ചെന്നൈ: മുപ്പത് വർഷങ്ങൾക്ക് ശേഷം ഏഷ്യൻ മണ്ണിൽ അരങ്ങേറുന്ന ചെസിന്റെ വിശ്വമാമാങ്കത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ കുറിക്കപ്പെടുന്ന 44-മത് ലോക ചെസ് ഒളിമ്പ്യാഡിന് വ്യാഴാഴ്ച മഹാബലിപുരത്ത് തിരിതെളിയും. ചെന്നൈയിലെ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

187 രാജ്യങ്ങളിൽ നിന്നുള്ള ചെസ് താരങ്ങളാകും ഇന്ത്യ ആദ്യമായി ആതിഥേയരാകുന്ന ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കുക. ലോകത്തിലെ ഏറ്റവും വലിയ ചെസ് മേളയ്ക്കുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് തമിഴകം. 187 ദേശീയ ചെസ് ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 343 ടീമുകളും 1700 ലധികം കളിക്കാരുമാണ് പതിനാല് നാൾ നീണ്ടുനിൽക്കുന്ന വിശ്വപോരാട്ടത്തിൽ ഏറ്റുമുട്ടുക.

അക്ഷരാർത്ഥത്തിൽ ചെസിന്റെ മാമാങ്കമാണ് തമിഴകത്ത് ഉണരുന്നത്. ഒന്നിനും ഒരു കുറവും വരാതിരിക്കാൻ സൂക്ഷ്മശ്രദ്ധയോടെ തയ്യാറെടുപ്പുകളുമായി അവസാനവട്ടത്തിലും സംഘാടകർ രംഗത്തുണ്ട്. പരമ്പരാഗത തമിഴ് വേഷ്ടിയും വെള്ളക്കുപ്പായവുമിട്ട ഭാഗ്യചിഹ്നം തമ്പി നഗരമെങ്ങും ഭൂമിയുടെ നാനാകോണിൽ നിന്നുമെത്തുന്ന കളിക്കാരെയും സംഘത്തെയും സ്വാഗതം ചെയ്തുനിൽക്കുന്നു.

നാളെ വൈകിട്ട് ഏഴുമണിക്ക് 75 നഗരങ്ങൾ ചുറ്റിയ ദീപശിഖാപ്രയാണം ചെന്നൈയിലെത്തും. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന പകിട്ടേറിയ ചടങ്ങിൽ പ്രധാനമന്ത്രി ലോക ചെസ് മേള ഉദ്ഘാടനം ചെയ്യും.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. യുനെസ്‌കൊ പൈതൃകപ്പട്ടികയിൽ ഇടംനേടിയ വിനോദസഞ്ചാര കേന്ദ്രമായ മഹാബലിപുരത്തിനു സമീപമുള്ള ഷെറാട്ടൺ റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ നാലുവേദികളിലായി 29-ന് മത്സരങ്ങൾ തുടങ്ങും. ഓഗസ്റ്റ് 10-നാണ് സമാപനം.

ഓപ്പൺ വിഭാഗത്തിൽ 188 ടീമുകളും വനിതാ വിഭാഗത്തിൽ 162 ടീമുകളുമാണ് മത്സരിക്കുക. ആറു ടീമുകളിലായി 30 ഇന്ത്യൻ കളിക്കാർ (മൂന്ന് ഓപ്പൺ, മൂന്ന് വനിതാ വിഭാഗം) പങ്കെടുക്കും. ഓരോ ടീമിലും അഞ്ചംഗങ്ങൾ വീതം ഉണ്ടാവും.

വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, അർജുൻ എറിഗൈസി, എസ്.എൽ. നാരായണൻ, കെ. ശശികിരൺ, നിഹാൽ സരിൻ, ഡി. ഗുഗേഷ്, ബി. അധിബൻ, ആർ. പ്രഗ്നാനന്ദ, റൗണക് സാദ്വാനി, സൂര്യശേഖർ ഗാംഗുലി, എസ്‌പി. സേതുരാമൻ, അഭിജിത്ത് ഗുപ്ത, കാർത്തികേയൻ മുരളി, അഭിമന്യു പുരാണിക് എന്നിവരാണ് ഇന്ത്യൻ ടീമിലെ പുരുഷന്മാർ. ഓപ്പൺ ടീമിലെ 15 കളിക്കാരും ഗ്രാൻഡ്മാസ്റ്റർമാരാണെന്നതും ശ്രദ്ധേയം. ഇന്ത്യയുടെ വനിതാ വിഭാഗത്തിൽ കൊനേരു ഹംപി, ഡി. ഹരിക, ആർ. വൈശാലി, തനിയ സച്ച്ദേവ്, ഭക്തി കുൽക്കർണി, വന്ദിക അഗർവാൾ, സൗമ്യ സ്വാമിനാഥൻ, മേരി ആൻ ഗോമസ്, പത്മിനി റൗട്ട്, ദിവ്യ ദേശ്മുഖ്, ഇഷ കരവാഡെ, വർഷിണി സാഹിതി, പ്രത്യുഷ ബൊദ്ദ, നന്ദിദ, വിശ്വ വാസ്നവാല എന്നിവരുണ്ട്.

മഹാബലിപുരത്തെ ഷെറാട്ടൺ ഫോർ പോയിന്റ്‌സ് ബീച്ച് റിസോർട്ടാണ് പ്രധാന മത്സരവേദി. ഇന്ത്യ മൂന്ന് ടീമുകളെയാണ് കളത്തിലിറക്കുന്നത്. ഒന്നാം നിര താരങ്ങളെല്ലാം മാറ്റുരയ്ക്കുന്ന മാമാങ്കത്തിൽ ഗ്രാൻഡ്മാസ്റ്റർമാരായ എസ് എൽ നാരായണനും നിഹാൽ സരിനും കേരളത്തിന്റെ സാന്നിദ്ധ്യമാകും.

കൂർമബുദ്ധിയുടേയും കണക്കുകൂട്ടലിന്റേയും കണിശനീക്കങ്ങളുടെ വിശ്വമാമാങ്കത്തിന് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് ചെന്നൈയും മഹാബലിപുരവും. 1927 മുതൽ സംഘടിപ്പിക്കുന്ന ചെസ് ഒളിംപ്യാഡ് 30 വർഷത്തിന് ശേഷമാണ് ഏഷ്യയിലെത്തുന്നത്. 187 രാജ്യങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. ഏതൊരു ചെസ് ഒളിംപ്യാഡിലേയും ഏറ്റവും വലിയ പങ്കാളിത്തമാണിത്.

ലോകചാമ്പ്യൻ നോർവേയുടെ മാഗ്‌നസ് കാൾസൺ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖർ പങ്കെടുക്കും. ലോകത്തെ മികച്ച രണ്ടു ടീമുകൾ (റഷ്യയും ചൈനയും) ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ പങ്കെടുക്കാത്തത് ഇന്ത്യക്ക് ഏറെ പ്രതീക്ഷനൽകുന്നു. യുക്രൈനിലെ റഷ്യൻ സൈനിക നടപടിയെത്തുടർന്ന് റഷ്യ, ബെലാറുസ് ദേശീയ ടീമുകളെ അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ മത്സരത്തിൽനിന്നു വിലക്കിയിട്ടുണ്ട്. ചൈന വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമല്ല.

മഹാബലിപുരത്ത് കളിക്കാർക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും തമിഴ്‌നാട് സർക്കാർ ഒരുക്കിക്കഴിഞ്ഞു. ഇംഗ്ലീഷിനുപുറമേ, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ, ജർമൻ, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും സേവനം നൽകും. മത്സരങ്ങളുടെ തത്സമയസംപ്രേഷണം ഉണ്ടായിരിക്കും.