കുഞ്ഞു മക്കളെ താഴത്തും തലയിലും വയ്ക്കാതെ മാറോട് ചേർത്ത് പിടിച്ച് വളർത്തുന്ന അമ്മമാർക്ക് അപമാനം വരുത്തിയിരിക്കുകയാണ് ടെക്‌സാസിലെ കെർ കൗണ്ടിയിലുള്ള 19കാരിയായ അമ്മ അമൻഡ ഹാക്കിൻസ്. തന്റെ ഒന്നും രണ്ടും വയസുള്ള മക്കളെ കൊല്ലാനായി മനഃപൂർവം അവരെ കാറിലടച്ച് പൂട്ടി അകത്താക്കിയ ശേഷം ഈ അമ്മ കാമുകനൊപ്പം കറങ്ങാൻ പോവുകയായിരുന്നു. തുടർന്ന് ശ്വാസം കിട്ടാതെയും ചൂടടിച്ചും നിലവിളിച്ച് ഈ കുരുന്നുകൾ ദയനീയമായി മരണം വരിക്കുകയും ചെയ്തു. ഇവരെ തുടർച്ചയായി ഏതാണ്ട് 15 മണിക്കൂറോളമാണ് അമ്മ കാറിൽ അടച്ചിട്ടിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

ഒരു വയസുള്ള ബ്രൈൻ ഹാക്കിൻസ്, രണ്ടു വയസുള്ള അഡിസൻ ഓവർഗാർഡ്എഡി എന്നീ പെൺ കുഞ്ഞുങ്ങളെയാണ് ഈ വിധത്തിൽ പെറ്റമ്മ ക്രൂരമായ ഹത്യക്ക് വിധേയരാക്കിയത്. രാത്രിയിലൂടനീളം ഇവർ പ്രാണപ്പിടച്ചിലോടെ കരയുന്നതറിഞ്ഞിട്ടും ഈ അമ്മയുടെ മനമിടറിയില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. കുട്ടികൾ അബോധാവസ്ഥയിലും മൃതപ്രായരുമായതിന് ശേഷമാണ് അമൻഡ ഹാക്കിൻസ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നത്. തന്റെ 37 വർഷത്തെ ജീവിതത്തിനിടയിൽ കുട്ടികളെ ഇത്രക്കും പീഡിപ്പിച്ച് കൊന്ന് കേസ് ഇതാദ്യമായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്നാണ് കെർ കൗണ്ടി ഷെറിഫായ ഹിയർഹോൽസർ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു ചൊവ്വാഴ്ച രാത്രി 9 മണിക്ക് കുട്ടികളെ കാറിലടച്ച് തന്റെ 16കാരനായ കാമുകനൊപ്പം കറങ്ങാൻ പോവുകയായിരുന്നു അമൻഡയെന്ന് കെർ കൗണ്ടി പൊലീസ് വകുപ്പ് പുറത്തിറക്കിയ ന്യൂസ് റിലീസ് വെളിപ്പെടുത്തുന്നു. കുട്ടികൾ കരയുന്നുവെന്ന് അമൻഡയുടെ സുഹൃത്തുക്കൾ നിരവധി തവണ അറിയിച്ചിട്ടും കാറിനടുത്തുള്ള വീട്ടിലുള്ള സമയത്ത് പോലും ഈ ക്രൂരയായ അമ്മ അവഗണിക്കുകയായിരുന്നുവെന്നാ്ണ് ഷെറിഫ് വെളിപ്പെടുത്തുന്നത്. അമൻഡയുടെ കാമുകൻ രാത്രിയിൽ കുറച്ച് സമയം കാറിനുള്ളിൽ ഉറങ്ങിയിട്ട് പോലും കുട്ടികളെ പുറത്തെടുത്തില്ലെന്നും ഷെറിഫ് പറയുന്നു.

കുട്ടികളെ ഈ വിധത്തിൽ പീഡിപ്പിച്ച് കൊല്ലുമ്പോൾ അവരുടെ അച്ഛനായ ഐസക്ക് അവിടെയില്ലായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയിലുടനീളം കാറിലടച്ച കുട്ടികളെ അമൻഡ് ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് പുറത്തെടുക്കുന്നത്. അപ്പോഴേക്കും അവർ മരണത്തോടടുത്തിരുന്നു. ആ സമയത്ത് ടെക്‌സാസിലെ ഊഷ്മാവ് 92 ഡിഗ്രിയിലായിരുന്നു. താൻ കുടുങ്ങുമെന്ന ഭയത്താൽ ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും അമൻഡ തുടക്കത്തിൽ സമ്മതിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് ബോയ്ഫ്രണ്ടിന്റെ നിർബന്ധപ്രകാരം അവരെ കെർസിവില്ലെയിലെ പീറ്റേർസൻ റീജിയണൽ മെഡിക്കൽ സെന്ററിലെത്തിക്കുകയായിരുന്നു. തുടർന്ന് അവരുടെ നില ഗുരുതരമായതിനെ തുടർന്ന് സാൻ അന്റോണിയോവിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റിലേക്ക് മാറ്റുകയായിരുന്നു. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഇരു കുട്ടികളും മരിച്ചിരുന്നു. അമൻഡക്ക് കടുത്ത ജയിൽ ശിക്ഷ ലഭിക്കുമെന്നാണ് സൂചന.