സലാല: 119 ദിവസം പൊലീസ് കസ്റ്റഡിയിൽ ഇരുന്നശേഷം കഴിഞ്ഞ ദിവസമാണ് മോചിതനായ ലിൻസൻ ഏറെ വേദനയോടെയാണ് മാദ്ധ്യമങ്ങളെ കണ്ടത്. 'കസ്റ്റഡിയിലിരുന്ന ഓരോ നിമിഷവും ചിക്കു തനിക്ക് ഒപ്പമുണ്ടായിരുന്നു. തന്നെ തനിച്ചാക്കി ചിക്കു പോയെന്ന് വിശ്വസിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന്' ലിൻസൻ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ 20നാണ് അഞ്ചുമാസം ഗർഭിണിയായിരുന്ന ചിക്കു റോബേർട്ടിനെ താമസസ്ഥലത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് അന്നേദിവസം രാത്രി 11. 30 ഓടെയാണ് സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനുമുന്നിൽനിന്നും ലിൻസനെ പൊലീസ് കൊണ്ടുപോവുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ലിൻസനെ കഴിഞ്ഞ നാലുമാസം കസ്റ്റഡിയിൽ വച്ചത്. സലാല ബദർ അൽസമ ആശുപത്രി ജീവനക്കാരായിരുന്നു ലിൻസനും ചിക്കുവും.

അടുത്തദിവസം തന്നെ വിട്ടയക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടത് നീണ്ടുപോവുകയായിരുന്നു. തുടർന്നാണ് സലാല ബദർ അൽസമ ആശുപത്രിയുടെ മാനേജർ അബ്ദുൽ അസീസിനെ വിളിച്ച് ലിൻസനെ കൂട്ടിക്കൊണ്ടുപോകുവാൻ പൊലീസ് ആവശ്യപ്പെട്ടത്.

താൻ നിരപരാധിയാണ്. തനിക്ക് ഒരിക്കലും ചിക്കുവിനെ കൊല്ലാൻ കഴിയില്ല. നീതിന്യായ വ്യവസ്ഥയിൽ പൂർണമായും വിശ്വാസിക്കുന്നുവെന്നും ലിൻസൻ വ്യക്തമാക്കി. കൊലയാളിയെ കണ്ടെത്തുമെന്നു തന്നെയാണ് പ്രതീക്ഷ. ചോദ്യം ചെയ്യലിനിടയിൽ പൊലീസ് മാന്യമായാണ് പെരുമാറിയത്. കേസിന്റെ നിലവിലെ പുരോഗതികളൊന്നും അറിയില്ല. ജീവിതത്തിലെ കാഠിന്യമേറിയ ദിവസങ്ങളാണ് കടന്നുപോയത്. ഈ ദിവസങ്ങളിൽ തനിക്ക് താങ്ങായും പിന്തുണയായും നിന്നവർക്ക് ലിൻസൻ നന്ദി പറഞ്ഞു.

മസ്‌കത്തിലെ സഹോദരന്മാരുമായും നാട്ടിലെ മാതാപിതാക്കളുമായും ബന്ധുക്കളുമായും ലിൻസൻ സംസാരിച്ചു. അതേസമയം, പാസ്‌പോർട്ട് തിരികെ ലഭിക്കാത്തതിനാൽ നാട്ടിലേക്ക് തിരിക്കാൻ ലിൻസന് ഇനിയും കാത്തിരിക്കേണ്ടി വരും.