യക്കുമരുന്നിനും മദ്യത്തിനും അടിമകളായ പോപ്പ് ഗായകർക്ക് അകാലചരമം പറഞ്ഞിട്ടുള്ളതാണോ?. ലിൻകിൻ പാർക്കിലെ ലീഡ് ഗായകൻ ചെസ്റ്റൻ ബെന്നിങ്ടൺ മരിച്ചുപോയ തന്റെ സുഹൃത്തിന്റെ പിറന്നാൾ ദിനത്തിൽ തൂങ്ങിമരിച്ചത് അത്തരമൊരു സംശയം ജനിപ്പിച്ചാൽ അതിശയിക്കേണ്ടതില്ല. കരിയറിൽ മികച്ച നിലയിൽ നിൽക്കുമ്പോഴാണ് ചെസ്റ്റർ ബെന്നിങ്ടൺ തന്റെ ജീവനൊടുക്കാൻ തീരുമാനിച്ചത്.

ലോസെയ്ഞ്ചൽസിന് സമീപമുള്ള പാലോസ് വെർദെസിലെ വീട്ടിലാണ് 41-കാരനായ ചെസ്റ്ററിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ പൊലീസെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചെസ്റ്ററിന്റെ മരണം ആത്മഹത്യയെന്ന നിലയ്ക്കാണ് അന്വേഷിക്കുന്നതെന്ന് ലോസെയ്ഞ്ചൽസ് കൗണ്ടി കൊറോണർ വ്യക്തമാക്കി.

ജീവനൊടുക്കുന്ന സമയത്ത് ചെസ്റ്റർ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ വേലക്കാരിലൊരാളാണ് മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ചെസ്റ്ററിനെ കണ്ടത്. സുഹൃത്തായിരുന്ന ക്രിസ് കോർനെൽസിന്റെ മരണത്തിനുശേഷം ആകെ തകർന്ന അവസ്ഥയിലായിരുന്നു ചെസ്റ്ററെന്നും സുഹൃത്തുക്കൾ അനുസ്മരിച്ചു.

രണ്ടുമാസം മുമ്പ് മേയിലാണ് ക്രിസ് കോർനെൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ 53-ാം പിറന്നാളായിരുന്നു. വർഷങ്ങളായി ഒരുമിച്ചാണ് ഇരുവരും പിറന്നാൾ ആഘോഷിച്ചിരുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ക്രിസിന്റെ മരണത്തോടെ താളംതെറ്റിയ ചെസ്റ്റർ, ജീവനൊടുക്കുമെന്ന് സുഹൃത്തുക്കളു കരുതിയിരുന്നില്ല.

ക്രിസിന്റെ മരണത്തിനുശേഷം വൻതോതിൽ ലഹരിയുപയോഗിച്ചിരുന്ന ചെസ്റ്റർ അടുത്ത ദിവസങ്ങളിലായി തീർത്തും അതിന് അടിമപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. കരിയറിലെ മികച്ച നിലയിൽനിൽക്കെ, ചെസ്റ്റർ ഈ വിധത്തിൽ തകരുമെന്ന് ആരും കരുതിയിരുന്നില്ല. സുഹൃത്തുക്കളുടെ ഇടപെടലും ചെസ്റ്ററിനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നില്ല.