റായ്പുർ:ആധുനിക വൈദ്യശാസ്ത്രത്തിന് എതിരായ വിവാദ പരാമർശത്തിൽ ബാബാ രാംദേവിന് എതിരെ ഛത്തീസ്‌ഗഡ് പൊലീസ് കേസെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഛത്തീസ്‌ഗഡ് ഘടകം നൽകിയ പരാതിയിലാണ് നടപടി. ദുരന്ത നിവാരണ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോവിഡിനെ നേരിടുന്നതിൽ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടു എന്നായിരുന്നു ബാബാ രാംദേവിന്റെ വിവാദ പരാമർശം. അലോപ്പതിയെ വിവേകശൂന്യമായതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ഉൾപ്പെടെയുള്ളവർ രാംദേവിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.

രാംദേവിന്റെ പരാമർശങ്ങൾ രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിക്കുന്നവയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. സ്വന്തം ജീവൻ പണയംവച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി പോരാടുന്ന കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകൾ അപമാനിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പ്രതികരിച്ചു.