തിരുവനന്തപുരം : സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ സർവേയിൽ കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന കണ്ടത്തലിനെ സ്വാഗതം ചെയ്യ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അഴിമതി കുറയ്ക്കുകയല്ല, അതിനെ തുടച്ചുനീക്കുക എന്ന ലക്ഷത്തിനായി സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ റിസർച്ച് ആൻഡ് ട്രെയിനിങ്ങ് വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടെത്തി മൂന്ന് മാസം കൂടുമ്പോൾ കേരള ആന്റി കറപ്ഷൻ ഇൻഡക്‌സ് പ്രസിദ്ധീകരിക്കുവാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. പടിപടിയായി അഴിമതി പൂർണമായും ഇല്ലാതെയാക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :

സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ സർവേയിൽ കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന കണ്ടത്തലിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ കേവലം അഴിമതി കുറയ്ക്കുകയല്ല, അതിനെ തുടച്ചുനീക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അത് സാധ്യമാക്കുവാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകും.

വിജിലൻസ് സംവിധാനത്തെ കൂടുതൽ സ്വതന്ത്രമാക്കിക്കൊണ്ടും ഭരണസുതാര്യത ഉറപ്പാക്കിക്കൊണ്ടും ഈ ദിശയിൽ സർക്കാർ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ റിസർച്ച് ആൻഡ് ട്രെയിനിങ്ങ് വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും വകുപ്പുകളിലെ അഴിമതി കണ്ടുപിടിച്ച് കേരള ആന്റി കറപ്ഷൻ ഇൻഡക്‌സ് പ്രസിദ്ധീകരിക്കുവാനാണ് തീരുമാനം. അങ്ങനെ പടിപടിയായി അഴിമതി പൂർണമായും ഇല്ലാതെയാക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.