ന്യൂഡൽഹി: ആപ്പിന്റെ ദേശീയ തലത്തിലേക്കുള്ള വ്യാപനം കൊതിച്ചിരുന്നവർക്ക് മറുപടിയുമായി ഒടുവിൽ പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ തന്നെ രംഗത്തെത്തി. മറ്റു സംസ്ഥാനങ്ങളിൽ ഡൽഹി വിജയം പോലെ വെട്ടിപ്പിടിക്കാൻ താൻ നെപ്പോളിയനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനം നവീകരിക്കുകയും അതു വഴി ഇന്ത്യയേയും ലോകത്തെയും മാറ്റുകയുമാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയെ ഒരു മാതൃകയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ബംഗലൂരുവിൽ ഒരാഴ്ചയോളമായി ചകിത്സയിൽ കഴിയുന്ന കെജ്‌രിവാൾ ജിൻഡാൻ നാച്വർ ക്യുർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു അനൗദ്യോഗിക സാംസ്‌കാരിക പരിപാടിയിൽ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.

ചികിത്സയ്ക്കായി ഡൽഹി വിട്ട ശേഷം പത്തു ദിവസത്തോളമായി കെജ്‌രിവാൾ മൗനത്തിലായിരുന്നു. ഇക്കാലയളവിൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികളുണ്ടാകുകയും ചെയ്തു. പാർട്ടി സൈദ്ധാന്തികരായ മുതിർന്ന നേതാക്കൾ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഉന്നതാധികാര സമിതിയിൽ നിന്നും പുറത്താക്കപ്പെട്ടു. എഎപി ദേശീയ തലത്തിലേക്ക് പ്രവർത്തനം ഊർജ്ജിതപ്പെടുത്തേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് നേതൃത്വത്തിനിടയിൽ ചർച്ച സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പുതിയ പരാമർശമെന്നതും ശ്രദ്ധേയമായി. ഡൽഹിയിൽ ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഡൽഹി ഒരു മാത്ൃകയായി വളരുന്നതോടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയം ഉയർന്നു വരുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന യൂണിറ്റുകളെ ചുമതലപ്പെടുത്തുന്നതു സംബന്ധിച്ച തീരുമാനം ആരാഞ്ഞ് യാദവും ഭൂഷണും പാർട്ടി ദേശീയ നിർവാഹക സമിതിക്ക് കത്തെഴുതിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഹരിയാനയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടുകരാനായിരുന്നു യാദവ്. എന്നാൽ കെജ് രിവാൾ ഇതു തള്ളുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും എഎപി മത്സരിക്കുമെന്ന തരത്തിലുള്ള ചില നേതാക്കളുടെ പരാമർശങ്ങൾ അഹങ്കാരത്തിന്റെ അടയാളമാണെന്ന് ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിൽ കെജ്‌രിവാൾ പറഞ്ഞിരുന്നു.