തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസിൽ. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനിൽ നിന്നും ചെറിയാൻ ഫിലിപ്പ് അഞ്ച് രൂപ നൽകി അംഗത്വം സ്വീകരിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട സിപിഎം ബാന്ധവം ഉപേക്ഷിച്ചാണ് പാർട്ടിയിലേക്ക് ചെറിയാൻ ഫിലിപ്പിന്റെ മടങ്ങിവരവ്.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ധീഖ്, പി ടി തോമസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസിലേക്കുള്ള മടക്കം.

ചെറിയാൻ ഫിലിപ്പിനെ രണ്ട് കൈയും നീട്ടി കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി സ്വീകരണ ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ചെറിയാനൊരു റോൾ മോഡലാണ്. സിപിഎമ്മിലേക്ക് പോകുന്നവർക്ക് പാഠപുസ്തകമാണ് ചെറിയാനെന്നും സുധാകരൻ പറഞ്ഞു.

ചെറിയ പരിഭവങ്ങളുടെ പേരിൽ മാറി നിൽക്കുന്നവരെ കോൺഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും നിരവധി ആളുകൾ ഇനിയും കോൺഗ്രസിലേക്ക് വരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചെറിയാന് ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ രക്ഷകർതൃത്വമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പതിറ്റാണ്ടു കാലം വിശ്വസ്തനായി നിന്ന ചെറിയാനെ ഇത്ര പെട്ടെന്ന് തള്ളിപ്പറയാൻ എങ്ങനെ പിണറായിക്ക് സാധിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.

പാലിൽ വെള്ളം ചേർത്ത് പാൽ ഇല്ലാതായത് പോലെ സിപിഎമ്മിൽ മാർക്‌സിസമില്ലാതായെന്ന് മറുപടി പ്രസംഗത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സിപിഎമ്മിന് കോൺഗ്രസുമായി സഖ്യമുണ്ടാക്കാമെങ്കിൽ തനിക്ക് കോൺഗ്രസിലേക്ക് മടങ്ങിപ്പോകുകയുമാവാം. കോൺഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ സിപിഎമ്മിന് കാൻസറാണ്. ഇവിടെ എല്ലാവരും ഒരുമിച്ച് നിന്നാൽ കോൺഗ്രസ് തിരിച്ച് വരുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

എ.കെ.ആന്റണി മുൻകൈ എടുത്താണ് ഇടതു അനുഭാവിയായിരുന്ന ചെറിയാനെ കോൺഗ്രസിലേക്കു മടക്കി കൊണ്ടുവരുന്നത്. വഴുതക്കാട്ടെ എ.കെ.ആന്റണിയുടെ വീട്ടിലെത്തി ചർച്ച നടത്തിയശേഷമായിരുന്നു മടങ്ങിവരവ് ചെറിയാൻ ഫിലിപ്പ് നേരത്തെ പ്രഖ്യാപിച്ചത്.

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്കു മടങ്ങിവരുന്നതിൽ സന്തോഷമുണ്ടെന്നും മടങ്ങിവരവ് കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും എ.കെ.ആന്റണി പ്രതികരിച്ചിരുന്നു. കിട്ടേണ്ട പരിഗണന പാർട്ടിയിൽ കിട്ടിയില്ല എന്ന മാനസിക പ്രയാസം ചെറിയാനുണ്ടായിരുന്നു. അങ്ങനെ വന്നപ്പോൾ വികാരപരമായി ചെറിയാൻ തീരുമാനമെടുത്തു.

സിപിഎമ്മുമായി അടുപ്പമുള്ളപ്പോഴും ചെറിയാൻ സിപിഎം അംഗത്വമെടുത്തില്ല എന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് എ.കെ.ആന്റണി പറഞ്ഞു. ചെറിയാൻ എടുത്ത ഏക പാർട്ടി അംഗത്വം കോൺഗ്രസിന്റെതാണ്. പഴയപോലെ ഏറ്റവും അടുത്ത സഹപ്രവർത്തകരായി പ്രവർത്തിക്കാൻ ഇപ്പോൾ സാഹചര്യമുണ്ടായി. ചെറിയാൻ തിരികെ വരുന്നതിൽ കോൺഗ്രസിലെ എല്ലാവർക്കും സന്തോഷമാണ്. കോൺഗ്രസിലേക്കുവരുമ്പോൾ കുടുംബത്തിലേക്കു വരുന്നതുപോലെയാണെന്നും ആന്റണി പറഞ്ഞിരുന്നു.