തിരുവനന്തപുരം: ചീഫ് വിപ്പെന്ന പദവി ഇത്രമേൽ പ്രശസ്തി ആർജ്ജിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാറിൽ പി സി ജോർജ്ജ് ആ സ്ഥാനം വഹിച്ച സമയത്താണ്. മന്ത്രിമാരേക്കാൾ വാർത്താപ്രാധാന്യവും ജോർജ്ജ് ഇതുവഴി നേടിയെടുത്തു. ജോർജ്ജിന് മന്ത്രിസ്ഥാനം കൊടുക്കാനുള്ള മടി കൊണ്ട് പാർട്ടി ചെയർമാനായ കെ എം മാണി ഒതുക്കലിന്റെ ഭാഗമായി അദ്ദേഹത്തിന് ചീഫ് വിപ്പ് സ്ഥാനം നൽകിയത്. മലഞ്ചെരുവിന്റെ പ്രതിനിധിയെന്ന നിലയിൽ ജോർജ്ജ് ഗ്രാമീണ ഭാഷയുമായി ശരിക്കും നിറഞ്ഞു നിൽക്കുകയും ചെയ്തു. പിന്നീട് മാണിയുമായി കലഹിച്ച് ജോർജ്ജ് പുറത്തുപോയപ്പോൾ തോമസ് ഉണ്ണിയാടനാണ് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചത്.

എന്തായാലും എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ ജോർജ്ജിന്റെ യഥാർത്ഥ പിൻഗാമിയെ തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തനിനാടൻ പ്രതിനിധിയായ എം എം മണിയാണ് പുതിയ സർക്കാറിലെ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ഉടുമ്പൻചോല എംഎൽഎയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം എം മണിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിക്കുകയായിരുന്നു.

മണിയെപ്പോലെയുള്ള മുതിർന്ന നേതാവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് അനുചിതമായെന്ന അഭിപ്രായങ്ങളെ തുടർന്നാണ് ചീഫ് വിപ്പാക്കിയത്. ഇകെ നായനാർ മന്ത്രിസഭയിൽ ചീഫ് വിപ്പ് സ്ഥാനം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന ആന്റണി, അച്യുതാനന്ദൻ മന്ത്രിസഭകളിൽ ഈ പദവി ഇല്ലായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് അന്ന് കേരള കോൺഗ്രസ് എമ്മിലുണ്ടായിരുന്ന പി.സി.ജോർജിന് വേണ്ടി ചീഫ് വിപ്പ് സ്ഥാനം തിരിച്ചു കൊണ്ടു വന്നത്.

എന്തായാലും മണിയാശാന് ചീഫ് വിപ്പ് പദവി നൽകാൻ തീരുമാനിച്ചതോടെ സോഷ്യൽ മീഡിയ ട്രോളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സർക്കാറിലെ ചീഫ് വിപ്പായ ജോർജ്ജിന് ലഭിക്കുന്ന യഥാർത്ഥ പിൻഗാമിയാകും എം എം മണിയെന്ന വിധത്തിലാണ് സോഷ്യൽ മീഡിയ ട്രോളുകൾ തുടങ്ങിയത്. ചീഫ് വിപ്പ് പദവി ഗ്രാമീണ ഭാഷക്കാരെ മൂലയ്ക്കിരുത്താനുള്ള തസ്തികയായി മാറിയോ എന്നാണ് ഫേസ്‌ബുക്കിലൂടെ പലരും ചോദിക്കുന്ന ചോദ്യം. ചീഫ് വിപ്പ് പദവിയെന്നാൽ ഗ്രാമീണ ഭാഷ സംസാരിക്കുന്നവർക്കുള്ള പദവിയാണോയെന്നുമാണ് സോഷ്യൽ മീഡിയയുടെ മറ്റൊരു ചോദ്യം. എന്തായാലും പി സി ജോർജ്ജിനെ പോല സർവ്വപ്രതാപിയായ ചീഫ് വിപ്പായിരിക്കുമോ മണിയാശാൻ എന്നാണ് ഉയരുന്ന ചോദ്യം.