തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെ തള്ളിപ്പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭയിലാണ് മുഖ്യമന്ത്രി വീണ്ടും ഹൈക്കോടതി ജഡ്ജിക്കെതിരെ വിമർശനം നടത്തിയത്.

എജി ഓഫീസ് അടച്ചുപൂട്ടാൻ പറഞ്ഞാൽ കയ്യുംകെട്ടി മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയല്ല താൻ. സർക്കാർ അഭിഭാഷകരെ സംരക്ഷിക്കാനാണ് താൻ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജുഡീഷ്യറിക്ക് പൂർണ്ണമായ അംഗീകാരവും മാന്യതയും സർക്കാർ നൽകുന്നുണ്ട്. എന്നൽ, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ജഡ്ജി പറയുന്നത്. ജഡ്ജിയോട് വന്ന വഴി മറക്കരുതെന്നല്ല, സ്ഥാനത്തിന്റെ മഹത്വം മറക്കരുതെന്നാണ് താൻ പറഞ്ഞതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഹൈക്കോടതിയിലെ കേസുകളിൽ സർക്കാർ രേഖകൾ ഹാജരാക്കുന്നതിലും സർക്കാരിന്റെ ഭാഗം വിശദീകരിക്കുന്നതിലും പ്ലീഡർമാർ വരുത്തുന്ന വീഴ്ചയെയാണു ഹൈക്കോടതിയിൽ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വിമർശിച്ചത്. കാര്യക്ഷമതയില്ലാത്ത എജിയുടെ ഓഫീസ് ഇങ്ങനെയാണെങ്കിൽ അടച്ചുപൂട്ടിക്കൂടേയെന്നും ജസ്റ്റിസ് ചോദിച്ചിരുന്നു. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ജഡ്ജിയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ജഡ്ജിക്കെതിരെ പരാമർശം നടത്തിയ സിപിഐ(എം) നേതാവ് എം വി ജയരാജനെ ശിക്ഷിച്ച കോടതി എന്തുകൊണ്ട് ഇത്തവണ ഈ നടപടികൾ കാണുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വീണ്ടും ഹൈക്കോടതി ജഡ്ജിയെ വിമർശിച്ചു രംഗത്തെത്തിയത്.

മുഖ്യമന്ത്രി വിമർശിച്ചതിന്റെ ധൈര്യത്തിൽ മന്ത്രിമാരായ കെ സി ജോസഫും രമേശ് ചെന്നിത്തലയും ജഡ്ജിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സനും ജഡ്ജിക്കെതിരെ പരസ്യപ്രസ്താവന നടത്തി. എന്നാൽ, കോൺഗ്രസ് നേതാവായ കെ കെ രാമചന്ദ്രൻ മാസ്റ്റർ ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച നേതാക്കളുടെ നടപടിക്കെതിരെയാണു രംഗത്തെത്തിയത്. വിവാദം തുടരുന്നതിനിടയിലാണ് തന്റെ നിലപാടിൽ ഉറച്ചു മുഖ്യമന്ത്രി വീണ്ടും സഭയിൽ പരാമർശം നടത്തിയത്.