ചാനൽ 4 നടത്തിയ ചൈൽഡ് ജീനിയസ് പ്രോഗ്രാമിൽ ഇന്ത്യൻ ബാലനായ രാഹുൽ എന്ന 12 കാരൻ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വിജയകിരീടം ചൂടി ഇന്ത്യക്കാരുടെ അഭിമാനമായിത്തീർന്നിരുന്നുവല്ലോ. എന്നാൽ തന്റെ മകൻ വിജയം നേടുമ്പോൾ അവന്റെ മുഖ്യ എതിരാളിയായി പുറകെ എത്തിയിരുന്ന ഒമ്പത് വയസുകാരൻ റോണന് ഒരു ഉത്തരം പറയുമ്പോൾ തെറ്റ് പറ്റിയതിനെ പരിഹസിച്ചുള്ള രാഹുലിന്റെ അച്ഛൻ മിനേഷ് ദോഷിയുടെ മുഖഭാവങ്ങളും പ്രതികരണങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വിധേയമാകുന്നു.ഒമ്പത് വയസുകാരന് ഒരു ചെറിയ തെറ്റ് പറ്റിയാൽ ഇത്രയധികം പരിഹസിക്കാനുണ്ടോ എന്നാണ് ദോഷിയെ വിമർശിച്ച് കൊണ്ട് നിരവധി പേർ ചോദിക്കുന്നത്.

ശനിയാഴ്ച രാത്രി മത്സരത്തിന്റെ ഫൈനൽ നടന്ന് കൊണ്ടിരിക്കുന്ന വേളയിലായിരുന്നു ദോഷി റോണനെ പരിഹസിക്കുന്ന പ്രകടനങ്ങളുമായി ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഫൈനൽ ഷോ പവലിയനിൽ ഇരുന്ന് കാണുമ്പോഴായിരുന്നു ദോഷിയുടെ പരിഹാസം. റോണൻ ഗണിതശാസ്ത്ര സംബന്ധമായ ഒരു ഉത്തരം പറഞ്ഞപ്പോൾ ഒരു സംഖ്യ തെറ്റിച്ചതിനെ തുടർന്നായിരുന്നു ദോഷിയുടെ പരിഹാസം നിറഞ്ഞ പ്രതികരണം ഉണ്ടായത്. വേണമെങ്കിൽ താൻ ആ കുട്ടിക്ക് ശരിയായ ഉത്തരം പറഞ്ഞ് കൊടുക്കാമെന്നായിരുന്നു ദോഷി പ്രതികരിച്ചത്. 162 ഐക്യു ഉള്ള രാഹുൽ ഈ മത്സരത്തിൽ വിജയിക്കുകയായിരുന്നു.

ഐക്യുവിന്റെ കാര്യത്തിൽ ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് എന്നിവരേക്കാൾ താൻ മുന്നിലാണെന്ന് രാഹുൽ തെളിയിക്കുകയും ചെയ്തിരുന്നു. മാത് സ്, സ്‌പെല്ലിങ്, ജനറൽ നോളജ് ചോദ്യങ്ങൾ എന്നിവയ്ക്ക് വിജയകരമായി ഉത്തരം നൽകിയായിരുന്നു രാഹുൽ വിജയിച്ചത്. ഫൈനൽ റൗണ്ടിൽ റോണനെ തോൽപിച്ചാണ് രാഹുൽ മുന്നേറിയത്. ഇവർ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ദോഷിയുടെ പരിഹാസം നിറഞ്ഞ സമീപനമുണ്ടായത്. ബസർ എത്തരത്തിലാണ് എത്രയും വേഗം അമർത്തേണ്ടതെന്നും അത് വഴി വിജയസാധ്യത എങ്ങനെ വർധിപ്പിക്കാമെന്നും ലഞ്ച് വേളയിൽ ദോഷി രാഹുലിനെ പഠിപ്പിക്കുന്നത് കാണാമായിരുന്നു.

തന്റെ മകൻ ഒരു ചോദ്യത്തിന് തെറ്റായി ഉത്തരമേകിയപ്പോൾ ദോഷി നിരാശപ്പെടുന്നുണ്ടെങ്കിലും റോണൻ ഒരു ഉത്തരം തെറ്റിച്ചപ്പോൾ ഇതേ മനുഷ്യൻ പരിഹസിച്ചതിനെതിരെയാണ് കടുത്ത വിമർശനം ഉയരുന്നത്. റോണൻ തെറ്റായി ഉത്തരമേകിയപ്പോൾ ദോഷി പരിസഹിച്ചത് എന്തിനാണെന്ന് നിരവധി സോഷ്യൽ മീഡിയ യൂസർമാർ ധാർമിക രോഷത്തോടെ ചോദിക്കുന്നുണ്ട്. അവന് വെറും ഒമ്പത് വയസുമാത്രമേയുള്ളുവെന്ന് അദ്ദേഹം ഓർക്കണമായിരുന്നുവെന്നും അവർ അഭിപ്രായപ്പെടുന്നു. നോർത്ത്‌ലണ്ടനിലെ ബെർണറ്റിലെ ക്യൂൻസ് എലിസബത്ത് സ്‌കൂളിലാണ് രാഹുൽ പഠിക്കുന്നത്. ഷോയുടെ ഫൈനലിന് മുമ്പ് അഞ്ച് ദിവസത്തിൽ മൂന്ന് ദിവസത്തിലും രാഹുലിന് ഏറ്റവും ഉയർന്ന സ്‌കോർ നേടാനായിരുന്നു.