തിരുവനന്തപുരം: നവകേരള നിർമ്മാണത്തിനായുള്ള മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിലായിരിക്കെ അനുമതി നൽകണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് വിദേശകാര്യ സെക്രട്ടറിക്ക് കത്തയച്ചു. മുഖ്യമന്ത്രിക്കു മാത്രമാണ് കേന്ദ്ര സർക്കാർ യാത്രാ അനുമതി നൽകിയത്. 18 മുതൽ ഒരാഴ്ചത്തെ അമേരിക്ക സന്ദർശനം നിശ്ചയിച്ച ധനമന്ത്രി തോമസ് ഐസക്കിനും 21 മുതൽ കുവൈറ്റ് സന്ദർശനം നിശ്ചയിച്ച വ്യവസായമന്ത്രി ഇ.പി ജയരാജനും അടക്കം 17 മന്ത്രിമാർക്കും ഇതുവരെ അനുമതി നൽകിയിട്ടില്ല.

യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ തീരുമാനം അറിയിച്ചിട്ടില്ല. ചീഫ് സെക്രട്ടറി കത്ത് നൽകിയ സാഹചര്യത്തിൽ അപേക്ഷ തള്ളിക്കളയില്ലെന്ന വിശ്വാസത്തിലാണ് സർക്കാർ. അനുമതി തേടി ഈ മാസം ആദ്യമാണ് സംസ്ഥാനം കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയത്. എന്നാൽ കർശന ഉപാധികളോടെ മുഖ്യമന്ത്രിക്ക് മാത്രമാണ് യാത്രാനുമതി. വിദേശ ഫണ്ട് സ്വീകരിക്കരുത്, ഔദ്യോഗിക ചർച്ചകൾ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമെ നടത്താവൂ തുടങ്ങിയ ഉപാധികളോടെയാണ് മുഖ്യമന്ത്രിക്കുള്ള അനുമതി.

17 മുതൽ 20 വരെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം. ബുധനാഴ്ച അദ്ദേഹം യാത്ര തിരിക്കും. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്.17ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി 19 ന് ദുബായിലും 20 ന് ഷാർജയിലും സന്ദർശനം നടത്തും.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ.രാജു എന്നിവരൊഴികെയുള്ള 17 മന്ത്രിമാരുടെ യാത്രയിലാണ് അനിശ്ചിതത്വം. ഈ മൂന്നു മന്ത്രിമാരെ വിദേശയാത്രയിൽനിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. യാത്രാഅനുമതി ലഭിച്ചാലും സർക്കാർ നേരത്തെ നിശ്ചയിച്ച തീയതികളിൽ സന്ദർശനം നടക്കാൻ സാധ്യത കുറവാണ്. അമേരിക്കയടക്കമുള്ള സ്ഥലങ്ങളിലേക്ക് വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. മന്ത്രിമാരുടെ വിദേശസന്ദർശനം പരിഗണിച്ച് ബുധനാഴ്ചയിലെ മന്ത്രിസഭായോഗം ചൊവ്വാഴ്ചയിലേക്ക് മാറ്റിയിരുന്നു. 5,000 കോടിരൂപ വിദേശത്തുനിന്ന് പിരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വിദേശയാത്രയ്ക്ക് രണ്ടുകോടിയോളം രൂപ ചെലവ് വരും.

സൗദി അറേബ്യ (എ.കെ.ബാലൻ, മാത്യു ടി. തോമസ്), ഒമാൻ (എ.സി.മൊയ്തീൻ), ഖത്തർ (കെ.ടി.ജലീൽ), ബഹ്‌റൈൻ (എം.എം.മണി), കുവൈത്ത് (ഇ.പി.ജയരാജൻ), സിംഗപ്പൂർ (ഇ.ചന്ദ്രശേഖരൻ), മലേഷ്യ (പി.തിലോത്തമൻ), ഓസ്‌ട്രേലിയ (ജെ.മേഴ്‌സിക്കുട്ടിയമ്മ), ന്യൂസീലൻഡ് (രാമചന്ദ്രൻ കടന്നപ്പള്ളി), യുകെ (കടകംപള്ളി സുരേന്ദ്രൻ), ജർമനി (എ.കെ.ശശീന്ദ്രൻ), നെതർലൻഡ്‌സ് (മാത്യു ടി.തോമസ്), യുഎസ്എ (തോമസ് ഐസക്, ജി.സുധാകരൻ), കാനഡ (വി എസ്.സുനിൽകുമാർ), ശ്രീലങ്ക (ടി.പി.രാമകൃഷ്ണൻ) എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.