- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയുടെ ഓഫീസിൽ ചീങ്കണ്ണികൾ; പല മന്ത്രിമാർക്കും അദ്ദേഹത്തെ കാണുമ്പോൾ മൂത്രമൊഴിക്കുന്ന അവസ്ഥ; പലതും മുഖ്യമന്ത്രി അറിയുന്നുമില്ല; സിപിഎമ്മിനെ കടന്നാക്രമിക്കാൻ ആയുധം കിട്ടിയ ആവേശത്തിൽ സുധാകരനും സതീശനും; പാർട്ടി സ്കൂളിന്റെ തലപ്പത്ത് ചെറിയാൻ എത്തുമോ? കോളടിച്ച ആവേശത്തിൽ കോൺഗ്രസ്
തിരുവനന്തപുരം: 'പിണറായി വിജയൻ എന്റെ രക്ഷിതാവു തന്നെയായിരുന്നു. എന്നാൽ താൻ ആരുടെയും രക്ഷിതാവല്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ വിഷമം തോന്നി. രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നു. തരാമെന്ന് സിപിഎം പറഞ്ഞിരുന്നെങ്കിലും വാക്കുപാലിച്ചില്ല. രാഷ്ട്രീയത്തിൽ മോഹങ്ങളുണ്ട്, അതിമോഹങ്ങളില്ല.' ചെറിയാൻ ഫിലിപ് ഇപ്പോൾ കാര്യങ്ങളെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കാതെ സിപിഎമ്മും രാഷ്ട്രീയത്തെ വിമർശിക്കുകയാകും കോൺഗ്രസിൽ തിരിച്ചെത്തിയ പഴയ ഇടതു സഹയാത്രികന്റെ രീതി.
സിപിഎമ്മിലെ ഉള്ളറ രഹസ്യമെല്ലാം ചെറിയാൻ ഫിലിപ്പിന് അറിയാം. എകെജി സെന്ററുമായാണ് ചേർന്ന് പ്രവർത്തിച്ചിരുന്നത്. സ്വർണ്ണ കടത്തിൽ ഉൾപ്പെടെയുള്ള വിവാദങ്ങളിൽ ചെറിയാന്റെ തുറന്നു പറച്ചിലുകൾ ഗുണകരമാക്കാനാണ് കോൺഗ്രസ് നീക്കം. അതുകൊണ്ട് തന്നെ ചെറിയാനെ മുന്നിൽ നിർത്തിയുള്ള പോരാട്ട വേദി തുറക്കാനാണ് കോൺഗ്രസ് ആലോചന. അതിന് കരുത്ത് പകരുന്നതാണ് ഇന്നലെ ചെറിയാൻ നടത്തിയ പ്രതികരണങ്ങളും. മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന പലതും ഇതിനോടകം ചെറിയാൻ പറഞ്ഞു കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെ പലരും ചീങ്കണ്ണികളാണെന്നും ആ ഓഫിസിലോ നാട്ടിലോ നടക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ലെന്നും ചെറിയാൻ ഫിലിപ് ആരോപിക്കുന്നു. ''കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നവ കേരള മിഷൻ കോഓർഡിനേറ്ററായിരുന്ന എന്റെ ഓഫിസ് മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെയായിരുന്നു. അവിടേക്ക് ആരൊക്കെ വരുന്നുണ്ടെന്നു ഞാനും കാണുന്നുണ്ട്. പക്ഷേ, മുഖ്യമന്ത്രി പലതും അറിയാറില്ല. അവിടത്തെ ചീങ്കണ്ണികൾ അദ്ദേഹത്തിന്റെ പ്രതിഛായ തകർക്കുന്നതു കാണുമ്പോൾ വിഷമിച്ചിട്ടുണ്ട്. അവർ ഇപ്പോഴും അവിടെയുണ്ട്-ചെറിയാൻ പറയുന്നു.
