചേർന്നു പോകുന്നതാകുമെന്ന് ആന്റണി അടക്കമുള്ളവർ കരുതുന്നു. കെ എസ് യുവെന്ന പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും നൽകിയ ചെറിയാനെ ആ പരിഗണനയിൽ പഴയതെല്ലാം മറന്ന് തിരിച്ചെടുക്കും. പാർട്ടി വിട്ടു പോയ കെ കരുണാകരനും കെ മുരളീധരനും വരെ കോൺഗ്രസിൽ തിരിച്ചെത്തിയ മാതൃക ചെറിയാന്റെ കാര്യത്തിലും സ്വീകിരക്കും. ഉപാധികളില്ലാതെ തിരിച്ചെടുത്താലും അർഹിക്കുന്ന പരിഗണനയും സ്ഥാനവും കോൺഗ്രസും ചെറിയാന് നൽകും. രാജ്യസഭാ സീറ്റ് നിഷേധം ചെറിയാനെ വേദനിപ്പിച്ചുണ്ടെന്ന് സിപിഎമ്മിനും അറിയാം. എന്നാൽ ചെറിയാനുമായി ചർച്ചകൾ വേണ്ടെന്നാണ് സിപിഎം നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനൊഴികെ ആർക്കും സിപിഎമ്മിൽ ചെറിയാനോട് താൽപ്പര്യമില്ലെന്നതാണ് വസ്തുത.
തന്റെ വ്യക്തി ജീവിതത്തെയും രാഷ്ട്രീയത്തെയും കോവിഡ് ലോകത്തോട് ഉപമിച്ച് ചെറിയാൻ ഫിലിപ്പ് ചില രാഷ്ട്രീയ സൂചനകളും നൽകിയിരുന്നു. കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിലേക്ക് മടങ്ങിവരണമെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായത്. ഇതിനൊപ്പമാണ് ഹൈക്കമാണ്ട് തലത്തിൽ ചെറിയാന് അനുകൂലമാകുന്ന വിധത്തിലെ തീരുമാനം ആന്റനിയും എടുപ്പിക്കുന്നത്.
സിപിഎമ്മിനാൽ രണ്ട് തവണ വഞ്ചിക്കപ്പെട്ട ചെറിയാൻ ഫിലിപ്പ് പാർട്ടിയിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂല നിലപാടുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അപരാധങ്ങളേറ്റു പറഞ്ഞ്, തെറ്റുകൾ തിരുത്തി തിരിച്ചു വന്നാൽ അർഹിക്കുന്ന പ്രാധാന്യത്തോടെ കോൺഗ്രസ് സ്വീകരിക്കും. തുടലിലിട്ട കുരങ്ങനെ പോലെയാണ് ചെറിയാൻ ഫിലിപ്പിന്റെ സിപിഎമ്മിലെ സ്ഥാനം. വിമതരെ സ്വീകരിക്കുന്നതിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാൻ ഫിലിപ്പ്. രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുവട്ടം വഞ്ചിച്ചു. സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവന്ന ചെറിയാന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോൺഗ്രസ് പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നുവെന്നും വീക്ഷണം മുഖപ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നു.
മുഖപ്രസംഗത്തോട് പ്രതികരിച്ച ചെറിയാൻ ഫിലിപ്പ്, രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ശരീരത്തിലും മനസ്സിലും കറപുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. വീക്ഷണത്തിലെ വിമർശനത്തോടും കളിയാക്കലിനോടും പ്രതികരിച്ചതുമില്ല. ഇതിന് പിന്നിലും ആന്റണിയുടെ ഇടപെടലുണ്ടെന്നാണ് സൂചന. പിന്നീട് ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും തള്ളിപ്പറഞ്ഞതിന്റെ വേദനയും ചെറിയാൻ ഫിലിപ്പ് വിശദീകരിച്ചിരുന്നു.
2001ൽ കോൺഗ്രസ് വിട്ട ചെറിയാൻ ഫിലിപ്പിന് സിപിഎം രണ്ടുനിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റ് നൽകി. രണ്ടുതവണയും സ്വതന്ത്രനായാണ് ചെറിയാൻ ഫിലിപ്പ് മൽസരിച്ചത്. പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നില്ല. അരിവാൾ ചുറ്റികയിൽ മൽസരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞതുമില്ല. ഇത്തവണ രാജ്യസഭയിലേക്ക് സിപിഎം സ്ഥാനാർത്ഥികൾ തന്നെ വേണം എന്ന് തീരുമാനിച്ചതോടെ കഴിഞ്ഞ അഞ്ചുവർഷക്കാലം തനിക്കായി മാധ്യമഏകോപനം നിർവഹിക്കുകയും തന്ത്രങ്ങൾ മെനയുകയും ചെയ്ത ജോൺ ബ്രിട്ടാസിന് ഒരു സീറ്റ് നൽകാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യത്തിലേക്ക് പാർട്ടിയും എത്തി. രണ്ടാമത്തെ സീറ്റിലേക്ക് വി.ശിവദാസനേയും തീരുമാനിച്ചു. ഇതോടെയാണ് ചെറിയാൻ ഇടതുപക്ഷവുമായി അകലാൻ തുടങ്ങിയത്.
