കോട്ടയം: ജീവിതത്തിൽ ഒന്നിനെക്കുറിച്ചും ഇതുവരെ ഭയപ്പെട്ടിട്ടില്ലാത്ത ഞാനിപ്പോൾ ഏറ്റവുമധികം ഭയപ്പെടുന്നത് ഫേസ്‌ബുക്കിനെയാണെന്നു ചെറിയാൻ ഫിലിപ്പ്. ഫേസ്‌ബുക്കിൽ തെന്നി വീണ കഴുതയാണ് താനെന്നും പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തെപ്പറ്റി ചെറിയാൻ ഫിലിപ്പിട്ട പോസ്റ്റ് വിവാദമായിരുന്നു. സ്ത്രീവിരുദ്ധ പരാമർശമാണു ചെറിയാൻ നടത്തിയതെന്നായിരുന്നു വിമർശനം.

ആ പോസ്റ്റിന്റെ പേരിൽ ഏറെ പഴി ചെറിയാനു കേൾക്കേണ്ടി വന്നു. വിവാദപോസ്റ്റിൽ ചെറിയാനു ഖേദം പ്രകടിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ തനിക്ക് ഏറ്റവുമധികം പേടിയുള്ളത് ഫേസ്‌ബുക്കിനെയാണെന്നു ഫേസ്‌ബുക്കിൽ തന്നെ കുറിപ്പിട്ട് ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയത്.

'ജീവിതത്തിൽ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോൾ ഫേസ്‌ബുക്ക് എന്നു കേൾക്കുമ്പോൾ തന്നെ ഭയവിഹ്വലതയാണ്. ഫേസ്‌ബുക്കിൽ തെന്നി വീണ കഴുതയാണ് ഞാൻ'- എന്നാണു ചെറിയാൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

അതിനിടെ, മറ്റൊരു പോസ്റ്റു കൂടി ഇതോടനുബന്ധിച്ചു ചെറിയാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൈബർ ഗുണ്ടായിസമാണു തനിക്കെതിരെ നടക്കുന്നതെന്നും ഇതൊന്നും മാദ്ധ്യമപ്രവർത്തകർ കാണുന്നില്ലേ എന്നും ചെറിയാൻ ചോദിക്കുന്നു.

'കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതുമായ നിരവധി പോസ്റ്റുകളും കമന്റുകളുമാണ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പലതും കുറ്റകരവും നിയമ നടപടിക്കു വിധേയമാക്കാവുന്നതുമാണ്. എന്നെ തുടർച്ചയായി വേട്ടയാടിയ മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ മൗനം ഭജിച്ചപ്പോൾ വേദന തോന്നി. എന്റെ മാനത്തിനും വിലയില്ലേ. സുഹൃത്തുക്കളേ, ഇതു സൈബർ ഗുണ്ടായിസമല്ലേ. പ്രഖ്യാപിത മനുഷ്യാവകാശപ്രവർത്തകരെ ആരെയും കണ്ടില്ല.' - എന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു.