ഷിക്കാഗോ: യുഎസിൽ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തതോടെ ഈ വർഷം ഇതുവരെ ഉണ്ടായ വെടിവെപ്പ് സംഭവങ്ങളുടെ എണ്ണം 1002 ആയി. കഴിഞ്ഞ വർഷം ഏപ്രിൽ 20 നു തന്നെ ഇത്രയും സംഭവങ്ങൾ നടന്നിരുന്നതായി ട്രിബ്യൂൺ ഡാറ്റ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ ആദ്യമായാണ് ഇത്രയും വെടിവെപ്പുകൾ നടക്കുന്നത്. 108 പേരുടെ ജീവിതമാണ് തോക്കുകൾക്ക് മുമ്പിൽ പിടഞ്ഞു വീണത്. വെടിവെപ്പിൽ പരുക്കേറ്റ് ജീവിതകാലം മുഴുവൻ നരകയാതന അനുഭവിക്കുന്നവരുടെ എണ്ണം എത്രയാണെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. കഴിഞ്ഞ ദിവസം സിറ്റിയിൽ നടന്ന പത്ത് വെടിവെപ്പുകളിൽ 7 പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ ജന്മനാട്ടിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങളെ അമർച്ച ചെയ്യുന്നതിന് ഫെഡറൽ സൈന്യം രംഗത്തെത്തിയിട്ടും വെടിവെപ്പ് സംഭവങ്ങളിൽ യാതൊരു മാറ്റവും കാണുന്നില്ല എന്നതു നഗരവാസികളെ പരിഭ്രമത്തിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ മറ്റേതൊരു സിറ്റികളിൽ നടക്കുന്നതിനേക്കാൾ വലിയ തോതിലാണ് ഇവിടെ ആക്രമികൾ അഴിഞ്ഞാടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പൊലീസ് സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമാകുന്നില്ല എന്നതാണ് ഈ വർഷം ഇതിനകം തന്നെ ഇത്രയും സംഭവങ്ങൾ നടന്നത് ചൂണ്ടിക്കാണിക്കുന്നത്. ഷിക്കാഗോ മേയർ ഇമ്മാനുവേൽ അക്രമം അമർച്ച ചെയ്യുന്നതിന് ഫെഡറൽ സൈന്യത്തിന്റെ സഹകരണം അഭ്യർത്ഥിച്ചിരുന്നു.