- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യ ലഹരിയിൽ ഉമ്മറപ്പടിയിൽ കിടന്നുറങ്ങിയ രാമകൃഷ്ണനെ ഭാര്യയും മക്കളും കാമുകന്മാരും ചേർന്ന് സാരി ഉപയോഗിച്ച് കഴുക്കോലിൽ കെട്ടിതൂക്കി; മരിച്ചുവെന്ന് ഉറപ്പാക്കാൻ കോംപസ് ഉപയോഗിച്ച് കഴുത്തിൽ കുത്തി; മകളുടെ ഷാളിൽ പൊലീസ് പട്ടി കടിച്ചത് തുമ്പായി; അറസ്റ്റിലായത് ഭാര്യയും മകളും കാമുകനും; ചെറുപുഴയിലെ മരണം കൊലപാതകമാകുമ്പോൾ
കണ്ണുർ :ചെറുപുഴയിൽ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഭാര്യയും പെൺമക്കളുടെ കാമുകന്മാരും അറസ്റ്റിൽ. പെൺമക്കളുടെ പ്രണയം വിവാഹം എതിർത്തതിനാണ് ഉറ്റവർ തന്നെ അരുംകൊല നടത്തിയതെന്ന് പൊലിസ് പറഞ്ഞു. ചെറുപുഴ
കടുമേനി പട്ടികജാതി കോളനിയിലെ ഗൃഹനാഥന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും മകളും മക്കളുടെ കാമുകന്മാരും സുഹൃത്തുമാണ് അറസ്റ്റിലായത്.
കോളനിയിലെ പാപ്പിനിവീട്ടിൽ രാമകൃഷ്ണ(47)നെയാണ് കഴിഞ്ഞ ദിവസം കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭാര്യയെയും മക്കളെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. സംഭവത്തിൽ രാമകൃഷ്ണന്റെ ഭാര്യ പി.കെ തമ്പായി(40), മകൾ പി.ആർ രാധിക(19), മക്കളുടെ കാമുകന്മാരായ പാപ്പിനിവീട്ടിൽ പി.എസ് സനിൽ(19), പാപ്പിനിവീട്ടിൽ പി.എം മഹേഷ് (19), മറ്റൊരു കൗമാരക്കാരൻ, പ്രായപൂർത്തിയാകാത്ത മറ്റൊരു മകൾ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ 22ന് രാവിലെയാണ് വീടിന് സമീപത്തെ കുറ്റികാട്ടിൽ രാമകൃഷ്ണന്റെ മൃതദേഹം കണ്ടെത്തുന്നത്. കഴുത്തിൽ തോർത്തുമുണ്ട് ചുറ്റികെട്ടിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. അന്നുതന്നെ മരണം കൊലപാതകമാണെന്ന് ആരോപിക്കുകയും മൃതദേഹം മറവുചെയ്യുന്നത് നാട്ടുകാർ തടയുകയും ചെയ്തിരുന്നു. തുടർന്ന് ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ പി.രാജേഷ്, എസ്‌ഐ കെ.പി രമേശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
രാമകൃഷ്ണന്റെ മക്കളുമായി രണ്ട് യുവാക്കൾക്ക് പ്രണയമുണ്ടായിരുന്നു. ഇതിന് ഭാര്യ ഒത്താശയും ഉണ്ടായിരുന്നു. ഇതിൽ ഒരു പെൺകുട്ടി ഗർഭിണിയാണെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ രാമകൃഷ്ണൻ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 22ന് രാത്രി മദ്യലഹരിയിൽ വീട്ടിലെത്തി ഉമ്മറപ്പടിയിൽ കിടന്നുറങ്ങിയ രാമകൃഷ്ണനെ ഭാര്യയും മക്കളും കാമുകന്മാരും ചേർന്ന് സാരി ഉപയോഗിച്ച് വീട്ടിന്റെ കഴുക്കോലിൽ കെട്ടിതൂക്കുകയായിരുന്നു.
മരിച്ചുവെന്ന് ഉറപ്പു വരുത്താനായി കോംപസ് ഉപയോഗിച്ച് കഴുത്തിൽ കുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പുലർച്ചെ മൂന്നോടെ മൃതദേഹം വീടിന് സമീപത്തെ കാട്ടിനുള്ളിൽ മറവു ചെയ്യാൻ കാമുകന്മാരുടെ സുഹൃത്തായ കൗമാരക്കാരനെ വിളിച്ചുവരുത്തി. മരണവുമായി ബന്ധപ്പെട്ട് ഡോക് സ്‌ക്വാഡ് സംഘമെത്തിയപ്പോൾ പ്രതിയായ പെൺകുട്ടിയുടെ ഷാൾ നായ മണംപിടിക്കുകയും കടിച്ച് വലിക്കുകയും ചെയ്തിരുന്നു.
ഇതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. രാമകൃഷ്ണനെ കൊലപ്പെടുത്തിയശേഷം മക്കളുടെ വിവാഹം നടത്തിക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം. രാവിലെ തെളിവെടുപ്പിനു ശേഷം ഹോസ്ദുർഗ് ഒന്നാംക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.