ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് മുക്തനായി. എയിംസിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഛോട്ടാ രാജൻ രോഗം മാറിയതോടെ ആശുപത്രി വിട്ടു.

2015ൽ ഇന്തോനേഷ്യയിൽ നിന്ന് പിടികൂടിയ ഛോട്ടാ രാജൻ തീഹാർ ജയിലിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്.

പരിശോധനാ ഫലം പോസിറ്റീവായി ആരോഗ്യ നില വഷളാവുകയും ചെയ്തതിനെ തുടർന്ന് ഏപ്രിൽ 25നാണ് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്.

നേരത്തെ കോവിഡ് ബാധിച്ച് ഛോട്ടാ രാജൻ മരിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതർ തന്നെ രംഗത്ത് വന്നു. രാജൻ മരിച്ചിട്ടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എയിംസ് അധികൃതർ വ്യക്തമാക്കിയിരുന്നു.

70 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഛോട്ടാ രാജൻ. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മഹാരാഷ്ട്രയിൽ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജൻ കുപ്രസിദ്ധിയാർജ്ജിച്ചത്.