ചങ്ങനാശേരി: കുളത്തിലെ ചേറിൽപൂണ്ട സുഹൃത്തിനെ രക്ഷപ്പെടുത്തി പ്ലസ് ടൂ വിദ്യാർത്ഥി മരണക്കയത്തിലേക്ക് താണുപോയ സഹപാഠിയുടെ വിയോഗ വേദനയിൽ വടക്കേക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ. ഇന്നലെയാണ് വാഴപ്പള്ളി വടക്കേക്കര കടന്തോട്ട് മാത്യു തോമസിന്റെ മകൻ ജിറ്റോ മാത്യു(17)വാണു മരിച്ചത്. മൃതദേഹം ഇന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിക്കും. വീട്ടുകാരെപോലെ തന്നെ ദുഃഖം അടക്കാൻ കഴിയാത്ത അവസ്ഥയിലാണ് കൂട്ടുകാരും.

വടക്കേക്കര ഗ്രാമത്തിനും കടന്തോട് കുടുംബത്തിനെയും കണ്ണീർക്കയത്തിലാക്കി ജിറ്റോയുടെ വേർപാട്. നാലുവർഷം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ജിറ്റോയുടെ പിതാവ് ജോസ് മരിച്ചത്. വീട്ടിലെ ഇളയമകനാണ് ജിറ്റോ. മരണവിവരം അറിഞ്ഞ് അലമുറയിട്ട മാതാവ് ജോളിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളടക്കമുള്ളവർ വിഷമിച്ചു. വീടിനോട് ചേർന്നുള്ള വടക്കേക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച സ്‌കൂളിന് അവധിയായതിനാലാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പാടശേഖരത്തിന് നടുവിലുള്ള കുളത്തിലെത്തിയത്. രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത വിധം ദുർഘടമായ സ്ഥലത്താണ് സംഭവം നടന്നത്.

കുളിക്കുന്നതിനിടയിൽ ചേറിൽ പൂണ്ടുപോയ സുഹൃത്തിന്റെ ജീവൻ രക്ഷപ്പെടുത്തിയ ശേഷം ജിറ്റോ ചേറിൽ താണുപോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ചെത്തിപ്പുഴക്കടവ് റെയിൽവേ പാലത്തിനു സമീപം കരുവേലി പാടശേഖരത്തിലെ കുളത്തിലാണു സംഭവം. കൂട്ടുകാരനെ രക്ഷപ്പെടുത്തി കുളത്തിലേക്കു ജിറ്റോ താണുപോകുകയായിരുന്നു. രക്ഷപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള തിരക്കിനിടയിൽ ജിറ്റോ മുങ്ങിത്താഴുന്നത് ആരും ശ്രദ്ധിച്ചില്ല. പിന്നീട് ജിറ്റോയെ കാണാതായായി. ഇത് മനസ്സിലാക്കിയതോടെ വീണ്ടും തിരച്ചിൽ തുടങ്ങി. അപ്പോഴേക്കും ചേറിൽ പൂണ്ട് ജിറ്റോ മരണത്തിന് കീഴടങ്ങിയിരുന്നു.

പിന്നീടു ചങ്ങനാശേരി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു രണ്ടുമണിക്കൂർ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പാടശേഖരത്തിനു നടുവിൽ മീൻ വളർത്താൻ തയാറാക്കിയ കുളത്തിൽ കുളിക്കവേയായിരുന്നു അപകടം. കൂട്ടുകാരിലൊരാൾ മുങ്ങിത്താഴുന്നതുകണ്ട് ജിറ്റോ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയതാണെന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിന് നൽകിയ മൊഴി. മുങ്ങിത്താണയാളെ ചെളിയിൽനിന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും ജിറ്റോ മുങ്ങിത്താണു. കരയിൽ നിന്ന് കുറച്ചകലെയായിരുന്നു സ്ഥലം. സംഭവം പുറത്തറിയുന്നത് അരമണിക്കൂറിനുശേഷമാണ്. വിദ്യാർത്ഥികൾതന്നെ സുഹൃത്തുക്കളെ വിളിച്ച് അപകടത്തെക്കുറിച്ച് പറഞ്ഞു. ഇവരുടെ പക്കൽനിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

അവധി ദിവസമായതിനാൽ കുട്ടികൾ സംഘം ചേർന്ന് കുളത്തിൽ കുളിക്കാൻ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് കുളത്തിൽ ജലനിരപ്പ് ഉയർന്ന നിലയിലായിരുന്നു. ഇതാണ് അപകടകാരണമായത്. വടക്കേക്കര റെയിൽവേ ക്രോസിന്റെ അടുത്തുള്ള പ്രധാനപാതയിൽനിന്നും രണ്ട് കിലോമീറ്ററിലധികം ദൂരെ പാടശേഖരത്തിന് നടുവിലുള്ള മീൻകുളത്തിലായിരുന്നു ദുരന്തം. റെയിൽപാത ഇരട്ടിപ്പിക്കലിനുവേണ്ടി മണ്ണിട്ടു പൊക്കിയ വഴിയിൽക്കൂടിയാണ് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും വാഹനങ്ങൾ സ്ഥലത്തെത്താൻ പോലും പാടുപെട്ടു. ഇവിടെനിന്ന് മോർക്കുളങ്ങര തോടിനു കുറുകെയുള്ള റെയിൽവേ പാലത്തിൽനിന്ന് കിലോമീറ്ററോളം ബണ്ട് വഴി നടന്നുവേണം സംഭവസ്ഥലത്ത് എത്താൻ. വിദ്യാർത്ഥികൾ കൂട്ടമായി പാടത്തിന് നടുവിലൂടെ പോകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പാലത്തിനു എതിർവശത്തുള്ള അക്കേഷ്യ മരക്കൂട്ടത്തിനിടക്കും വിദ്യാർത്ഥികൾ വൈകീട്ടുവരെ സമയം െചലവഴിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

സമീപ വാസികൾ പലതവണ വിലക്കിയിട്ടും ഇത് കൂട്ടാക്കാതെയാണ് കുട്ടികൾ ഇവിടെ എത്തുന്നത്. അപകടം നടന്ന് ഒരുമണിക്കൂറോളം കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത്. രക്ഷാപ്രവർത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത് നാട്ടുകാരായിരുന്നു. ഉച്ചയോടെ സഹപാഠികളും മറ്റു സുഹൃത്തുക്കളുമായ 12 പേരടങ്ങുന്ന സംഘമാണ് കുളിക്കാനെത്തിയത്. ഏഴുപേർ ആദ്യവും അഞ്ചുപേർ പിന്നാലെയുമാണ് പാടശേഖരത്തിന് നടുവിൽ മീൻ വളർത്താൻ തയാറാക്കിയ കുളത്തിൽ ഇറങ്ങിയത്. മരിച്ച വിദ്യാർത്ഥി ഏഴംഗ സംഘത്തിനൊപ്പമാണ് എത്തിയത്. കുളിക്കുന്നതിനിടെ അഞ്ചംഗ സംഘത്തിൽ ഒരാൾ താഴ്ന്നുപോയതോടെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയ ജിറ്റോ ചളിയിലേക്ക് താഴ്ന്നുപോവുകയായിരുന്നുവെന്ന് ചങ്ങനാശ്ശേരി എസ്.ഐ ഷെമീർ പറഞ്ഞു.

ചങ്ങനാശ്ശേരി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ കോൺഗ്രസ് നേതാവ് സെബിൻ ജോണാണ് ചേറിൽ നെഞ്ചോളം താഴ്ന്ന നിലയിൽ ജിറ്റോയെ കണ്ടെത്തിയത്.