ആലപ്പുഴ: ശമ്പള പരിഷ്‌ക്കരണവും പുറത്താക്കിയ നേഴ്സുമാരെ തിരിച്ചെടുക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ചേർത്തല കെ.വി എം ആശുപത്രിയുടെ മുന്നിൽ നേഴ്സസ് സംഘടനായ യു.എൻ.എ നടത്തിയ സമരം പൊളിക്കാൻ കൂട്ടു നിന്നത് കരുണാമയനും സ്നേഹസ്വരൂപനുമായ യേശുദേവന്റെ ദേവാലയത്തിന്റെ പ്രതി നിധികൾ.

കഴിഞ്ഞ ദിവസത്തെ സമരത്തിൽ പങ്കെടുക്കുന്ന മുഴുവൻ പ്രവർത്തകർക്കും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുവാൻ സമരപന്തലിന് സമീപത്തെ സെ്ന്റ് സെബാസ്റ്റ്യൻ ചർച്ചിലെ ശുചി മുറി ഉപയോഗിക്കാമെന്ന് ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ജയു.എൻ.എയ്ക്ക് ഉറപ്പ് നൽകിയിരുന്നു.

ഇത് സംബന്ധിച്ച് വിവരം ചേർത്തലയിലെ ദേവാലയത്തിൽ വിളിച്ചറിയിക്കുകയും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നും ബിഷപ്പ് ഹൗസിൽ നിന്നും അറിയിക്കുകയും ചെയ്തു. എന്നാൽ സമരത്തിനെത്തിയ പ്രവർത്തകരെ ഞെട്ടിച്ചു കൊണ്ട് രാവിലെ ആറുമണിമുതൽ പള്ളിയുടെ ഗേറ്റ് പൂട്ടുകയും ഒരു സെക്യൂരിറ്റിക്കാരനെ നിർത്തുകയുമായിരുന്നു പള്ളി അധികാരികൾ.

സെക്യൂരിറ്റിയോട് വിവരങ്ങൾ ചോദിച്ചപ്പോൾ സമരക്കാരെ ഒരു കാരണവശാലും കടത്തി വിടരുത് എന്ന് നിർദ്ദേശമുണ്ടെന്നാണ് അറിയിച്ചത്. ഇത് യു.എൻ.എ പ്രവർത്തകരെ ഏറെ വേദനിപ്പിച്ചു. കേരളത്തിന്റെ പലഭാഗത്ത് നിന്നും എത്തിയ പതിനായിരക്കണക്കിന് പ്രവർത്തകർക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ വഴിയില്ലാതായതോടെ കാര്യം അറിഞ്ഞ സുമനസ്സുകളായ നാട്ടുകാർ സ്വന്തം വീടുകളിലെ ശുചിമുറികൾ ഇവർക്കായി തുറന്ന് നൽകി.

സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ പ്രധാന പരിപാടികൾ സ്പോൺസർ ചെയ്യുന്നത് കെ.വി എം മുതലാളി ഹരിദാസാണ്. കൂടാതെ പുതിയതായി നിർമ്മിക്കുന്ന ഹാളിനായി നല്ലൊരു തുകയും സംഭാവന നൽകിയിട്ടുണ്ട്. ഇതിനോടുള്ള നന്ദി സൂചകമായിട്ടാണ് പള്ളി അധികാരികൾ രാവിലെ തന്നെ പള്ളിയുടെ ഗേറ്റ് പൂട്ടി സെക്യൂരിറ്റിയെ ഏർപ്പെടുത്തിയത് എന്ന് നാട്ടുകാർ പറയുന്നു.