ന്യൂഡൽഹി: സ്വന്തം ഭർത്താവ് കാർ അപകടത്തിൽ കൊല്ലപ്പെട്ട ദാരുണ വാർത്ത ഓൺ എയറിൽ വായിക്കേണ്ടി വന്ന ഇന്ത്യൻ വാർത്താ അവതാരക സുപ്രീത് കൗറിന് ലോക മാധ്യമങ്ങളുടെ പിന്തുണ. സുപ്രീതിന് പിന്തുണ അറിയിച്ചു കൊണ്ടും സംഭവം റിപ്പോർട്ട് ചെയ്ത് ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം രംഗത്തെത്തി. സുപ്രീതിനെ ആശ്വസിപ്പിച്ചു കൊണ്ടാണ് ചാനൽ ലോകം അവർക്ക് വേണ്ടി ഒരുമിച്ചത്. ഛത്തീസ്‌ഗഡിലെ ഐബിസി 24 ന്യൂസ് ചാനലിലെ പ്രമുഖ അവതാരകയായ സുപ്രീതിനുണ്ടായ ദുര്യോഗം സഹപ്രവർത്തകരെയും ഞെട്ടിച്ചെങ്കിലും എല്ലാവരും അവളുടെ പ്രൊഷണലിസത്തെ ഓർത്ത് കൈയടിക്കുകയാണ്.

കാർ അപകടത്തിൽ കൊല്ലപ്പെട്ടത് തന്റെ ഭർത്താവാണെന്ന് വാർത്ത വായിക്കുമ്പോൾ റിപ്പോർട്ടർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീത് മനസിലാക്കിയത്. സുപ്രീതിന്റെ ഭർത്താവാണ് മരണപ്പെട്ടതെന്ന വിവരം വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർക്കും അറിവില്ലായിരുന്നു. അതുകൊണ്ടാണ് ഈ ദാരുണ വാർത്ത സുപ്രീതിന് വായിക്കേണ്ടി വന്നതും. വാർത്താ മധ്യേ കൊല്ലപ്പെട്ടത് ഭർത്താവാണെന്ന് വ്യക്തമായിട്ടും ബുള്ളറ്റിൻ കഴിയുന്നത് വരെ നെഞ്ച് പിടിയുന്ന വേദനയോടെ സുപ്രീത് പിടിച്ചു നിന്നു. ഈ സംഭവത്തെ സോഷ്യൽ മീഡിയ ധീരതയെന്ന് വാഴ്‌ത്തുമ്പോൾ തന്നെ ദാരുണമായ സംഭവമാണെന്നാണ് ലോക മാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെടുന്നത്.

ഒരു വ്യക്തിയോടും ചാനൽ ഇങ്ങനെ ചെയ്യരുതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, അറിയാതെ സംഭവിച്ചതാണ് ഇതെന്നും കൗർ പറയുമ്പോഴാണ് കൊല്ലപ്പെട്ടത് ഭർത്തവാണെന്ന വിവരം സഹപ്രവർത്തകർ പോലും അറിയുന്നതും. ഹർഷാദ്് കവാഡെ എന്ന പേരും റിപ്പോർട്ടർ പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് കൗറിന്റെ ഭർത്താവാണ് അപകടത്തിൽ പെട്ടതെന്ന് ചാനൽ അധികൃതരും അറിയാതെ പോയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

ഒമ്പതു വർഷമായി ചാനലിനൊപ്പം ജോലി ചെയ്യുന്ന സുപ്രീത് കൗർ ഛത്തീസ്‌ഗഡിലെ അറിയപ്പെടുന്ന ചാനൽ അവതാരക കൂടിയാണ്. ഒരു കുഞ്ഞിന്റെ മാതാവ് കൂടിയായ കൗറിന്റെ അർപ്പണ മനോഭാവത്തെ പ്രശംസിക്കാൻ ചാനൽ മേധാവികളും തയ്യാറായി. ബുള്ളറ്റിൻ കഴിഞ്ഞതിന് പിന്നാലെ ബന്ധുക്കളെ ഫോണിൽ വിളിക്കുകയും മരിച്ചത് ഭർത്താവണെന്ന് അറിഞ്ഞ് നിലവിളിക്കുകയുമാണ് അവർ ചെയ്തതെന്നാണ് സംഭവ സമയം ന്യൂസ് ഡെസ്‌കിലുണ്ടായിരുന്നവർ പറഞ്ഞത്. കൗറിന്റെ മനോബലത്തെ പ്രശംസിക്കുന്ന മറ്റ് അവതാരകർ എന്നാൽ, സംഭവം ഞങ്ങളിലും ഞെട്ടലുണ്ടാക്കി എന്നാണ് അഭിപ്രായപ്പെടുന്നത്.

സുപ്രീതിന്റെ ഭർത്താവ് സഞ്ചരിച്ച എസ് യുവി ലോറിയുമായി ഇടിച്ചുള്ള അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവം സോഷ്യൽ മീഡിയിൽ വൈറലായതോടെ വിവിധ രാഷ്ട്രീയ നേതാക്കളും അനുശോചനം അറിയിച്ചു രംഗത്തെത്തി. സുപ്രീതിന്റെ മനോബലത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി രമൺസിങ് അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ട്വീറ്റ് ചെയ്തു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപേഷ് ബാഗലും അനുശോചനം അറിയിച്ചു. മാധ്യമപ്രവർത്തനത്തിലെ അവരുടെ പ്രൊഫഷണലിസത്തെയും അഭിനന്ദിച്ചു.

ഒരു വർഷം മുമ്പായിരുന്നു കവാഡയുമായി സുപ്രീതിന്റെ വിവാഹം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച രാവിലയുള്ള വാർത്താ ബുള്ളറ്റിനിലാണ് ബ്രേക്കിങ് ന്യൂസ് ആയി അപകട വാർത്ത വന്നത്. വാർത്തയുടെ കൂടുതൽ വിവരങ്ങൾക്കായി റിപ്പോർട്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് തന്റെ ഭർത്താവാണെന്ന് അവതാരക തിരിച്ചറിയുന്നത്. മഹസമുണ്ട് ജില്ലയിലെ പിത്താറയിൽ ഡസ്റ്റർ വാഹനമാണ് അപകടത്തിൽ പെട്ടതെന്നും വാഹനത്തിലുള്ള അഞ്ച് പേരിൽ 3 പേർ മരണപ്പെട്ടു എന്ന വിവരമാണ് റിപ്പോർട്ടർ ലൈവിൽ വിവരിച്ചത്. എന്നാൽ ആരാണ് മരിച്ചതെന്ന കാര്യം റിപ്പോർട്ടർ പറഞ്ഞിരുന്നില്ല.