തിരുവനന്തപുരം: വർഷങ്ങളായി തുടർന്ന പീഡനം സഹിക്കവയ്യാതായപ്പോൾ യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച് ഇടതുസഹയാത്രികൻ ചെറിയാൻ ഫിലിപ്പ് മാപ്പു പറഞ്ഞു. ഭിന്നലിംഗക്കാരെ ആക്ഷേപിക്കുന്ന പ്രസ്താവനയ്‌ക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ തന്റെ ഫേസ്‌ബുക് പോസ്റ്റ് പിൻവലിച്ച് ചെറിയാൻ ഫിലിപ്പ് മാപ്പു പറയുകയായിരുന്നു.

''സ്വാമിയായാലും അച്ചനായാലും ഉസ്താദായാലും പെണ്ണിനോട് കളിവേണ്ട, ഭിന്നലിംഗ പട്ടികയിലാകും'' എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്ക് കാർഡ് ഇറക്കിയത്. ട്രാൻസ്ജെൻഡർ സമൂഹത്തെയാകെ അപഹസിക്കുന്ന പ്രസ്താവനയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ShameonYou ഹാഷ് ടാഗിൽ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ചതായി അറിയിച്ചുകൊണ്ട് ചെറിയാൻ ഫിലിപ്പ് അടുത്ത കാർഡിറക്കി.

 

'സ്വാമിയുടെ ലിംഗഛേദവുമായി ബന്ധപ്പെട്ട എന്റെ പോസ്റ്റിൽ തെറ്റുണ്ടായതിൽ ഖേദിക്കുന്നു. ആ പോസ്റ്റ് പിൻവലിക്കുന്നു.'' എന്നാണ് ചെറിയാൻ വിവാദങ്ങൾക്ക് മറുപടി നൽകിയത്.

ലിംഗം ഛേദിക്കപ്പെട്ട ബലാത്സംഗിയെ സമൂഹത്തിൽ തുല്യതയ്ക്ക് വേണ്ടി പോരാടുന്ന ട്രാൻസ്ജെൻഡറുകളുമായി താരതമ്യം ചെയ്തു എന്നതാണ് പൊതുവെ ഉയർന്ന ആരോപണം. മതപുരോഹിതർ നടത്തുന്ന ബലാത്സംഗങ്ങളെ മതേതരമായി വിമർശിക്കുകയും ചെയ്യുന്നുണ്ട് ഈയവസരത്തിൽ ചെറിയാൻ ഫിലിപ്പ്.