കൊച്ചി: ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട ചിക്കു റോബർട്ടിന്റെ ഭർത്താവ് ലിൻസൺ ഇപ്പോഴും ഒമാൻ പൊലീസിന്റെ. കസ്റ്റഡിയിലാണ്. ഇതിനിടെ ചിക്കുവിന്റെയും ലിൻസണിന്റെയും കുടുംബങ്ങൾ തമ്മിൽ ചിക്കുവിന്റെ മരണശേഷം അസാരസ്വങ്ങൾ ഉണ്ടെന്ന അഭ്യൂഹം സജീവമായി. ഇതും ലിൻസണിന്റെ മോചനം വൈകാൻ കാരണമായെന്നായിരുന്നു പ്രചരണം. എന്നാൽ ചിക്കുവിന്റെ അച്ഛൻ റോബർട്ട് ഈ വാദങ്ങൾ തള്ളുകയാണ്. ലിൻസണിന്റെ മോചനത്തിനായി സജീവ ഇടപെടലുകൾ തുടരുകയാണെന്നും ലിൻസൺ നിരപരാധിയാണെന്നും റോബർട്ട് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇപ്പോഴും രണ്ടു കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളത്. രണ്ടു കുടുംബങ്ങളും ചേർനന്നാണ് ലിൻസൻന്റെ മോചനത്തിനായി ശ്രമിക്കുന്നത്. പല രാഷ്ട്രീയക്കാരെയും ലിൻസണിന്റെ മോചനത്തിനായി സമിപ്പിച്ചു എന്നാൽ ഇലക്ഷൻ കഴിയാതെ കാര്യങ്ങൾ നടക്കില്ല എന്നാണ് ഇവരുടെ ഭാഗത്തു നിന്ന് കിട്ടുന്ന മറുപടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരത്തിൽ പ്രതികിരച്ച രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്താൻ റോബർട്ട് തയ്യാറായില്ല. ലിൻസണിനെ ചിക്കുവിന്റെ മരണശേഷം ബന്ധപ്പെടാൻ രണ്ടു കുടുംബക്കാർക്കും ഇതുവരെ സാധിച്ചില്ല അതിൽ കടുത്ത വിഷമമുണ്ടെന്നും റോബർട്ട് വ്യക്തമാക്കി.

ചിക്കു-ലിൻസൺ വിവാഹത്തിന് രണ്ടു വർഷം മുമ്പെ തന്നെ ഇരു കുടുംബങ്ങൾ തമ്മിൽ ബന്ധം ഉണ്ടായിരുന്നതായി റോബർട്ട് പറയുന്നു. അതുകൊണ്ട് തന്നെ ഇവരുടെ വിവാഹം പ്രണയവിവാഹമാണ് എന്നും ആലോചിച്ചു നടത്തിയതാണെന്നും പറയാം. ഇവരുടെ മനസിലെ ഇഷ്ടം വീട്ടുകാരെ ആറിയച്ചപ്പോൾ സന്തോഷപൂർവം ഇരു വീട്ടുക്കാരും ചേർന്ന് നടത്തി കൊടുക്കുകയായിരുന്നു. ഈ കുടുംബ ബന്ധത്തിന് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ലിൻസൺ തന്റെ മകളുടെ ഭർത്താവ് മാത്രമല്ല തന്റെ മകൻ കൂടിയാണ്. അതിനാൽ അവന്റെ മോചനത്തിനായും നാട്ടിൽ എത്തിക്കാനുമായും ഏതു അറ്റം വരെ പോകുമെന്നും റോബർട്ട് പറഞ്ഞു.