കേരള രാഷ്ട്രീയത്തിലെ പോരാളിയാണ് ചെറിയാൻ ഫിലിപ്പ്. ഒരു കാലത്ത് കോൺഗ്രസിന്റെ എ ഗ്രൂപ്പിലെ പ്രധാനി. എകെ ആന്റണിയുടെ അതിവിശ്വസ്തൻ. ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മൻ ചാണ്ടിക്കായപ്പോൾ പാർട്ടിയിലെ കറിവേപ്പിലയായി. തിരുവനന്തപുരം വെസ്റ്റ് സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹം പാർലമെന്ററീ മോഹങ്ങൾ ഒരിക്കലും കാട്ടത്ത ചെറിയാൻ ഫിലിപ്പ് മുമ്പോട്ടു വച്ചപ്പോൾ ആ സീറ്റ് എംവി രാഘവന് കൊടുക്കുകയായിരുന്നു ഉമ്മൻ ചാണ്ടി ചെയ്തത്. അന്ന് പാർട്ടിയിൽ ഒറ്റപ്പെട്ടപ്പോൾ ആശ്വസിപ്പിക്കാനുണ്ടായിരുന്നത് ലീഡർ കെ കരുണാകരൻ മാത്രമായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷി പരിവേഷവുമായി ചെറിയാൻ ഫിലിപ്പ് സിപിഎം സഹയാത്രികനായി. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചു. അതും ഉറപ്പില്ലാത്ത സീറ്റുകളിൽ. ഇത്തവണയെങ്കിലും ചെറിയാൻ ഫിലിപ്പിന്റെ രാഷ്ട്രീയ മികവിന് അംഗീകാരമായി സിപിഎം രാജ്യസഭാ സീറ്റ് നൽകുമെന്ന് ഏവരും കരുതി. അതുണ്ടായില്ല.
കോൺഗ്രസ് നേത്വനിരയിൽ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന കാലത്താണ് 2001ൽ ചെറിയാൻഫിലിപ്പ് ഇടുതുപക്ഷത്തേക്ക് തിരിഞ്ഞത്. ഒരുകാലത്ത് എ.കെ.ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ചെറിയാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണെന്ന് ഏവരും കരുതുന്നു. ഇടത് സഹയാത്രികനായിട്ട് ഇരുപതുകൊല്ലമായി. ഇതിനിടെ മൂന്ന് തവണ സിപിഎം. നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. തീർത്തും ജയസാധ്യതയില്ലാത്ത പുതുപ്പള്ളിയിലും കല്ലൂപ്പാറയിലും വട്ടിയൂർക്കാവിലുമായിരുന്നു ആ മത്സരങ്ങൾ. തോൽക്കുന്ന സീറ്റിൽ പരാതി കൂടാതെ മ്ത്സരിച്ച ചെറിയാൻ ഫിലിപ്പിന് ഇത്തവണ രാജ്യസഭാ സീറ്റ് ഏവരും പ്രതീക്ഷിച്ചു. അതും കിട്ടുന്നില്ല.
1972-ലെ യൂണിവേഴ്സിറ്റി കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയായ ചെറിയാൻ ഫിലിപ്പ് വിജയിച്ച വാർത്ത പുറത്തുവന്ന അതേ ദിവസം യൂണിവേഴ്സിറ്റി കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കെഎസ് യു നേതാവ് ചെറിയാൻ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ട ചൊരുക്കാണ് എസ്എഫ്ഐ ഗുണ്ടകൾ ചെറിയാന്റെ ശരീരത്തിൽ തീർത്തത്. രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള വലിച്ചെറിയലിൽ ചെറിയാന്റെ കാലൊടിഞ്ഞു. നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. നട്ടെല്ലിന് ഏറ്റ ശക്തമായ ക്ഷതത്തിൽ ചെറിയാൻ ഫിലിപ്പിന് ജീവിതം തന്നെ നഷ്ടമായി. ഇവിടെ നിന്ന് എസ് എഫ് ഐ കോളേജിൽ കാലുറപ്പിക്കാനും തുടങ്ങി. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്നും ചെറിയാൻ ഫിലിപ്പ്.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർത്തിയാണ് ചെറിയാൻ കോൺഗ്രസ് വിടുന്നത്. താമസിയാതെ തന്നെ ചെറിയാൻ സിപിഎമ്മിലേക്ക് ചേക്കേറുകയും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ മത്സരിക്കുകയും ചെയ്തു. പിന്നീട് വട്ടിയൂർക്കാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ചെറിയാന് വിജയിക്കാനായില്ല. കെടിഡിസി ചെയർമാൻ പോസ്റ്റ് നൽകി സിപിഎം പക്ഷെ ചെറിയാനെ കൂടെ നിർത്തി. വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. പിന്നീട് സിപിഎം പ്രതിപക്ഷത്തായി. അപ്പോൾ കൈരളി ടിവിയിലൂടെ വിമർശനവുമായി കോൺഗ്രസ് രാഷ്ട്രീയത്തെ കടന്നാക്രമിച്ചു ഈ പഴയ ആന്റണിയുടെ വിശ്വസ്തൻ. എന്നാൽ ഇതൊന്നും ഇനി ചർച്ചയാക്കേണ്ടതില്ലെന്നതാണ് ആന്റണിയുടെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