ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ അജപാലന പ്രവർത്തനങ്ങൾക്ക് ഊർജവും ഉണർവും പ്രദാനം ചെയ്യാൻ സഹരായകമാകുന്ന മാർഗ്ഗനിർദേശങ്ങൾ നൽകിക്കൊണ്ട് രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം 2016 ഏപ്രിൽ മാസം ഒമ്പതാം തീയതി ബൽവുഡ് മാർത്തോമാശ്ശീഹാ കത്തീഡ്രലിൽ വച്ചു നടത്തപ്പെട്ടു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി അമ്പതു പേർ പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് സ്വാഗതം ആശംസിക്കുകയും കാനഡയിലെ സീറോ മലബാർ എക്‌സാർക്കേറ്റ് അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പിതാവ് 'കാരുണ്യ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ ക്രിസ്തീയ ജീവിതസാക്ഷ്യം ഇടവക- മിഷൻ തലങ്ങളിൽ' എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആൻഡ്രൂസ് തോമസ് 2015 മാർച്ച് മാസത്തിൽ നടന്ന പാസ്റ്ററൽ കൗൺസിലിന്റെ ആദ്യ സമ്മേളനത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു.

കരുണയിൽ അധിഷ്ഠിതമായ ക്രൈസ്തവ ജീവിതം വ്യക്തി- കുടുംബ -ഇടവക തലങ്ങളിൽ പ്രാവർത്തികമാക്കാനാവശ്യമായ പ്രായോഗിക നിർദേശങ്ങൾ യോഗത്തിൽ പങ്കെടുത്തവർ പങ്കുവച്ചു. സമ്മേളനത്തിൽ പങ്കുവെയ്ക്കപ്പെട്ട ക്രിയാത്മക നിർദേശങ്ങളെ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ശ്ശാഘിക്കുകയും അവ പ്രായോഗികമാക്കുന്നതിൽ സത്വര നടപടി സ്വീകരിക്കുകയും ചെയ്യുമെന്നു അറിയിക്കുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് അഭിവന്ദ്യ പിതാവ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. ഏബ്രഹാം മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ സമ്മേളനം പര്യവസാനിച്ചു. ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചതാണിത്.