ലിൻസണിന്റെ ഫോൺ പൊലീസിന്റെ കസ്റ്റഡിയിൽ ആയതിനാൽ വിളികണ്ട എന്ന് അവിടെയുള്ള ചിക്കുവിന്റെയും ലിൻസണിന്റെയും കൂട്ടുകാർ പറഞ്ഞതായും റോബർട്ട് പറഞ്ഞു. താമസിച്ച വീട്ടിൽ മതിയായ സംരക്ഷണം ചിക്കുവിന് കൊടുക്കാൻ ലിൻസണിനു സാധിച്ചില്ല എന്നും അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ ചിക്കു രക്ഷപെടുമായിരുന്നു എന്നും ആരോപിച്ചാണ് ഒമാൻ പൊലീസ് ലിൻസണെ കസ്റ്റഡിൽ വച്ചിരിക്കുന്നതെന്നാണ് ലഭിച്ച വിവരമെന്നും റോബർട്ട് മറുനാടനോട് പറഞ്ഞു.

ചിക്കു റോബർട്ടിന്റെ മൃതേദഹം കൊണ്ടു പോകുന്നതിനോടൊപ്പം നാട്ടിലേക്ക് പോകാൻ ലിൻസൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പൊലീസ് അനുമതി ലഭിക്കാത്തതിനാൽ ലിൻസന് പോകാൻ സാധിച്ചിരുന്നില്ല. തെളിവെടുപ്പ് പൂർത്തിയാകാത്തതാണ് ലിൻസന് നാട്ടിൽ പോകുന്നതിന് തടസ്സമായത്. ഈ മാസം ഒന്നിനാണ് ചിക്കുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ചിക്കുവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിവയറ്റിലും കുത്തേറ്റ നിലയിലായിരുന്നു ചിക്കുവിന്റെ മൃതദേഹം കണ്ടെത്തിയത്. അതിനാൽ മോഷണത്തിന് അപ്പുറമുള്ള കൊലപാതകമായി ഇതിനെ ഒമാൻ പൊലീസ് വിലയിരുത്തുന്നു. ഇതാണ് ലിൻസണെ വിട്ടയയ്ക്കാത്തതിന് കാരണം.

ഭാര്യയെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ ചെയ്ത കാര്യങ്ങളാണ് ലിൻസണെ സംശയ നിഴലിൽ ആക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ വിരലടയാളങ്ങൾ കൊലപാതകം നടന്ന മുറിയിൽ പതിഞ്ഞിരുന്നു. ഇതുകൊണ്ട് കൂടിയാണ് ലിൻസണെ ഒമാൻ പൊലീസ് വിട്ടയയ്ക്കാത്തത്. റായൽ ഒമാൻ പൊലീസ് ഇന്ത്യൻ എംബസിയുമായി മാത്രമേ കൂടുതൽ അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുകുന്നുള്ളൂ. അതിൽ ലിൻസണെ കുറ്റവിമുക്തനാക്കാനുള്ള സമയമായിട്ടില്ലെന്നാണ് സൂചന. ഇതേ കേസിൽ കസ്റ്റഡിയിലായിരുന്ന പാക്കിസ്ഥാനിയെ ഒമാൻ പൊലീസ് വിട്ടയച്ചിരുന്നു. എന്നാൽ ലിൻസണിന്റെ കാര്യത്തിൽ മാത്രം കടുംപിടിത്തം തുടരുകയാണ്.

കാര്യങ്ങൾ ഒമാൻ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഒരേ ആശുപത്രിയിലെ ജീവനക്കാരായ ചിക്കുവും ഭർത്താവ് ചങ്ങനാശേരി മാടപ്പിള്ളി വെങ്കോട്ട ആഞ്ഞിലിപ്പറമ്പിൽ ലിൻസനും താമസിക്കുന്ന ഫ്‌ലാറ്റ് ആശുപത്രിയുടെ എതിർവശത്താണ്. മൂന്നു നിലയുള്ള ഫ്‌ലാറ്റിലെ ഒന്നാം നിലയിലാണ് ഇവരുടെ താമസം. രാത്രി 10 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ട ചിക്കു ആശുപത്രിയിൽ എത്താതിരുന്നതിനെത്തുടർന്ന് ആശുപത്രിയിൽനിന്നുഃ ലിൻസൺ ഫ്‌ലാറ്റിൽ അന്വേഷിച്ചു ചെന്നു. സാധാരണ 9.55ന് ആശുപത്രിയിലെത്തി പഞ്ച് ചെയ്യേണ്ടതുണ്ട്. ഫ്‌ലാറ്റിന്റെ വാതിൽ പൂട്ടിയിരിക്കുകയായിരുന്നു. ചിക്കുവിന്റെയും ലിൻസന്റെയും കയ്യിൽ ഓരോ താക്കോൽ വീതം സൂക്ഷിച്ചിട്ടുണ്ട്. ലിൻസൺ താക്കോലിട്ട് വാതിൽ തുറന്നു. ബെഡ്‌റൂമിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. കട്ടിലിൽ പുതപ്പിട്ട് മൂടിയ നിലയിലായിരുന്നു ചിക്കു.

