രു പക്ഷേ ലോകത്തിലെ ഏറ്റവും ക്രൂരയായ അമ്മ റഷ്യയിലെ ഈ 17കാരിയായ വിക്ടോറിയ കുസ്നെറ്റ്സോവയായിരിക്കാം. ഒമ്പത് മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ വീട്ടിൽ ഒറ്റയ്ക്കിട്ട് പട്ടിണിക്കിട്ട് കൊല്ലാൻ മാത്രം ക്രൂരത കാട്ടിയ അമ്മയാണിത്. തന്റെ ഭർത്താവ് പട്ടാളത്തിൽ ജോലിക്ക് പോയ തക്കത്തിന് ഈ പെൺകുട്ടി കുഞ്ഞിനെ ഒറ്റയ്ക്കിട്ട് തന്റെ കൗമാരക്കാരായ ചങ്ങാതിമാർക്കൊപ്പം പാർട്ടി നടത്തി കറങ്ങി നടക്കുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. തൽഫലമായി ആരും തിരിഞ്ഞ് നോക്കാനില്ലാതെ ഇഗോർ എന്ന പിഞ്ച് കുഞ്ഞ് വീട്ടിൽ ഒറ്റയ്ക്ക് കിടന്ന് വിശന്ന് മരിക്കുകയായിരുന്നു.

പടിഞ്ഞാറൻ റഷ്യയിലെ റോസ്റ്റോവിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയിരിക്കുന്നത്. ഭർത്താവ് ജോലിക്ക് പോയ തക്കം നോക്കി വിക്ടോറിയ തന്റെ കോളജ് ഫ്രന്റ്സിനൊപ്പം സ്റ്റുഡന്റ് ഡോർമിറ്ററിയിലേക്ക് താമസം മാറ്റുകയും അടിച്ച് പൊളിച്ച് ജീവിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് കുഞ്ഞ് പട്ടിണി കിടന്ന് ഇഞ്ചിഞ്ചായി മരിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ നോക്കാൻ വീട്ടിൽ ഒരു ആന്റിയെ ഏർപ്പാടാക്കിയിട്ടുണ്ടെന്നായിരുന്നു സ്റ്റുഡന്റ് ഡോർമിറ്ററിയിലെ ജീവനക്കാരോട് വിക്ടോറിയ പറഞ്ഞിരുന്നത്. തുടർന്ന് സംശയം തോന്നിയ അയൽക്കാർ നടത്തിയ പരിശോധനയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു.

തുടർന്ന് വിക്ടോറിയ അറസ്റ്റിലാവുകയും താൻ വേണ്ട വിധത്തിൽ കുഞ്ഞിനെ ശ്രദ്ധിച്ചില്ലെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. തനിക്കീ കുട്ടിയെ നോക്കാനിഷ്ടമില്ലായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്. അതിനാൽ കുട്ടിക്ക് ഒരു മാസം പ്രായമായപ്പോൾ ഈ അമ്മ കുട്ടിയെ ഓർഫനേജിന് കൈമാറിയിരുന്നു. തുടർന്ന് കുട്ടിക്ക് ഏഴ് മാസം പ്രായമായപ്പോൾ ഓർഫനേജുകാർ കുട്ടിയെ തിരിച്ച് കൊടുക്കുകയായിരുന്നു. വിക്ടോറിയയെ പത്ത് വർഷത്തേക്ക് തടവിലിടാനാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. വിവരം അറിഞ്ഞ പട്ടാളക്കാരനായ ഭർത്താവ് വിവാഹമോചനത്തിനായുള്ള തിരക്കിട്ട ശ്രമത്തിലുമാണ്.