- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മൾ കാണിച്ച കരുതലുകൾ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നു; ഇതിലും മികച്ച നേട്ടങ്ങൾ കൊയ്യാൻ പായലിനാകട്ടെ എന്ന് ആശംസിക്കുന്നു; എംജി യൂണിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായൽ കുമാരിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ബീഹാർ സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകൾ പായൽ കുമാരിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. പായലിനെ ഫോണിൽ വിളിച്ചാണ് പിണറായി വിജയൻ അഭിനന്ദനം അറിയിച്ചത്. കേരളത്തിലെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മൾ കാണിച്ച കരുതലുകൾ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഇതിലും മികച്ച നേട്ടങ്ങൾ കൊയ്യാൻ പായലിനാകട്ടെ എന്ന് ആശംസിക്കുന്നു എന്നും പിന്നീട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മാതാപിതാക്കളായ പ്രമോദ് കുമാറും ബിന്ദു ദേവിയും തൊഴിലന്വേഷിച്ചാണ് കേരളത്തിലെത്തിയത്. വിവിധ തൊഴിലുകൾ ചെയ്ത് കുടുംബം എറണാകുളം കങ്ങരപ്പടിയിൽ താമസമുറപ്പിച്ചു. തങ്ങൾക്ക് ലഭിക്കാതിരുന്ന വിദ്യാഭ്യാസം മകൾക്ക് നൽകണമെന്ന കാഴ്ചപ്പാടിലാണ് പായലിനെ പ്രമോദും ബിന്ദുവും ഇടപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചേർത്തത്. 83 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സിയും 95 ശതമാനം മാർക്കോടെ പ്ലസ് ടുവും പായൽ വിജയിച്ചു. തുടർന്ന് പെരുമ്പാവൂർ മാർത്തോമ്മ വനിതാ കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ബിരുദ പഠനത്തിന് ചേരുകയായിരുന്നു.
എൻ.എസ്.എസ് വളണ്ടിയറായ പായൽ, 2018ലെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലടക്കം സജീവമായിരുന്നു. ഇടക്കാലത്ത് ഇളയ രണ്ട് സഹോദരങ്ങളെ കരുതി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തൊഴിൽ തേടാൻ ഒരുങ്ങിയെങ്കിലും കോളേജും ഹിസ്റ്ററി വിഭാഗവും മാനസിക, സാമ്പത്തിക പിന്തുണയുമായി പായൽ കുമാരിക്കൊപ്പം നിന്നു. 85 ശതമാനം മാർക്കോടെയാണ് പായൽ സർവകലാശാലയിൽ ഒന്നാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്..
മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായൽ കുമാരിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. പെരുമ്പാവൂർ മാർത്തോമ വനിത കോളേജിൽനിന്ന് ബി.എ. ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിൽ 85 ശതമാനം മാർക്കാണ് പായൽ നേടിയത്.
ബിഹാറിൽനിന്ന് തൊഴിൽ തേടി കേരളത്തിലേക്കെത്തിയതാണ് പായൽ കുമാരിയുടെ അച്ഛൻ പ്രമോദ് കുമാർ. പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം; മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെന്ന് പായലിന്റെ നേട്ടം അടയാളപ്പെടുത്തുന്നു.
95 ശതമാനം മാർക്കോടെയാണ് പായൽ പ്ലസ് ടു പൂർത്തിയാക്കിയത്. എസ്.എസ്.എൽ.സി.ക്ക് 83 ശതമാനം മാർക്കുമുണ്ടായിരുന്നു. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കുകയെന്നതാണ് പായലിന്റെ ശീലം. പി. ജി.യാണ് അടുത്ത ലക്ഷ്യം. ജെ.എൻ.യു. ഉൾപ്പെടെ ഇഷ്ടങ്ങളുണ്ട്. സിവിൽ സർവീസ് എന്ന വലിയ സ്വപ്നമാണ് പായലിനെ നയിക്കുന്നത്.
ബിഹാറിലെ ഷെയ്ഖ്പുര ജില്ലയിൽ ഗോസെയ്മടി ഗ്രാമത്തിൽ നിന്നാണ് പ്രമോദും കുടുംബവും കേരളത്തിലേക്കെത്തിയത്. പായൽ കൈവരിച്ച നേട്ടം വലിയ സന്തോഷവും അഭിമാനവുമാണ് നൽകുന്നത്. കേരളത്തിലെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മൾ കാണിച്ച കരുതലുകൾ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഇതിലും മികച്ച നേട്ടങ്ങൾ കൊയ്യാൻ പായലിനാകട്ടെ എന്ന് ആശംസിക്കുന്നു.
മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായൽ കുമാരിയെ വിളിച്ച്...
Posted by Pinarayi Vijayan on Saturday, August 22, 2020
മറുനാടന് ഡെസ്ക്