പത്തനംതിട്ട: ശബരിമല സന്നിധാനത്തിനു വിളിപ്പാടകലെ എയർസ്ട്രിപ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. അന്തിമ തീരുമാനമായാൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഇവിടെ ആദ്യ വിമാനമിറങ്ങുമെന്നാണ് സൂചന. ചെറുവള്ളിയിൽ ശബരിമല വിമാനത്താവളം എന്ന ആവശ്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നതിനിടെയാണ് സന്നിധാനത്തിന് മുകളിൽ എയർ സ്ട്രിപ്പ്.

മുല്ലപ്പെരിയാർ അണക്കെട്ട് നിരീക്ഷണത്തിനായി ചെറുവിമാനം പറത്താനാവുന്ന തരത്തിലാണ് എയർ സ്ട്രിപ്പ്. കാട്ടുതീ കണ്ടെത്താൻ നിരീക്ഷണപ്പറക്കലും പ്രകൃതിദുരന്തം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിനും ഈ വിമാനത്താവളം ഉപയോഗിക്കാം. പത്ത് കോടി ചെലവിലാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്. പത്തനംതിട്ട ഇടുക്കി ജില്ലാ അതിർത്തിയിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ സത്രം വിനോദ സഞ്ചാര കേന്ദ്രത്തിനു താഴെ റവന്യു വകുപ്പ് വിട്ടുകൊടുത്ത 12 ഏക്കറിലാണ് എയർ സ്ട്രിപ്. ഇവിടെ നിന്ന് നടന്നിറങ്ങാവുന്ന ദൂരത്തിലാണ് ശബരിമല. തീർത്ഥാടന കാലത്ത് പുൽമേട് വഴി സന്നിധാനത്തേക്ക് ഇതിന് അടുത്തു കൂടെ യാത്ര ചെയ്യാറുമുണ്ട്.

ശബരിമല വിമാനത്താവളത്തിന് നിഷേധിക്കപ്പെട്ട പ്രാഥമികാനുമതി ഉൾപ്പെടെ എല്ലാ ലൈസൻസുകളും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുതിയ മൈക്രോ ലൈറ്റ് എയർസ്ട്രിപ്പിന് നൽകിയിട്ടുണ്ട്. ഭാവിയിൽ ശബരിമല വിമാനത്താവളത്തിന് അനുമതികൾ ലഭ്യമാകാൻ ഇതു സഹായകമാകുമെന്നു വ്യോമയാന വിദഗ്ദ്ധർ പറയുന്നു. സംസ്ഥാന സർക്കാരും പ്രതിരോധ വകുപ്പും ചേർന്നാണ് വണ്ടിപ്പെരിയാറിനും ശബരിമലയ്ക്കും ഇടയിൽ ഇതു വികസിപ്പിച്ചത്. എൻസിസി എയർവിങ് കെഡറ്റുകൾക്കു എയർ സ്ട്രിപ് രൂപകൽപന ചെയ്തത് പൊതുമരാമത്ത് വകുപ്പാണ്. പരിശീനം നൽകലാണ് പ്രധാന ലക്ഷ്യം.

പ്രതിവർഷം ആയിരത്തോളം എൻസിസി കെഡറ്റുകൾക്ക് ഇവിടെ പ്രവേശനം ലഭിക്കും. ഇടുക്കി ജില്ലയ്ക്കാവും മുൻഗണന. പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന 15 കേരള എൻസിസി ബറ്റാലിയനും പരിഗണന ലഭിക്കും. മേഖലയിൽ നിന്നു ഭാവിയിൽ വൈമാനികരെ കണ്ടെത്താൻ ഈ പരിശീലന കേന്ദ്രം പ്രയോജനപ്പെടും. താമസം ഉൾപ്പെടെ എല്ലാം സൗജന്യമായിരിക്കും. ശബരിമലയിലേക്കുള്ള ഹെലികോപ്ടർ സർവ്വീസുകളും ഇവിടെ ക്രമീകരിക്കാവുന്നതാണ്. ചെറിയ വിമാനങ്ങളിൽ തീർത്ഥാടകരെ എത്തിക്കാനും ഈ എയർ സ്ട്രിപ്പിലൂടെ കഴിയും. എന്നാൽ നിലവിൽ എൻസിസി കേഡറ്റുകളുടെ പരിശീലനം മാത്രമാണ് അജണ്ട.

650 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള റൺവേയുടെ നിർമ്മാണ ജോലികൾ പൂർത്തിയായി. വിമാനങ്ങൾ കയറ്റിയിടാനുള്ള ഹാംഗറിന്റെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്. ഓഫിസുകളും പരിശീലന മുറികളും മലയുടെ വശങ്ങളിൽ നിർമ്മിക്കും. മൂവാറ്റുപുഴ ആസ്ഥാനമായ കാഞ്ഞിരംകുന്നേൽ കൺസ്ട്രക്ഷൻസ് ആണ് 10 കോടിയോളം രൂപ ചെലവിൽ റൺവേ നിർമ്മാണത്തിന്റെ കരാറെടുത്തത്. മണ്ണും പാറയും മാറ്റി അവ ഉപയോഗിച്ചു തന്നെ കുന്നും ചെരിവുമായ സ്ഥലം നിരപ്പാക്കി ടാർ ചെയ്താണ് റൺവേ നിർമ്മിച്ചത്.

പീരുമേട് മലനിരകളിലെ കനത്ത മഴയും വെള്ളപ്പാച്ചിലും നിയന്ത്രിക്കാനുള്ള ചെറുകനാലുകളുടെയും ഡക്ട് കുഴലുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 940 മീറ്റർ (3083 അടി) ഉയരത്തിലാണ് പുതിയ എയർ സ്ട്രിപ്. കോട്ടയം കുമളി റോഡിലെ (ദേശീയ പാത 183) വണ്ടിപ്പെരിയാർ ടൗണിൽ നിന്ന് സത്രം കവല വഴി ഇവിടേക്ക് വരാൻ കേവലം 7 കിലോമീറ്റർ മാത്രം. പത്തനംതിട്ട ഗവി കുമളി ബസ് സഞ്ചരിക്കുന്ന വള്ളക്കടവ് ചെക് പോസ്റ്റിൽ നിന്ന് തേയില എസ്റ്റേറ്റ് വക ട്രാക്ടർ പാതയുണ്ട്. ഇതും 7 കിലോമീറ്ററാണ്. ഹരിത ചട്ടം പാലിച്ചായിരുന്നു നിർമ്മാണമെന്ന് മരാമത്ത് വകുപ്പ് എൻജിനീയർ സി.കെ.പ്രസാദ് പറഞ്ഞു.