ഉറങ്ങുകയാണെന്നു കരുതി തട്ടിവിളിച്ചെങ്കിലും എഴുന്നേറ്റില്ല. പുതപ്പുമാറ്റി നോക്കിയപ്പോൾ രക്തം കണ്ടു. ഇതോടെ വെപ്രാളത്തിലായി ലിൻസൺ. ഭാര്യയെ രക്ഷിക്കുക എന്നതിനാൽ ആദ്യ പരിഗണന നല്കിയ ലിൻസൻ ഉടൻ തന്നെ ആശുപത്രിയിൽ വിളിച്ച് ആംബുലൻ വിളിച്ചുവരുത്തി. ഗർഭിണി ആയതിനാൽ അത്തരത്തിലുള്ള അപകടസാധ്യതകൾ ഉണ്ടായിരിക്കാമെന്ന കണക്കുകൂട്ടലിൽ ആശുപത്രിയിൽ നിന്നു ജീവൻരക്ഷാ സംവിധാനങ്ങളുമായി ഡോക്ടർമാരും നഴ്‌സുമാരും എത്തി. ഡോക്ടറുടെ പരിശോധനയിൽ പൾസ് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ആംബുലൻസിൽ സലാലയിലെ സുൽത്താൻ കാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചിക്കുവിന്റെ ദേഹത്തുണ്ടായിരുന്ന 12 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. കാതുകൾ അറുത്തെടുത്ത നിലയിലാണ് കാണപ്പെട്ടത്. ദേഹമാസകലം കുത്തേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. കൊലയാളിയുടെ കുത്ത് തടുത്തതുപോലെയുള്ള പാടുകൾ ഇരുകൈകളിലുമുണ്ട്. കിടപ്പുമുറിയുടെ ജനൽ തുറന്നുകിടക്കുകയായിരുന്നു. മുറിക്കുള്ളിൽ കടക്കാവുന്ന വിധത്തിൽ വിസ്താരമുള്ള ജനലുകളാണ്. പരിശോധനയ്‌ക്കെത്തിയ നായ ജനലിന് ഉള്ളിലൂടെ പുറത്തേക്കു ചാടി സമീപത്തെ മതിൽ വരെ ഓടി. ചിക്കു ഉപയോഗിച്ചിരുന്ന താക്കോൽ കിടപ്പുമുറിയിൽ നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം അക്രമി ചിക്കു കിടന്ന മുറിയുടെ വാതിലും വീടും പുറത്തുനിന്നും പൂട്ടിയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഭർത്താവ് ലിൻസൺ വന്നപോൾ അടച്ചു പൂട്ടിയ മുറിയാണ് കണ്ടത്. കഴിഞ്ഞ 20 നാണ് കറുകുറ്റി തെക്കേൽ അയിരൂക്കാരൻ റോബർട്ടിന്റെ മകൾ ചിക്കു (27) നെ താമസസ്ഥലത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് വിവരം. ദിവസങ്ങൾക്ക് മുമ്പ് ഒമാൻ എയർവേയ്‌സ് വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. സംസ്‌കാരവും നടന്നു.