- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസ്സിലേക്ക് തിരികെ വിളിച്ച് വി ഡി സതീശൻ; മടങ്ങി വരണമെന്നും ചർച്ചയ്ക്ക് താൻ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ്; ചെറിയാൻ ഫിലിപ്പിനായി വാതിൽ തുറന്ന് കോൺഗ്രസ്
തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ്സിലേക്കുള്ള മടങ്ങിവരവിന് കൂടുതൽ വ്യക്തത വരുന്നു. ചെറിയാൻ ഫിലിപ്പിനെ സ്വാഗതം ചെയ്ത് വിഡി സതീശനും രംഗത്തെത്തി. പതിറ്റാണ്ട് കാലം ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ച ചെറിയാൻ ഫിലിപ്പ് ഇനി കോൺഗ്രസിലേക്ക് മടങ്ങി വരണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹം കോൺഗ്രസ്സിലേക്ക് മടങ്ങിവരണം എന്ന് അഭ്യർത്ഥിക്കുന്നു. അതിനായുള്ള ചർച്ചയ്ക്ക് മുൻകൈ എടുക്കുമെന്നും കോൺഗ്രസിലെ എല്ലാവരും അദ്ദേഹത്തെ രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
കോൺഗ്രസിലേക്ക് ഇനിയും ഒരുപാട് പേർ വരുമെന്നും സതീശൻ പറഞ്ഞു. കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു.ഇനി കടുക്കനിട്ടവരുടെ വരവാണ്.ആയിരക്കണക്കിന് പേര് ഇനിയുള്ള ദിവസങ്ങളിൽ കോൺഗ്രസിലേക്ക് വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോൾ തുടങ്ങിയ ചർച്ചകളാണ് അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്നത്. എ.കെ.ആന്റണിയുമായി ഫോണിൽ സംസാരിച്ച ചെറിയാൻ ഉപാധികളില്ലാതെ മടങ്ങിവരാൻ തയ്യാറാണെന്നാണ് അറിയിച്ചതായാണ് പുറത്ത് വരുന്ന വിവരം.
ഉപാധികളില്ലെന്ന് പറയുമ്പോഴും ചെറിയാൻ ഫിലിപ്പിനെ പോലൊരോൾക്ക് പദവി നൽകണമെന്നാണ് നേതൃത്വത്തിന്റെ താല്പര്യം. അതിലൂടെ ഇപ്പോൾ പാർട്ടി വിട്ട് പോയവർക്ക് സന്ദേശം നൽകാനുമാണ് നീക്കം. എടുത്ത് ചാടി എല്ലൊടുഞ്ഞുവെന്ന് പറഞ്ഞ് ചെറിയാൻ മടങ്ങിവരവ് പരസ്യമാക്കിയതോടെ കോൺഗ്രസിലെ ചർച്ചകൾ ഇനി വേഗത്തിലാകും. ആന്റണി പച്ചക്കൊടി കാണിച്ചതോടെ കെപിസിസി അധ്യക്ഷൻ തലസ്ഥാനത്തെത്തിയ ഉടൻ ചെറിയാനെ കണ്ടേക്കും.ചെറിയാൻ ഫിലിപ്പിനെ മടക്കികൊണ്ടു വരുന്ന കാര്യത്തിൽ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാവും എന്നാണ് സൂചന. നാളെയും മറ്റന്നാളുമായി ഇക്കാര്യത്തിൽ നേതാക്കൾ തമ്മിൽ ചർച്ച നടക്കും.
ഉടൻ പ്രഖ്യാപനവും നടത്തും. ചെറിയാന്റെ മടങ്ങിവരവ് വൻ ആഘോഷമാക്കാനാണ് ആലോചന. കെ പി അനിൽകുമാർ ഉൾപ്പടെയുള്ളവർ പാർട്ടിവിട്ടതിലൂടെ പകച്ച് പോയ നേതൃത്വത്തിനുള്ള പിടിവള്ളിയാകുകയാണ് ചെറിയാന്റെ മടങ്ങിവരവ്.
മറുനാടന് മലയാളി ബ്യൂറോ