തിരുവനന്തപുരം: ചെറുവള്ളിയിൽ തന്നെ ശബരിമല വിമാനത്താവളം വേണെന്ന നിലപാടിൽ ഉറച്ച് പിണറായി സർക്കാർ. ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും ഉന്നയിച്ച ചോദ്യങ്ങൾക്ക് സംസ്ഥാനം മറുപടി തയാറാക്കുന്നത് ചെറുവള്ളിയിൽ എല്ലാ തരത്തിലും അനുയോജ്യമായ സ്ഥലമാണെന്ന സൂചനയിലാണ്.

അമേരിക്കൻ കൺസൾട്ടൻസി കമ്പനിയായി ലൂയി ബഗ്ർ പുതുക്കിയ റിപ്പോർട്ട് സമർപിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറുപടി തയാറാക്കിയത്. കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) വിശദമായ പരിശോധനകൾക്കുശേഷം റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് അയയ്ക്കും. ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. കേരളം സമർപിച്ച റിപ്പോർട്ടിൽ വ്യോമയാന മന്ത്രാലയം വിശദീകരണം തേടിയപ്പോഴാണ് വിമാനത്താവളം നിർമ്മിക്കാൻ എസ്റ്റേറ്റ് പറ്റിയതല്ലെന്നു ഡിജിസിഎ മറുപടി നൽകിയത്.

എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിച്ചാൽ കോഴിക്കോട് വിമാനത്താവളം പോലെ ടേബിൾടോപ് വേണ്ടിവരില്ലേ എന്ന ആശങ്ക ഡിജിസിഎ പങ്കുവച്ചിരുന്നു. വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം വലിയ കുന്നല്ലെന്നും ഭൂമി നിരത്തുമ്പോൾ കുഴികൾ ഒഴിവാകുമെന്നും കൃത്യമായ രേഖകൾ സഹിതം വിശദീകരിക്കും. ഇതോടെ തന്നെ ഡിജിസിഎ എല്ലാം അംഗീകരിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ബിലീവേവ്‌സ് ചർച്ച കൈവശം വച്ചിരിക്കുന്ന ചെറുവള്ളിയിൽ തന്നെ വിമാനത്താവളം മതിയെന്നതാണ് കേരളത്തിന്റെ നിലപാട്.

രാജ്യാന്തര വിമാനത്താവളത്തിനാവശ്യമായ 3000 മീറ്റർ നീളമുള്ള റൺവേ ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാനാകുമെന്നതിന്റെ തെളിവുകളും സമർപിക്കും. റൺവേയ്ക്ക് നീളക്കുറവ് ഉണ്ടാകുമെന്ന ആശങ്ക ഡിജിസിഎ ഉയർത്തിയിരുന്നു. കെഎസ്‌ഐഡിസിയും കൺസൾട്ടന്റ് സ്ഥാപനമായ ലൂയി ബഗ്‌റും റിപ്പോർട്ടിൽ ഒപ്പിട്ടില്ലെന്ന ഡിജിസിഎയുടെ ചോദ്യത്തിനു മറുപടിയായി ഒപ്പിട്ട കോപ്പി നൽകും. ഇതോടെ ഈ പ്രശ്‌നവും തീരുമെന്നാണ് വിലയിരുത്തൽ.

എന്തുവന്നാലും ചെറുവള്ളിയിൽ തന്നെ വിമാനത്താവളം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരള സർക്കാർ. ഈ ഭൂമി കേസ് കോടതിയുടെ പരിഗണനയിലാണ്. അത് എങ്ങനേയും പരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പുതിയ വിവാദം. കേരള വ്യവസായ വികസന കോർപറേഷനും (കെഎസ്ഐഡിസി) യുഎസ് കൺസൽറ്റൻസി കമ്പനിയായ ലൂയി ബഗ്റും ചേർന്നു തയാറാക്കിയ സാങ്കേതിക സാധ്യതാപഠന റിപ്പോർട്ടിൽ മന്ത്രാലയം ഡിജിസിഎയുടെ അഭിപ്രായം തേടിയിരുന്നു. ഒപ്പുവയ്ക്കുക പോലും ചെയ്യാതെ കെഎസ്ഐഡിസിയും യുഎസ് കമ്പനിയും ചേർന്നു തയാറാക്കിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്ന രൂക്ഷ പരാമർശവും ഡിജിസിഎ നടത്തിയിരുന്നു.

ചട്ടപ്രകാരം റൺവേക്ക് ആവശ്യമായ നീളവും വീതിയും ഉറപ്പാക്കാൻ ഈ സ്ഥലത്തു ബുദ്ധിമുട്ടാണെന്നും മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലേതുപോലെ ടേബിൾടോപ് റൺവേ വികസിപ്പിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപകട സാധ്യത ഏറെയാണ് ടേബിൾ ടോപ്പ് റൺവേകൾക്ക്. കരിപ്പൂർ-മംഗളൂരു വിമാനത്താവളങ്ങളിലെ വിമാന ദുരന്തകൾക്ക് പിന്നിലും ടേബിൾ ടോപ്പിന് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം റൺവേകളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

നിർദിഷ്ട വിമാനത്താവളം സമീപമുള്ള രണ്ടു ഗ്രാമങ്ങളെ ബാധിക്കും. രണ്ടും ജനവാസ മേഖലകളാണെന്നു പഠന റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും എത്രപേർ താമസിക്കുന്നുണ്ടെന്ന കൃത്യമായ കണക്കില്ല. കൊച്ചി വിമാനത്താവളത്തിൽനിന്ന് 88 കിലോമീറ്ററും തിരുവനന്തപുരത്തുനിന്ന് 110 കിലോമീറ്ററുമാണ് നിർദിഷ്ട വിമാനത്താവളത്തിലേക്കുള്ള ദൂരം. 150 കിലോമീറ്ററിനുള്ളിൽ പുതിയ വിമാനത്താവളത്തിനു സാധാരണഗതിയിൽ അനുമതി നൽകാറില്ല.

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോളുകളിൽനിന്നുള്ള സിഗ്‌നലുകൾ നിർദിഷ്ട വിമാനത്താവളത്തിന്റെ പരിധിയിലേക്കു കടക്കാൻ സാധ്യതയുണ്ട്.