ഇടുക്കി: ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറക്കാൻ തീരുമാനിച്ചത്. ഒക്ടോബർ 20, 21, 22 തീയതികളിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന മഴയിൽ എത്ര വെള്ളം നിറയുമെന്ന് ആർക്കും ഉറപ്പില്ല. മഴയ്‌ക്കൊപ്പം ഡാം തുറന്നാൽ പ്രതിസന്ധി രൂക്ഷമാകും. രക്ഷാപ്രവർത്തനം പോലും അടിതെറ്റും. ഈ സാഹചര്യത്തിലാണ് എറണാകുളത്തിനു കൂടുതൽ സുരക്ഷ ഏർപ്പെടുത്താനായി രണ്ടു അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നത്.

ഇടുക്കി ഡാം തുറക്കുന്നതിനുള്ള അവസാനവട്ട ക്രമീകരണങ്ങൾ പുരോഗമിക്കു ന്നു. നിലവിലെ തീരുമാന പ്രകാരം രാവിലെ 10.55 ന് സൈറൺ മുഴക്കും, മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഡാം ഷട്ടർ തുറക്കും. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറൺ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്‌സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും.

ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രാവിലെ 6 - ന് തുറന്നു. ഷട്ടറുകൾ 80 സെ.മീ വീതം ഉയർത്തി, സെക്കന്റിൽ100 ക്യൂബിക് മീറ്റർ അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വ്യതിയാനം ഉണ്ടാവില്ലന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഇടമലയാറിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലും, തുലാവർഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യതയും മുൻനിർത്തിയുമാണ് ഡാം ഇപ്പോൾ തുറന്നിട്ടുള്ളത്. ഡാമുകളിൽ അപകടവസ്ഥ ആയിട്ടില്ലെങ്കിലും കെ എസ് ഇ ബി യെ സംബന്ധിച്ചിടത്തോളം ഏറെ വിലപിടിപ്പുള്ള ജലം തുറന്നു വിടുന്നത് പൊതുജനതാൽപ്പര്യം കണക്കിലെടുത്താണെന്ന് കെ എസ് ഇ ബി പറയുന്നു.

1981ൽ 11 ദിവസമാണു ഇടുക്കി ഷട്ടറുകൾ ഉയർത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്നു പെരിയാറിലേക്ക് ഒഴുക്കി. 1992 ൽ 13 ദിവസം ഷട്ടറുകൾ ഉയർത്തിയപ്പോൾ 2774.734 മെട്രിക് ഘന അടി വെള്ളം ഒഴുക്കിവിട്ടു. 2018 ഓഗസ്റ്റിലാണ് മൂന്നാം തവണ തുറന്നത്. അന്ന് ഓഗസ്റ്റ് 9 ന് തുറന്ന ഷട്ടറുകൾ സെപ്റ്റംബർ ഏഴിനാണ് താഴ്‌ത്തിയത്. ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെതുടർന്നാണ് 2018 ഒക്ടോബർ 6 ന് ഡാം വീണ്ടും തുറന്നത്. തൊട്ടടുത്ത ദിവസം കാലാവസ്ഥാ മുന്നറിയിപ്പ് പിൻവലിച്ചതോടെ അണക്കെട്ട് അടച്ചു.

ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ 11ന് തുറക്കും. ഇടമലയാർ അണക്കെട്ട് രാവിലെ 6ന് തുറന്നു.. പമ്പ അണക്കെട്ടും ചെറുതായി തുറക്കണമെന്നാണു കെഎസ്ഇബി ശുപാർശ നടപ്പിലാക്കി കഴിഞ്ഞു. കക്കി, ഷോളയാർ, മാട്ടുപെട്ടി, പെരിങ്ങൽകുത്ത്, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ എന്നിവയാണ് തുറന്നിരിക്കുന്ന അണക്കെട്ടുകൾ. പമ്പയിലും കല്ലാറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, ഇടമലയാർ, പൊന്മുടി എന്നിവിടങ്ങളിൽ ജാഗ്രതയുണ്ട്.

ജലനിരപ്പ് ക്രമതീതമായി ഉയർന്നതിനെതുടർന്നു കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയും മറ്റൊരു വൻകിട അണക്കെട്ടായ ഇടമലയാറും തുറക്കുവാൻ കെ എസ് ഇ ബി നിർദ്ദേശിക്കുകയായിരുന്നു.