അവതാരങ്ങളെക്കുറിച്ചു പറയുന്ന മുഖ്യമന്ത്രി കൂടെയുള്ള ഈ ആൾക്കാരെ മനസ്സിലാക്കുന്നില്ല. ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടമാകും. ഇത്തരം കാര്യങ്ങൾ അദ്ദേഹത്തോടു പറയാൻ മന്ത്രിമാർക്കും സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുമെല്ലാം ഭയമാണ്. പല മന്ത്രിമാരും അദ്ദേഹത്തെ കാണുമ്പോൾ മൂത്രമൊഴിക്കുന്ന അവസ്ഥയാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കായി ദുബായിലെ റെഡ് ക്രസന്റുമായി കരാർ ഒപ്പിട്ടത് മിഷൻ കോ ഓർഡിനേറ്ററായ ഞാനറിഞ്ഞത് പത്രത്തിൽ വായിച്ചാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരാണു രഹസ്യനീക്കങ്ങൾ നടത്തിയത്. എന്നെ അറിയിക്കാത്ത കാര്യമായതിനാൽ ഇഡിയുടെ അന്വേഷണം വന്നപ്പോൾ ചോദ്യംചെയ്യലിനു വിധേയനാകേണ്ടി വന്നില്ല'' ചെറിയാൻ പറഞ്ഞു.
ചെറിയാന് പാർട്ടിയിൽ സുപ്രധാനവും മാന്യവുമായ പദവി നൽകാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സിപിഎമ്മിലെയും സർക്കാരിലെയും ഉള്ളറയിലെ കഥകളറിയാവുന്ന ചെറിയാനെ മുൻനിർത്തിയുള്ള രാഷ്ട്രീയ നീക്കങ്ങളുമുണ്ടാകും. ബുധനാഴ്ച ഉച്ചയ്ക്ക് കെപിസിസി യോഗത്തിന് ശേഷം പ്രത്യേക ചടങ്ങിൽ ചെറിയാന് പാർട്ടി അംഗത്വം നൽകും. ഏകനായി പോയി ഏകനായാണ് മടങ്ങിവരവെങ്കിലും സിപിഎമ്മിനെ വരും ദിവസങ്ങളിൽ പ്രതിരോധത്തിൽ നിർത്താൻ കഴിയുന്ന വലിയ ആയുധമായിട്ടാണ് ചെറിയാനെ സുധാകരൻ കാണുന്നുത്.
കോൺഗ്രസ് വിട്ടു സിപിഎമ്മിലേക്ക് ചേക്കാറാൻ നിൽക്കുന്നവർക്കുള്ള മുന്നറിയിപ്പായും ചെറിയാനെ ഉയർത്തിക്കാട്ടും. 20 വർഷത്തിന് ശേഷം ഇടതു ബന്ധം അവസാനിപ്പിച്ച ചെറിയാൻ, സിപിഎമ്മിൽ പോകുന്നവർ പോയി അനുഭവിച്ച് വരട്ടെ എന്ന് പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. ചെറിയാൻ ഫിലിപ്പിന് മാന്യമായ പദവി നൽകുമെന്ന് നേതൃത്വം സൂചിപ്പിച്ചു. സെമി കേഡറിലേക്ക് മാറുന്ന പാർട്ടിയിൽ ഘടനാപരമായും അല്ലാതെയും വരുന്ന മാറ്റങ്ങളിൽ അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ പ്രയോജനപ്പെടുത്തും.
കെ.സുധാകരൻ പ്രഖ്യാപിചിട്ടുള്ള പാർട്ടി സ്‌കൂൾ പോലുള്ള സംവിധാനത്തിന്റെ തലപ്പത്ത് ചെറിയാനെ നിയോഗിച്ചേക്കും. പാർട്ടി അംഗത്വം നൽകിയ ശേഷം കെ.സുധാകരനും വി.ഡി.സതീശനും ചെറിയാൻ ഫിലിപ്പുമായി ആലോചിച്ചയായിരിക്കും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക.
മറുനാടന് മലയാളി ബ്യൂറോ